
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം : ഡിപ്ളോമാറ്റിക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പാര്‍ട്ടിക്കാരായ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളെ മാറ്റി പകരം പാര്‍ട്ടിക്ക് ഏറെ അഭിമതനും പൊതുസ്വീകാര്യനുമായ യുവനേതാവിനെ നിയമിക്കാന്‍ നീക്കം. മാധ്യമങ്ങളില്‍ പക്വതയോടെ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന മാധ്യമസമ്മതനായ നേതാവാണിദ്ദേഹം.
ഇതുസംബന്ധിച്ച സിപിഎം തീരുമാനം ഉടന്‍ ഉണ്ടായേക്കും എന്നാണറിയുന്നത്. പാര്‍ട്ടിയുടെ കഴിഞ്ഞദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വരികയും നേതാവിന്റെ പേര് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു. 28ന് എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെ സംയുക്ത യോഗം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. മിക്കവാറും അന്നോ ആ യോഗത്തിനുശേഷമോ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണറിവ്.
ഇതേപ്പറ്റി കഴിഞ്ഞ രണ്ടു ദിവസമായി മീഡിയ മംഗളം തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം പാര്‍ട്ടിക്ക് നഷ്ടമായ സ്വാധീനം ഊട്ടിയുറപ്പിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമെന്നു കരുതുന്നു. അതിന്റെ മുന്നോടിയായാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള നീക്കം.
കഴിഞ്ഞദിവസം നടത്തിയ മാധ്യമപ്രതികരണങ്ങളില്ലൊം മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തുവെങ്കില്ക്കൂടി, ജയരാജന് മുഖ്യമന്ത്രിയുടെ ഓഫീസ് വിട്ടശേഷം, മറ്റു മന്ത്രിമാര്‍ക്കുപോലും മുഖ്യമന്ത്രിയുടെ ഓഫീസ് ബാലികേറാമലയായതില് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ട്. ചികിത്സാര്‍ത്ഥം രാജ്യം വിട്ടു നില്‍ക്കേണ്ടിവന്നതോടെ, പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം കുറഞ്ഞു. മന്തിസഭാംഗങ്ങള്ക്കു മുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, സ്വര്‍ണക്കടത്തുകേസില്‍ സംഭവിച്ച പിഴവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ ഓഫീസുക
ളെ നിലയ്ക്കുനിര്‍ത്താനുള്ള അണിയറനീക്കം സജീവമാക്കുന്നത്.