Breaking NewsKERALANEWSTop NewsTrending

Media Mangalam Impact| മീഡിയമംഗളം വെളിപ്പെടുത്തല്‍ ശരിവച്ച് വിമാനത്താവള പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം:പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി നീരവ് മോദിക്ക് ഒത്താശ ചെയ്തത്തിന്റെ പേരില്‍ സിബിഐ റെയ്ഡും അന്വേഷണവും നേരിടുന്ന സ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനം. 2018 ല്‍ 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ തട്ടിപ്പ് കേസ് അന്വേഷിച്ച സിബിഐ സംഘം ബാങ്ക് രേഖകള്‍ അടങ്ങിയ അറുപതോളം പെട്ടികളാണ് അമര്‍ചന്ദ് മംഗള്‍ദാസിന്റെ ഓഫീസില്‍ നിന്നു റെയ്ഡ് ചെയ്തെടുത്തത്. ഇങ്ങനെയുള്ള കമ്പനിക്കാണ് തിരുവനന്തപുരം വിമാനത്താവള താല്‍പര്യപത്രസമര്‍പ്പണകാര്യത്തില്‍ നിയമസഹായത്തിനായി ഒരു ടെന്‍ഡറും ഇല്ലാതെ ചോദിച്ച 55 ലക്ഷം രൂപ ഫീസിനത്തില്‍ സര്‍ക്കാര്‍ കൊടുത്തതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വളരെ വ്യക്തമായ വൈരുദ്ധ്യമുണ്ടിവിടെയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അമര്‍ചന്ദ് മംഗള്‍ദാസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഞ്ചാബ് നാഷനല്‍ ബാങ്കിലെ ഓഡിറ്റര്‍ കൂടിയായ പി.വേണുഗോപാലിനടക്കമുള്ള ബന്ധത്തെപ്പറ്റി മീഡിയമംഗളം കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവരികയാണ്. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ഇവിടെ നടന്നത് ഒരു ക്രിമിനല്‍ ഗൂഡാലോചനയാണ്. KSIDC ആണ് ബിഡ്ഡില്‍ പങ്കെടുത്തത്. ബിഡ് നിശ്ചയിക്കാന്‍ ചീ്ഫ് സെക്രട്ടറി അധ്യക്ഷനായ ഒരു സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു. ഈ കമ്മറ്റി ഒരു ടെണ്ടര്‍ നടപടിയും ഇല്ലാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗദം അദാനിയുടെ മരുമകളായ പരിധി അദാനി പാര്‍ട്ട്നര്‍ ആയ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന നിയമസ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി കൊടുക്കുന്നു. അവരുടെയും, KPMG യുടേയും അഭിപ്രായം അനുസരിച്ച് ബിഡ് തുക ക്വാട്ട് ചെയ്യുന്നു. ബിഡ്ഡില്‍ 10 ശതമാനം പ്രൈസ് പ്രിഫറന്‍സ് ഉണ്ടായിട്ടും KSIDC തോല്‍ക്കുന്നു.വളരെ ദുരൂഹമായ നടപടികളാണ് ഇവിടെ നടന്നിരിക്കുന്നത്
എങ്ങനെയാണ് മംഗല്‍ദാസ് എന്ന കമ്പനിയെ തിരഞ്ഞ് എടുത്തത്? ടെണ്ടര്‍ ഉണ്ടായിരുന്നോ?ആരുടെ നിര്‍ദ്ദേശപ്രകാരം ആണിത് ചെയ്തത്? എങ്ങനെ ആണ് അവരുടെ ഫീസ് 55 ലക്ഷം ആയി നിശ്ച്ചയിച്ചത്? രമേശ് ചെന്നിത്തല ചോദിക്കുന്നു.
ഇപ്പോള്‍ സി പി എം പറയുന്നത് ഈ കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല നിയമസ്ഥാപനമാണെന്നാണ്. അത് കൊണ്ടാണ് അവര്‍ക്ക് ടെണ്ടര്‍ ഇല്ലാതെ കണ്‍സള്‍ട്ടന്‍സിനല്‍കിയത് എന്നാണ്.എന്താണ് ഈ കമ്പനിയുടെ പശ്ചാത്തലം?


ഈ tender സമയത്തേക്ക് മാത്രം ഗുജറാത്തുകാരനും, ഗുജറാത്തില്‍ നിന്ന് ഇപ്പോള്‍ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് വന്നതുമായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ KSIDC MD ആയി കോണ്ടുവരുന്നു. ബിഡ് കഴിയുമ്പോള്‍ അദ്ദേഹം ആ ചുമതല വിടുന്നു. ഇതും യാദൃച്ഛികം ആയി കാണാന്‍ കഴിയില്ല. അദാനിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ മാത്രം ആണ് ഈ ഉദ്യോഗസ്ഥനെ ഇവിടെ ിേയമിച്ചത്. ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ് വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന തുറമുഖ സെക്രട്ടറി. ഞാന്‍ മനസ്സിലാക്കുന്നത്, തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഒരു നിര്‍ണായക നടപടിയും പൂര്‍ത്തിയാക്കാത്ത അദാനി പോര്‍ട്‌സിനെ ക്രമവിരുദ്ധമായി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അദാനിയുമായുള്ള ഒത്തുകളി ആണ് ഈ സര്‍ക്കാര്‍ നടത്തി വരുന്നത്.


മറ്റൊരു പ്രശ്നം, എന്ത് കൊണ്ട് സിയാല്‍ ഈ ടെണ്ടറില്‍ ഒരു കണ്‍സള്‍ട്ടന്റ് ആയി പങ്കെടുത്തില്ല എന്നതാണ്? കെ പി എം ജി യെ ക്കാള്‍ ഈ കാര്യത്തില്‍ expertise ഉള്ള സ്ഥാപനമാണ് സിയാല്‍. അവരെ ഒഴിവാക്കിയതും ദുരൂഹമാണ്
ചുരുക്കം പറഞ്ഞാല്‍ ഈ സര്‍ക്കാര്‍ മൊത്തം ഉഡായിപ്പ് ആണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും എങ്ങിനെ വിശ്വസിക്കും. ഈ വിഷയത്തില്‍ ഇനി ഈ സര്‍ക്കരിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഒരേ സമയം ഇരയോടൊപ്പം ആണെന്ന് പറയുകയും, വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് ഇരുട്ടില്‍ നായാട്ട് നടത്തുകയും ചെയ്യുന്ന കൊള്ള സംഘമായി ഈ സര്‍ക്കാര്‍ മാറി. പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കൂടുതല്‍ വായനയ്ക്ക്

https://mediamangalam.com/archives/8849
https://mediamangalam.com/archives/8383

Tags
Show More

Related Articles

Back to top button
Close