KERALATop News

MEDIA MANGALAM FOLLOW UP: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മിന്നല്‍ പിരിച്ചുവിടല്‍: സര്‍ക്കാര്‍ പ്രതിസന്ധിയില്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പിരിച്ചുവിട്ടതിനെ കുറിച്ചുയര്‍ന്ന പരാതികള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. പത്തുവര്‍ഷത്തോളമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സേവനം തൃപ്തികരമാണെന്നും അവരുടെ സേവനം സ്ഥാപനത്തിന് അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തി ഇവരുടെ കരാര്‍ കാലാവധി നീട്ടാന്‍ 2019 ഡിസംബര്‍ നാലിനു ചര്‍ന്ന ഭരണസമിതി കൈക്കൊണ്ട തീരുമാനം മറികടന്നു നടത്തിയ മിന്നല്‍ പിരിച്ചുവിടലും അതിനുശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ പുനര്‍നിയമനാനുമതിയും പ്രശ്നം സങ്കീര്‍ണനിയമക്കുരുക്കിലാക്കിയത് കഴിഞ്ഞദിവസം മീഡിയമംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പത്തുവര്‍ഷമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നും അതേ ദിവസം തന്നെ ഭരണസമിതി തീരുമാനമെടുത്തിരുന്നു. കരാര്‍ നിയമനം നീട്ടാനുള്ള ശുപാര്‍ശയ്ക്കൊപ്പം 2019 ഡിസംബര്‍ 17ന് ഡയറക്ടര്‍ തന്നെ ഭരണസമിതി തീരുമാനമനുസരിച്ച് സര്‍ക്കാരിലേക്കയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ്, അപ്രതീക്ഷിതമായി ജനുവരി 17ന് ഈ ജീവനക്കാരോട് പിറ്റേന്നു മുതല്‍ ഹാജരാകേണ്ട എന്നു സ്ഥാപനമേധാവി നിര്‍ദ്ദേശിക്കുന്നത്. അന്നു തന്നെ ഈ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ ആവശ്യമുണ്ടെന്ന പത്രവാര്‍ത്തയും നല്‍കി.

തിടുക്കത്തില്‍ ഒഴിവ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പത്രവാര്‍ത്ത.

നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും കാലാവധി പൂര്‍ത്തിയാകാത്തവര്‍ക്ക് കാലാവധി നീട്ടണമെന്നുമുള്ള ഭരണസമിതി തീരൂമാനത്തിനു വിരുദ്ധമായി പിരിച്ചുവിട്ടതിന് ഭരണസമിതിയുടെ അനുമതിയുണ്ടായിട്ടില്ലെന്നു മാത്രമല്ല, പിരിച്ചുവിടുന്നതിന് മതിയായ കാരണം ബോധിപ്പിച്ചിട്ടുമില്ല. ഭരണസമിതിയോ സര്‍ക്കാരോ മന്ത്രിയോ അറിയാതെ, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സ്വതാല്‍പര്യമുള്ളവരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ വേണ്ടിയാണീ നീക്കമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
മന്ത്രിയോ സെക്രട്ടറിയോ അറിയാതെയായിരുന്നു പിരിച്ചുവിടല്‍ എന്നും ്അതേ തസ്തികയിലേക്കുള്ള പത്രവാര്‍ത്തയുമെന്നു വ്യക്തമാക്കുന്നതാണ്, നിലവിലുള്ള കരാര്‍ ജീവനക്കാരുടെ കരാര്‍ പുതുക്കക്കൊണ്ട് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ്. നേരത്തേ ഡയറക്ടര്‍ സമര്‍പ്പിച്ച ഭരണസമിതി തീരൂമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ നടപ്പിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍ തയാറായിട്ടില്ല. ഒഴിവു സംബന്ധിച്ച പത്രവാര്‍ത്ത വന്ന് പിരിച്ചുവിടലും നിയമനനീക്കവും സംബന്ധിച്ചു പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭരണസമിതി കൂടിച്ചേര്‍ന്ന ശേഷമേ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവൂ എന്ന സാങ്കേതികത്വമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ നിലപാട്. നിലവിലുള്ളവരുടെ കാലാവധി നീട്ടിക്കൊണ്ട് ഉത്തരവായസ്ഥിതിക്ക് പുതിയ നിയമനവും സാധ്യമല്ല.ഈ അവസ്ഥയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ ബാധിക്കുന്ന അവസ്ഥയാണ്.
കോവിഡ് പ്രതിസന്ധിക്കിടെ ഒരു ജീവനക്കാരുടെയും തൊഴില്‍ നഷ്ടപെടുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളിലെന്ന തീരുമാനം നിലനില്‍ക്കുന്നതിടെയാണ് സര്‍ക്കാരുത്തരവുമായി ഈ വറുതിക്കാലത്തും ഈ മുന്‍കരാര്‍ ജീവനക്കാര്‍ സ്ഥാപനത്തിന്റെ ദയവിനായി കാത്തുനില്‍ക്കുന്നത് .

[dflip id=”6614″][/dflip]

Tags
Show More

Related Articles

Back to top button
Close