Breaking NewsINSIGHTNEWSTop News

ചിക്കാ​ഗോ തെരുവീഥികളിൽ ചോര ചീന്തിയ തൊഴിലാളികളുടെ സ്മരണയിൽ ലോകം; സാർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത് രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ; ഇന്ത്യയിൽ തുടക്കമിട്ടത് എഐടിയുസി; ജയിലിനുള്ളിൽ പോലും രക്തപതാക ഉയർത്തിയ വർ​ഗവിചാരം; മെയ് ദിനത്തിന്റെ ചരിത്രം ഇങ്ങനെ..

തിരുവനന്തപുരം: ഇന്ന് ലോകമെമ്പാടുമുള്ള തൊഴിലാളി സംഘടനകളും വിവിധ ഭരണകൂടങ്ങളും സാർവദേശീയ തൊഴിലാളി ദിനം ആചരിക്കുകയാണ്. ചിക്കാ​ഗോയിൽ 1886 മെയ് 1 ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ പണിമുടക്ക് സമരത്തിന്റെയും അതേ തുടർന്നുണ്ടായ രക്തസാക്ഷിത്വങ്ങളുടെയും ഓർമ്മയിലാണ് മെയ് ദിനം ആചരിക്കുന്നത്. എട്ട് മണിക്കൂർ തൊഴിൽ, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദത്തിനും പഠനത്തിനും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രക്ഷോഭം. വടക്കേ അമേരിക്കയിലെ വിവിധ തൊഴിലാളി സംഘടനകൾ ചേർന്ന സെൻട്രൽ ലേബർ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം.

പ്രക്ഷോഭത്തിന്റെ ഭാ​ഗമായി മൂന്നര ലക്ഷം തൊഴിലാളികൾ ചിക്കാഗോ നഗരത്തിൽ എത്തിച്ചുവെന്നാണ് കണക്ക്. എട്ടു മണിക്കൂർ തൊഴിൽ എന്ന മുദ്രാവാക്യവുമായി നടന്ന സമരം ലോകവ്യാപകമായി തൊഴിലാളി പ്രസ്ഥാനങ്ങളെ അവേശഭരിതരാക്കി. പലതൊഴിലാളി യൂണിയനുകളും ഈ പണിമുടക്കിൽ പ്രചോദിതരായി ലോകത്തിന്റെ നാനാമേഖലകളിൽ സമരങ്ങൾ ആരംഭിച്ചു.

1886ൽ നടന്ന പൊതു പണിമുടക്ക് തൊഴിലാളി വർഗത്തിന് എതിരായ മുതലാളി ചൂഷകവർഗത്തിന്റെ നിഷ്ഠൂരമായ പ്രതികാര നടപടികൾക്ക് വഴിവച്ചു. സമരത്തിനോട് അനുബന്ധിച്ച് മെയ് മൂന്നിന് നടന്ന വെടിവയ്പിൽ 6 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ ഒത്തുചേർന്ന തൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തു. ക്രൂരമർദനം അഴിച്ചുവിട്ടു. നിരവധി തൊഴിലാളികളുടെ പേരിൽ പൊലീസ് കള്ളക്കേസ് കെട്ടിച്ചമച്ച് തുറങ്കലിൽ അടച്ചു. ഇവരിൽ ജോർജ്ജ് എംഗൽ, അഡോൾഫ് ഫിഷർ, ആൽബർട്ട് പാർസൺസ്, അഗസ്റ്റ് സ്‌പൈസ് എന്നിവരെ തൂക്കിലേറ്റി.

സാമുവൽ ഫീൽഡെൻ, ഓസ്‌ക്കാർ നീബി, മൈക്കൽ ഷ്വാബ്, ലൂയി ലിൻഗ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലൂയി ലിൻഗ് ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു എന്ന് പിന്നീട് പൊലീസ് പ്രചരിപ്പിച്ചു. ലോകത്തെമ്പാടും തൊഴിലാളികൾ സംഘടിക്കാനും കരുത്തുറ്റ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നതിനും കഴിഞ്ഞു എന്നത് ചരിത്രത്തിന്റെ ആവേശകരമായ അനുഭവങ്ങൾ. യൂറോപ്പിലും, അമേരിക്കയിലും ഉള്ള തൊഴിലാളി വർഗം ചുവന്ന കൊടിക്കീഴിൽ ഒരൊറ്റ ശക്തിയായി എട്ട് മണിക്കൂർ ജോലി സമയം എന്ന അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപടയാളികളായി. ഐതിഹാസികമായ ഈ സംഭവത്തിന്റെ ഓർമയ്ക്കായാണ് മെയ് ഒന്ന് മെയ്ദിനം അഥവാ ലോക തൊഴിലാളിദിനമായി ആചരിക്കുന്നത്. 1893ൽ ഹേ മാർക്കറ്റ് കൂട്ടക്കൊലയെ അനുസ്മരിച്ചുകൊണ്ടുള്ള സ്മാരകം നിർമിക്കപ്പെട്ടു.

പശ്ചാത്തലം

പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഉയർന്നുവന്ന മുതലാളി കുത്തക വർഗ്ഗം തൊഴിലാളികളെ ചൂഷണോപാധിയായാണ് ഉപയോഗിച്ചത്. പുരുഷ തൊഴിലാളികൾ മാത്രമല്ല സ്ത്രീകളും കുട്ടികളുംപോലും 1216 മണിക്കൂർ പണിയെടുക്കണം. കൂലിയാണെങ്കിൽ തുച്ചവും.

ഈ സാമൂഹ്യ പരിസരത്താണ് എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ പഠനവും വിനോദവും എന്ന മുദ്രാവാക്യം ഉയർന്നുവരുന്നത്. ഇതോടൊപ്പംതന്നെ തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയർന്നുവന്നു. ഇതോടെയാണ് അമേരിക്കയിലെ സെൻട്രൽ ലേബർ യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.

ഇന്ത്യയിലും ആവേശമായി മെയ്ദിനം

1889 ജൂലൈ 14ന് പാരീസിൽ ചേർന്ന രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലാണ് മെയ്ദിനം സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1890 മുതലാണ് മെയ് ദിനം ആചരിച്ച് തുടങ്ങിയത്. 1923 മുതൽക്കേ മെയ്ദിനം ഇന്ത്യയിൽ ആചരിക്കുന്നുണ്ടായിരുന്നുവെങ്കിലും 1927ൽ ഡൽഹിയിൽ ചേർന്ന എഐടിയുസി സമ്മേളനമാണ് എല്ലാ പ്രവിശ്യകളിലെ കമ്മിറ്റികളോടും മെയ്ദിനം ആചരിക്കാൻ ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.

1923 മെയ് 1 ന് മദ്രാസിലെ മറീന ബീച്ചിൽ ചേർന്ന സമ്മേളനത്തിലാണ് ഇന്ത്യയിലാദ്യമായി മെയ്ദിനം ആചരിക്കുന്നത്. ആ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാപുരം ശിങ്കാരവേലു ചെട്ടിയാർ മെയ്ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഒരു പ്രമേയത്തിലൂടെ ഉന്നയിക്കുകയും ചെയ്തു. 1950ൽ താനെ ജയിലിനുള്ളിൽ നടന്ന മെയ്ദിനാചരണം പ്രത്യേക പരാമർശമർഹിക്കുന്നു. അന്ന് ജയിലിനുള്ളിൽ രക്തപതാക ഉയർത്തി തടവുകാർ നടത്തിയ മെയ്ദിനാചരണം ലാത്തി ചാർജിലാണ് കലാശിച്ചത്. 14 തടവുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

തൃശൂരിലാണ് കേരളത്തിൽ ആദ്യമായി മെയ് ദിനാചരണം നടന്നതെന്നാണ് ചരിത്രം. ‘ലേബേഴ്‌സ് ബ്രദർഹുഡ്’ എന്ന തൊഴിലാളി പ്രസ്ഥാനം കെ കെ വാര്യർ, എം എ കാക്കു, കെ പി പോൾ, കടവിൽ വറീത്, കൊമ്പൻ പോൾ, ഒ കെ ജോർജ്, കാട്ടൂക്കാരൻ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് ആദ്യ മെയ്ദിന റാലി സംഘടിപ്പിച്ചത്. 1936 ലെ മെയ്ദിനത്തിലായിരുന്നു ഇത്. ലോക തൊഴിലാളി ഫെഡറേഷനും, എഐടിയുസി, സിഐടിയു, യുടിയുസി ഉൾപ്പെടെ തൊഴിലാളി സംഘടനകൾ മെയ്ദിനം വർഷങ്ങളായി സമുചിതമായി ആചരിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close