INDIANEWS

ഔഷധ ഐതിഹ്യങ്ങള്‍ കത്തിച്ചു ; 2,400 ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ നശിപ്പിച്ചു


ഗുവാഹത്തി: ലോക ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗ ദിനമായ ബുധനാഴ്ച അസമില്‍ ഇതിന്റെ കൊമ്പുകളുടെ വലിയ ശേഖരം കത്തിച്ചു. 2400 കാണ്ടാമൃഗത്തിന്റെ കൊമ്പുകളാണ് കത്തിച്ചത്.

സ്വാഭാവികമായി ചത്തുപോയതോ അപകടത്തില്‍ പെട്ട് ചത്തവയോ വേട്ടക്കാരുടെ കയ്യില്‍ നിന്ന് ലഭിച്ചവയോ ആണ് അഗ്നിക്കിരയാക്കിയ ഈ കൊമ്പുകള്‍. നാല് പതിറ്റാണ്ടിയ സര്‍ക്കാര്‍ സൂക്ഷിച്ചിരുന്നവയാണ് ഇവ. ഇവയുടെ കൊമ്പുകള്‍ ഏറെ ഔഷധ ഗുണമുള്ളതാണെന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് വന്‍തോതില്‍ ഇവയെ കൊന്നൊടുക്കുകയും കൊമ്പുകള്‍ കടത്തുകയും ചെയ്യുന്നത്.

വേട്ടക്കാരുടെ കയ്യില്‍ നിന്ന് ലഭിക്കുന്ന ഈ കൊമ്പുകള്‍ക്ക് രാജ്യാന്തര വിപണിയില്‍ വന്‍ ഡിമാന്റാണ്. വിയറ്റ്‌നാമിലാണ് ഇതിന് കൂടുതല്‍ വില കിട്ടുന്നത്. മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലാണ് കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. വേദമന്ത്രങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ഇത്. നെയ്യും ഇതില്‍ തൂകി.

ഇത്തരത്തില്‍ കൊമ്പുകള്‍ നശിപ്പിച്ചതിലൂടെ തങ്ങള്‍ ശക്തമായ സന്ദേശമാണ് കള്ളക്കടത്തുകാര്‍ക്ക് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ ശരീരത്തിലുള്ള കൊമ്പുകള്‍ ഏറെ വിലപ്പെട്ടതാണ്. ചത്ത മൃഗങ്ങളുടെ കൊമ്പിന് യാതൊരു വിലയുമില്ല. ഇവ സര്‍ക്കാര്‍ ട്രഷറികളില്‍ കാത്തുസൂക്ഷിക്കേണ്ടതുമില്ല.

മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ കച്ചവടം നടത്തുന്നത് പോലെ തന്നെ കുറ്റകരമാണ് മൃഗങ്ങളുടെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2479 കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. കാസി രംഗ ദേശീയോദ്യാനത്തില്‍ തുറക്കുന്ന മ്യൂസിയത്തില്‍ 94 കൊമ്പുകള്‍ പ്രദര്‍ശിപ്പിക്കും. 29 എണ്ണം കോടതി കേസുകള്‍ക്ക് വേണ്ടിയും മാറ്റി വച്ചിട്ടുണ്ട്.

വന്യമൃഗങ്ങളെ വേട്ടയാടുന്നവരോട് യാതൊരു സഹിഷ്ണുതയും ഈ സര്‍ക്കാര്‍ പുലര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 1999ല്‍ 1672 കാണ്ടാമൃഗങ്ങള്‍ ഉണ്ടായിരുന്നിടത്ത് 2018ല്‍ അത് 2652 ആയി വര്‍ദ്ധിച്ചു.

വന്യമൃഗങ്ങളുടെ ഭാഗങ്ങള്‍ കച്ചവടം ചെയ്യുന്നത് കുറ്റകരമായതിനാലാണ് ഈ കൊമ്പുകള്‍ നശിപ്പിച്ചതെന്നും ഹിമന്ത പറഞ്ഞു. വന്യമൃഗങ്ങളെ കൊല്ലും മുമ്പ് വേട്ടക്കാര്‍ രണ്ട് തവണ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസിരംഗം ദേശീയോദ്യാനത്തിന് മുകളിലൂടെയുള്ള എലവേറ്റഡ് ദേശീയ പാത ഉടന്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്.

പുരാതന ചൈനയില്‍ മരുന്നുകളില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ കൊമ്പ് ചേര്‍ത്തിരുന്നു. എന്നാല്‍ ഇവയ്ക്ക് യാതൊരു ഔഷധ ഗുണവും ഇല്ലെന്ന സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ ഇവ അഗ്നിക്കിരയാക്കിയതിലൂടെ നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറുന്നതോടെയാണ് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ വന്‍തോതില്‍ വേട്ടയാടുന്നതെന്നും മുഖ്യവനപാലകന്‍ അമിത് സഹായി ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close