
WEB EXCLUSIVE by അരുണ്‍ ലക്ഷ്മണ്
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ കൂടുതല്‍ തട്ടിപ്പുകേസിലും ബന്ധപ്പെട്ടിട്ടുണ്ടെന്നതിന് തെളിവ്. രാജ്യത്തെ പ്രമുഖ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന നീരവ് മോദി കേസിലും ഇദ്ദേഹം ഉള്‍പ്പെട്ടതായി സൂചന.
വേണുഗോപാല്‍ പങ്കാളിയായ സുരി ആന്‍ഡ് കോ ചാര്‍ട്ടേഡ് കമ്പനിയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഡിറ്റിങ് നടത്തിയിരുന്നത്. ഈ സമയത്താണ് ബാങ്കിനെ കബളിപ്പിച്ച് കോടികളുമായി വിവാദ വ്യവസായി നീരവ് മോദി രാജ്യം വിട്ടതും. ഈ കേസില്‍ സിബിഐ, എന്‍എഫ്ആര്‍എ എന്നിവര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലും ഇദ്ദേഹം ചോദ്യം ചെയ്യലിന് വിധേയമാകുന്നത്.
11,400 കോടി രൂപയാണ് നീരവ് മോദി തട്ടിയെടുത്തത്. ഓഡിറ്റിങ് കമ്പനിയുടെ അറിവോടെ മാത്രമേ ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടക്കൂവെന്നാണ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നീരവ് മോദി കേസില്‍ വേണുഗോപാലിനെ ചോദ്യം ചെയ്തതും. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ച് അദ്ദേഹത്തിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ സ്വര്‍ണക്കടത്തു പ്രതി സ്വപ്നയ്ക്കു വേണ്ടി സംയുക്തമായി ബാങ്ക് ലോക്കര്‍ എടുത്തിരുന്നു. ലോക്കര്‍ എടുത്തതുമായി ബന്ധപ്പെട്ട് വേണുഗോപാലിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.ഈ ലോക്കറില്‍ നിന്നാണ് അഞ്ചുകിലോയിലധികം സ്വര്‍ണം ഇഡി പിടിച്ചെടുത്തത്.