INSIGHTUncategorized

വേരു മുതൽ ഇല വരെ ഔഷധ സമ്പന്നം; ഒരുപാട് രോഗങ്ങൾക്കുള്ള ഒറ്റമൂലി; എന്നിട്ടും വിളിപ്പേര് തൊട്ടാവാടിയെന്ന്; മിമോസാസിയ കുടുംബത്തിലെ മിടുക്കിയുടെ കഥ ഇങ്ങനെ

“നീയൊരു തൊട്ടാവാടി ആയി പോയല്ലോ , കഷ്ടം.., നീ ഒരു തൊട്ടാവാടി ആകാതെ..” ഇങ്ങനെയുള്ള പല ചോദ്യങ്ങളും പലപ്പോഴായി നേരിട്ടവർ ആയിരിക്കും നമ്മളിൽ പലരും, അല്ലേ..? എന്തുകൊണ്ടാണ് ഒരാളെ തൊട്ടവാടിയോട് ഉപമിക്കുന്നത്‌? ഒന്ന് തൊട്ടാൽ വാടി പോകുന്ന തൊട്ടാവാടി ചെടിയെ പോലെ ബലഹീനരാണ് നിങ്ങൾ എന്ന് പൊതു സമൂഹം മുദ്ര കുത്തുമ്പോൾ തൊട്ടാവാടിയുടെ ഗുണങ്ങളും മൂല്യങ്ങളും ആരും കാണാതെ പോകുന്നു.. നമ്മുടെ പാടത്തും പറമ്പിലും തൊടിയിലുമെല്ലാം സുലഭമായി കാണുന്ന , നമ്മുടെ ബാല്യകാല സ്മരണകളെ തൊട്ടുണർത്തുന്ന തൊട്ടാവാടി ചെടിയെ നമ്മുക്ക് ഒന്ന് കൂടുതൽ അറിഞ്ഞാലോ..? ഒരു കുപ്പ ചെടി കണക്കെ ഭൂരിഭാഗം പേരും പുച്ഛിച്ച് തള്ളുന്ന തൊട്ടവാടിയെന്ന കേമനെ നമ്മുക്ക് വിശദമായി പരിചയപ്പെടാം..!

തൊട്ടാല്‍ വാടുകയും കുറേ കഴിയുമ്പോള്‍ പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്യുന്ന പീലി രൂപത്തിലുള്ള തൊട്ടാവാടിയുടെ ഇലകള്‍ അത്ഭുതം ജനിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആണല്ലോ തൊട്ടാവാടിയെ കടന്നു പോകുന്നവർ അതിനെ ഒന്ന് തൊട്ടു നോക്കുന്നത്. നാം അറിയാതെ ഇവിടെയും നടക്കുന്നുണ്ട്, ഒരു രാസ വൈകാരിക മാറ്റം. ഇതൊക്കെ ആണെങ്കിലും ഈ ചെടിയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടെന്നുള്ളത് പുതുതലമുറയിലെ എത്രപേര്‍ക്കറിയാം!

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. മിമോസാസിയ എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ജന്മദേശം ബ്രസീൽ ആണെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ‍ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസർഗികമായ പരിതഃസ്ഥിതിയിൽ‍ ചതുപ്പ്, മൈതാനം, റോഡുകൾ‍ ‍എന്നിവിടങ്ങളിൽ‍ തൊട്ടാവാടി കണ്ടുവരുന്നു.

സന്ധി വേദനയ്ക്ക്

തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറ്റി തരും.

വിഷാംശം അകറ്റാന്‍

ഇഴജന്തുക്കള്‍, പ്രാണികള്‍ എന്നിവ ശരീരത്തില്‍ ഉണ്ടാക്കുന്ന അലര്‍ജികള്‍ക്കും തൊട്ടാവാടി ഒരു ഔഷധമാണ്.

പ്രമേഹം

ഇതിന്റെ ജ്യൂസ് രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും സഹായിക്കും.

ചുമയ്ക്ക്

ഇതിന്റെ വേര് ഉണക്കി പൊടിച്ചത് കഫത്തിനും ചുമയ്ക്കും പരിഹാരം നല്‍കും. തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.

മൂലക്കുരു

തൊട്ടാവാടി പൊടി പാലില്‍ കലക്കി കുടിക്കുന്നത് മൂലം മൂലക്കുരു മാറ്റാം.

മുറിവുകള്‍ക്ക്

മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണങ്ങാന്‍ ഇത് അരച്ചു പുരട്ടുന്നത് നല്ലതാണ്.

ആസ്തമ

ചൂടുവെള്ളത്തില്‍ ഇതിന്റെ ജ്യൂസ് ഒഴിച്ച് ഇടയ്ക്കിടെ കുടിക്കുന്നത് ആസ്ത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ഉറക്കമില്ലായ്മ

അഞ്ച് ഗ്രാം തൊട്ടാവാടി ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കിടക്കുന്നതിനുമുന്‍പ് കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും.

കൊളസ്‌ട്രോള്‍

പേരയ്ക്ക ഇല, കറിവേപ്പില ഇവ ചേര്‍ത്ത് ഗോതമ്പ് കഞ്ഞിയില്‍ തൊട്ടാവാടി ജ്യൂസ് ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം.

രക്തശുദ്ധി

രക്തശുദ്ധിക്കും, ജോണ്ടീസിനും തൊട്ടാവാടി ഉപയോഗ്യമാണ്.

ശരീരത്തിന്

അഞ്ച് മില്ലി തൊട്ടാവാടി നീരും, പത്ത് മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചതച്ചുനീരെടുത്തു എണ്ണ കാച്ചിതേക്കുകയും, കുടിക്കുകയും ചെയ്‌താൽ തൊലിപ്പുറത്തെ അലർജി മാറിക്കിട്ടുന്നതാണ്.

ശ്വാസ തടസത്തിന്

കുട്ടികളിലെ ശ്വാസം മുട്ടൽ മാറുവാൻ തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരുനേരം വീതം ചേർത്ത് രണ്ടു ദിവസം കൊടുത്താൽ ശമനമുണ്ടാകും.

ഞരമ്പുകൾക്ക്

തൊട്ടാവാടി സമൂലം പറിച്ചെടുത്ത കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തിയ അരിക്കൊപ്പം ചേർത്ത് കഞ്ഞിവെച്ച് കുടിച്ചാൽ ഞരമ്പുകൾക്ക് ശക്തി വർധിക്കും.

അടി തൊട്ട് മുടി വരെ എന്ന് പറയും പോലെ ഇല തൊട്ട് വേരു വരെ ഔഷധ ഗുണങ്ങളാൽ സമ്പനമാണ് നമ്മുടെ തൊട്ടാവാടി. ഇതിന്റെ വേരിൽ 10% ടാനിൻ അടങ്ങിയിരിക്കുന്നു. തൊട്ടാവാടിയുടെ വേരിൽ മൂലാർബുദങ്ങളും ഉണ്ട്.

തൊട്ടാവാടിയെ പോലെയാണ് ചില മനുഷ്യർ. ഒന്നു തൊട്ടാൽ വാടി പോകുന്നവർ.. നീയൊരു തൊട്ടാവാടി ആയി പോയല്ലോ എന്ന് പറയുന്നവരോട് നിങൾ പറയണം അതേ ഞാൻ ഒരു തൊട്ടാവാടി തന്നെയാണ് , ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു തൊട്ടാവാടി.. വാടി പോകുന്ന തൊട്ടാവാടി എന്നും അതെ അവസ്ഥയിൽ തുടരുന്നില്ല. ഒരോ തവണ വാടി വീഴുമ്പോഴും ഉയർത്തെഴുനേൽക്കാത്ത ഒരു തൊട്ടാവാടി ചെടിയും നമുക്കിടയിൽ ഇല്ല.. ആരെങ്കിലും വന്ന് തൊട്ടാൽ വാടുന്ന നമ്മൾ ആണോ വാടും എന്നറിഞ്ഞിട്ടും നിങ്ങളെ തൊട്ട് നോക്കുന്നവർ ആണോ യഥാർത്ഥ ബലഹീനർ…??? അഭിമാനത്തോടെ പറയാം ഞാൻ ഒരു തൊട്ടാവാടി.. !

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close