celebrityMovies

‘കുറച്ചു നാളുകൾ സിനിമയിൽനിന്നു മാറിനിന്നിരുന്നു, ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും’ : ഗോൾഡൻ വിസ സ്വീകരിച്ച് മീര ജാസ്മിൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല മീര. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ ജയറാം നായകനാകുന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് താരം. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ പറഞ്ഞു. യു.എ.ഇയുടെ 10 വർഷക്കാലാവധിയുള്ള ഗോൾഡൻ വിസ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു നടി.

2016 ൽ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തിൽ മീര ജാസ്മിൻ അവസാനമായി അഭിനയിച്ചത്. 2018 ൽ പുറത്തിറങ്ങിയ പൂമരത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും തിരിച്ചു വരാൻ ഒരുങ്ങുന്ന വേളയിലാണ് ഗോൾഡൻ വിസ ലഭിക്കുന്നത്. ഗോൾഡൻ വിസ തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്ന് തരാം അഭിപ്രായപ്പെട്ടു.

“എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്നു കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ചു നാളുകൾ സിനിമയിൽനിന്നു മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജന്റ് ആയ പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌ അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇനി നല്ല കഥാപാത്രങ്ങളും സിനിമകളും തേടിയെത്തട്ടെ.” മീര ജാസ്മിൻ പറഞ്ഞു.

പത്ത് വർഷം കാലാവധിയോടെ യു.എ.ഇ. ഭരണകൂടം നൽകുന്ന ബഹുമതിയാണ് ഗോൾഡൻ വിസ. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ഇത് നൽകുന്നത്. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലുമാണ് ആദ്യമായി ഗോൾഡൻ വിസ സ്വീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close