CULTURAL

വിശുദ്ധ കഅബയെ ശനിയാഴ്ച പുതിയ കിസ്‌വ അണിയിക്കും; ഇസ്ലാമിക ലോകത്ത് ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന ചടങ്ങുകളിലൊന്ന് ഇങ്ങനെ..

മക്ക: വിശുദ്ധ കഅബയെ പുതിയ മുടുപടമായ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ശനിയാഴ്ച നടക്കും. 1444 മുഹറം 1 ആയ പുതിയ ഇസ്‌ലാമിക വർഷാരംഭ രാത്രി അതായത് ജൂലായ് 30 ശനിയാഴ്ച രാത്രിയിലാണ് കിസ് വ അണിയിക്കുക. ഏകദേശം ആറര മില്ല്യൺ ഡോളർ വിലമതിക്കുന്ന 850 കിലോ തൂക്കം വരുന്ന കിസ്‌വയാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ഇസ്ലാമിക ലോകത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന ചടങ്ങുകളിലൊന്നായി കണക്കാക്കുന്നതാണ് കഅബയെ പുതിയ മുടുപടമായ കിസ്‌വ അണിയിക്കുന്ന ചടങ്ങ്.

ഈയിടെ പുറപ്പെടുവിച്ച രാജകീയ തീരുമാനമനുസരിച്ചാണ് ദശാബ്ദങ്ങൾ പഴക്കമുള്ള ആചാരമായ അറഫാത്തിന്റെ തലേന്ന് പുതിയ കിസ്‌വ മാറ്റുന്നതിനു പകരം ഹറം കാര്യാലയ മേധാവി ഡോ.അബ്ദുൾറഹ്‌മാൻ അൽ-സുദൈസ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. കിസ്‌വ എന്ന കഅബയുടെ ആവരണം മാറ്റുന്ന ചടങ്ങ് നൂറ്റാണ്ടുകളായി പാരമ്പര്യത്തിന്റെ ഭാഗമായാണ് എല്ലാ വർഷവും പഴയത് മാറ്റി പുതിയവകൊണ്ട് അണിയിക്കുന്നത്.

ദുൽഹിജ്ജ 9-ന് രാവിലെ തീർത്ഥാടകർ അറഫയിലേക്ക് പുറപ്പെടുമ്പോഴാണ് പുതിയ കിസ്‌വ അണിയിക്കാറുള്ളത്. ഈ സമയത്ത് സാധാരണയായി ഹറം ശൂന്യമായ സമയമായിരിക്കും. അടുത്ത വർഷം ഹജ്ജ് വരെ പുതിയ കിസ്‌വ നിലനിൽക്കും. കിസ്‌വ നിർമ്മിക്കുന്നതിനുള്ള കിംഗ് അബ്ദുൽ അസീസ് കോംപ്ലക്സിൽ ജോലി ചെയ്യുന്ന 200 സൗദി സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ദൗത്യം നിർവഹിക്കുക.

47 കഷ്ണം തുണികളും നൂലുകളും ഉപയോഗിച്ച് കൈകൊണ്ടും യന്ത്രങ്ങൾ ഉപയോഗിച്ചും നെയ്ത്ത്, തുന്നൽ, പ്രിന്റിംഗ് എന്നിവ ഫാക്ടറിയുടെ സഹായത്താലുമാണ് കിസ്‌വ നിർമ്മിക്കുന്നത്. 16 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടറൈസ്ഡ് തയ്യൽ മെഷീൻ കിസ്‌വ നിർമ്മിക്കൽ പ്രക്രിയ നിർവഹിക്കുന്നു.

അഞ്ച് വ്യത്യസ്ത ഭാഗങ്ങളായി തുണി തുന്നിച്ചേർത്ത് ചെമ്പ് വളയങ്ങൾ ഉപയോഗിച്ച് അടിത്തട്ടിൽ ഉറപ്പിച്ചിരിക്കുകയാണ് പതിവ്. ഏകദേശം 670 കിലോഗ്രാം കറുപ്പ് ചായം പൂശിയ അസംസ്‌കൃത സിൽക്ക് കിസ്‌വയിൽ ഉപയോഗിക്കുന്നുണ്ട്. 120 കിലോഗ്രാം 21 കാരറ്റ് സ്വർണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും കൊണ്ട് തുണിയിൽ എംബ്രോയ്ഡ് ചെയ്ത ഖുർആൻ സൂക്തങ്ങൾ ഉപയോഗിച്ചാണ് കിസ്‌വ അലങ്കരിച്ചിരിക്കുന്നത്.

850 കിലോഗ്രാം ഭാരമുള്ള ഒരു പുതിയ കിസ്‌വ നിർമ്മിക്കുന്നതിനുള്ള ചെലവ് 25 മില്യൺ റിയാൽ അഥവാ 6.5 മില്യണിലധികം അമേരിക്കൻ ഡോളർ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ മൂടുപടവുമായിരിക്കും.

കഅബ പുനർനിർമാണത്തിന് പിതാവ് ഇബ്രാഹിം നബിയെ സഹായിച്ച ശേഷം ഇസ്മാഈൽ നബിയാണ് കഅബയെ ആദ്യ മായി കിസ് വ ധരിപ്പിച്ചതെന്നാണു ചരിത്രം. കറുത്ത പട്ടു തുണിയിൽ സ്വർണനൂ ലുകൾ നെയ്തെടുത്തു നിർമിക്കുന്ന ഈ പുടവ ഉമ്മുൽ ജൂദിലെ പ്രത്യേക ഫാക്ടറിയിലാണ് നിർമിക്കുന്നത്. സൗദി രാജാവ് അബ്ദ് അൽ അസിസ് ബിൻ സൌദ് 1960ൽ നാട്ടിൽ കിസ്‌വ ഫാക്ട്റി സ്ഥാപിക്കുന്നതു വരെ കിസ്‌വ ഈജിപ്തിൽ നിന്നായിരുന്നു മക്കയിലേക്ക് കൊണ്ടു വന്നിരുന്നത്.അതു ഹജ്ജ് തീർഥാടന കാലത്ത് വലിയ ഘോഷയാത്രയായാണ് എത്തിച്ചിരുന്നത്..ഇതിനുള്ള പട്ടുനൂൽ ഇന്ത്യ സുഡാൻ ഇറാക്ക് എന്നിവിടങ്ങളിൽ നിന്ന് എത്തിയിരുന്നു.

പട്ടു നൂലിൽ കറുത്ത ചായം മുക്കിയാണ് കിസ്‌വ നെയ്യാനുള്ള നൂൽ തയാറാക്കുന്നത്. സ്വർണനൂലുകൾ കൊണ്ട് വിശുദ്ധ ഖുർആൻ വചനങ്ങൾ എഴുതിയ വലിയ പട്ടകൾ പിന്നീട് ഇതിൽ തുന്നിച്ചേർക്കും.കിസ്‌വ കഅബയിൽ ചാർത്തിയ ശേഷമാണ് തുന്നി ഒരു പുടവയാക്കി മാറ്റുന്നത്. സൌദിയിലെ കിസ്‌വ നിർമാണ ഫാക്ടറിയിൽ ഇരുനൂറ്റൻപതോളം പേർ ജോലി ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close