Breaking NewsKERALATop NewsTrending

MEDIA MANGALAM EXCLUSIVE| ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്ത്: ഗണ്‍മാന്‍ ജയഘോഷിന്റെ കൂടുതല്‍ പങ്ക് അന്വേഷിക്കുന്നു, സംശയമുനയില്‍ നാഗരാജന്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്ത് കേസില്‍, യുഎഇ കോണ്‍സുലേറ്റില്‍ അറ്റാഷെയുടെ ഗണ്‍മാനായിരുന്ന സിവില്‍ പൊലീസുദ്യോഗസ്ഥന്‍ എ.ആര്‍.ജയഘോഷിന്റെ പങ്കിനെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലും പ്രവര്‍ത്തിച്ചിരുന്ന ജയഘോഷിന്റെ ചരിത്രം ചികഞ്ഞ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കേസിലെ മുഖ്യപ്രതികള്‍ പിടിയിലാവുകയും അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തതോടെ ജയഘോഷ് ആത്മഹത്യാനാടകത്തിന് മുതിര്‍ന്നത് അന്വേഷണം തന്നിലേക്കെത്തുമെന്നും, താന്‍ വഴിയാണ് കള്ളക്കടത്തു വിവരം ചോര്‍ന്നതെന്ന് കേസിനു പിന്നിലെ വമ്പന്‍ സ്രാവുകള്‍ തിരിച്ചറിയുമോ എന്നുമുള്ള ആശങ്ക കൊണ്ടാണെന്നാണ് കസ്റ്റംസിലെയും സംസ്ഥാന പൊലീസിലെയും തന്നെ പലരും മനസിലാക്കിയിരിക്കുന്നത്. അതേസമയം, കേസില്‍ ജയഘോഷിനേക്കാള്‍ ബന്ധമുണ്ടെന്ന് അന്വേഷകര്‍ വിശ്വസിക്കുന്ന വിമാനത്താവളത്തിലെ ലെയ്‌സണ്‍ ഓഫീസറായ നാഗരാജിന്റെ പങ്കും ആഴത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് ബൈപ്പാസില്‍ ഒരുന്നതന്റെ ആഡംബര ഫ്‌ളാറ്റിലായിരുന്നു നാഗരാജ് താമസിച്ചിരുന്നത്.
സംസ്ഥാന പൊലീസില്‍ 2005 ബാച്ചില്‍ പെട്ട ഉദ്യോഗസ്ഥനാണ് വിവാദത്തിലായ എ.ആര്‍.ജയഘോഷ്. ആരോഗ്യപരമായ കാരണങ്ങളാല്‍ പരിശീലനക്കാലയളവില്‍ ഇടവേളയുണ്ടായതുകൊണ്ട് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കുന്നത് 2006 ല്‍ മാത്രമാണ്. 2011ലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലേക്ക് ഡപ്യൂട്ടേഷന്‍ വഴി നിയോഗിക്കപ്പെടുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഘോഷിന്റെ നിയമനത്തിനു പിന്നിലും വന്‍കിട ശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭരണപക്ഷം ആരോപിക്കുന്നതുപോലെ 2017ല്‍ ടി.പി.സെന്‍കുമാര്‍ ഡിജിപി ആയപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട നിയമനമായിരുന്നില്ല അത്. മറിച്ച് നേരത്തേ തന്നെ നീക്കപ്പെട്ട ഫയലില്‍, അദ്ദേഹം ഡിജിപി ആയശേഷം ഒപ്പുവയ്ക്കുകമാത്രമാണുണ്ടായത്. മറിച്ച് സെന്‍കുമാറിനെപ്പോലൊരാളുടെ നോമിനിയായിരുന്നെങ്കില്‍ അപ്പോഴേക്കും വിമാനത്താവളത്തിലും മറ്റും വേണ്ടത്ര സ്വാധീനം നേടിക്കഴിഞ്ഞിരുന്ന സ്വപ്‌നയും സംഘവും ഘോഷിനെ വച്ചു വാഴിക്കുകയുമുണ്ടായിരുന്നില്ല. സെന്‍കുമാറിന്‍റെ നോമിനി അല്ലാത്തതുകൊണ്ടാണ് രണ്ടു തവണ കൂടി ഡിജിപി ലോക് നാഥ് ബെഹ്റ ഇദ്ദേഹത്തിന്‍റെ നിയമനം ദീര്‍ഘിപ്പിച്ചത്. ജയഘോഷ് വിമാനത്താവളത്തിലെത്തുമ്പോള്‍, സ്വപ്‌ന സന്തോഷ് എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്റ്റാഫായിരുന്നു. അന്ന് വിമാനത്താവളത്തിലെ ലെയ്‌സണ്‍ ഓഫീസറായിരുന്ന നാഗരാജുമായിട്ടായിരുന്നു അവരുടെ ബന്ധം. നാഗരാജ് വഴിയാണ് സ്വപ്‌ന ജയഘോഷിനെ പരിചയപ്പെടുന്നത്. പിന്നീട് സരിത്തുമായും ആ ബന്ധം നീണ്ടു. സാധാരണ സിവില്‍ പൊലീസുകാരനായി തുടങ്ങിയ ജയഘോഷിന്റെ ഔദ്യോഗിക ജീവിതം വിമാനത്താവളത്തിലേക്കും കോണ്‍സുലേറ്റിലേക്കും മാറിയതോടെ അദ്ദേഹത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ച കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു.തന്റെ ബാച്ച് മേറ്റുകളായിരുന്ന പൊലീസുകാരുമായിപ്പോലും കാര്യമായ ബന്ധം വച്ചുപുലര്‍ത്തിയിരുന്നില്ല അദ്ദേഹം. ഇക്കാര്യം ഉന്നതോദ്യോഗസ്ഥതലത്തില്‍ പോലും ശ്രദ്ധിച്ചിരുന്നതുമാണ്. സ്വര്‍ണക്കടത്തിന്റെ ആസൂത്രണ-നിര്‍വഹണതലങ്ങളില്‍ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെങ്കിലും കോണ്‍സുലേറ്റിലേക്കും വിമാനത്താവളത്തിലുള്ള കാലത്ത് ചില വിഐപികളില്‍ നിന്നും ബാഗേജുകള്‍ അകത്തേക്കും പുറത്തേക്കും കൊണ്ടുപോയതില്‍ ഘോഷിനു പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫീസോളം വളര്‍ന്ന ഉന്നതതലങ്ങളില്‍ ശക്തിയും സ്വാധീനവും വളര്‍ന്നതോടെ സ്വപ്‌ന-സരിത്ത്-സന്ദീപ് അച്ചുതണ്ട് ജയഘോഷിനെ ഒഴിവാക്കുക്കയായിരുന്നത്രേ. ഇതില്‍ ജയഘോഷിന് സ്വാഭാവികമായി അവരോട് ഈര്‍ഷയുണ്ടായിരിക്കാം. സ്വര്‍ണക്കടത്തിനെ പറ്റി രഹസ്യവിവരം കിട്ടിയത് ദുബായിയിലെ ചില സ്രോതസുകളില്‍ നിന്നാണെന്നാണ് കസ്റ്റംസിന്റെ നിലപാടെങ്കിലും തന്റെ ചില മദ്യപാനസദസിലോ മറ്റോ വഴിയാണോ അതു ചോര്‍ന്നതെന്ന് ജയഘോഷിന് ആശങ്കയുണ്ട്. ഇക്കാര്യം നാഗരാജ് തന്നെ അയാളോട് സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ഘോഷ് വഴിയാണ് വിവരം ചോര്‍ന്നതെങ്കില്‍ ഘോഷിന് വൈകാതെ പണികിട്ടുമെന്നു നാഗരാജ് സൂചിപ്പിച്ചിട്ടുണ്ടത്രേ. ഇതേത്തുടര്‍ന്നാണ് ഘോഷ് കടുത്ത മാനസികസംഘര്‍ഷത്തിലാവുന്നതും ഒളിവില്‍ പോകുന്നതും. കാണാതാവുന്നതിനു തൊട്ടുമുമ്പും അവസാനമായി അയാളുടെ മൊബൈല്‍ ഫോണിലേക്കു വന്ന കോള്‍ നാഗരാജിന്റേതായിരുന്നുവെന്നത് ഇതിനോടകം തെളിയിക്കപ്പെട്ട വസ്തുതയാണ്. തുടര്‍ന്നാണ് ജയഘോഷിന്റെ ആത്മഹത്യാനാടകം അരങ്ങേറുന്നത്. തനിക്കു നേരേ ചില അജ്ഞാത സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും ബൈക്കില്‍ ചിലര്‍ വന്നു ഭീഷണിപ്പെടുത്തിയെന്നുമുള്ള ഘോഷിന്റെ പരാതി സംശയമുന തിരിച്ചുവിടാനുള്ള, പൊലീസ് ബുദ്ധിയില്‍ വിരഞ്ഞ കെട്ടുകഥയായേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പോലും കണക്കാക്കുന്നുള്ളൂ.
ഏതായാലും, സ്വപ്‌ന സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ നിലയ്ക്ക് പുരോഗമിച്ചാല്‍ വമ്പന്‍ സ്രാവുകളിലേക്കായിരിക്കുമെന്നുതന്നെയാണ് സംസ്ഥാന പൊലീസിലെ നല്ലൊരുവിഭാഗം വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഫൈസല്‍ ഫരീദ് വരെയുള്ളവരില്‍ ചെന്നവസാനിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അപ്രതീക്ഷിതമായി കസ്റ്റംസിന്റെ അന്വേഷണസംഘത്തെ ഉടച്ചുവാര്‍ത്തുകൊണ്ട് ഇന്നലെ ഉത്തരവിറങ്ങിയത് ഈ സമ്മര്‍ദ്ദങ്ങളുടെ ഫലമായി കാണുന്നവരുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് അറിയാതെ പുറത്തിറക്കിയ ഉത്തരവ് പിന്നീട് അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടിനെത്തുടര്‍ന്ന് കസ്റ്റംസ് മരവിപ്പിക്കുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close