സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി എന്‍ഐഎ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ വന്‍ സ്വാധീനം ഉണ്ടായിരുന്നതായി കോടതിയില്‍ എന്‍ഐഎ പറഞ്ഞു. സ്വപ്നയ്ക്കെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കിയെന്നും എന്‍ഐഎ കൂട്ടിച്ചേര്‍ത്തു. സ്വപ്നയ്ക്കെതിരേയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കിയ വിവരം മീഡിയ മംഗളം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശിവശങ്കറിനും സ്വപ്നയ്ക്കും മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള സ്വാധീനത്തെക്കുറിച്ചും പാര്‍ട്ടിയിലെ മറ്റു പ്രമുഖ നേതാക്കളെ നിഷ്പ്രഭരാക്കിയുള്ള ഇവരുടെ ഭരണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പറഞ്ഞിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഈ ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതല സിപിഎം ഏറ്റെടുക്കുകയും ഒരു യുവ നേതാവിനെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വിശദമായി പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് എന്‍ഐഎ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍.
എം.വി.ജയരാജന് പാര്‍ട്ടി ചുമതലകളുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല വിടുന്നതോടെ, ഈ ഉദ്യോഗസ്ഥനും ശിവശങ്കറും ചേര്‍ന്ന അച്ചുതണ്ട് ശക്തമാവുകയും മറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും എന്തിന് പാര്‍ട്ടിയെപ്പോലും നിഷ്പ്രഭരാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരണകേന്ദ്രമാക്കി തീര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ശിവശങ്കര്‍ സിപിഎമ്മിന് ഇഷ്ടക്കാരനാവുന്നത്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായിരിക്കെ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു ശിവശങ്കര്‍. ടൂറിസം ഡയറക്റ്ററായിട്ടുള്ള അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനത്തില്‍ മന്ത്രിക്കും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, പാര്‍ട്ടിയിലെ വിശ്വസ്തനായ ഒരു മലബാര്‍ സ്വദേശിക്കും അദ്ദേഹത്തില്‍ അതീവ മതിപ്പാണുണ്ടായത്. കോടിയേരി ടൂറിസം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും നിര്‍ണായകമായ ഒരു താക്കോല്‍ സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്റെ കൂടി ശുപാര്‍ശയുടെ പുറത്താണ് ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനും അഭിമതനും വിശ്വസ്തനുമായിത്തീരുന്നത്.