KERALANEWSWORLD

ഓര്‍മ്മ നഷ്ടമായി വിദേശത്ത്‌ അലയുന്ന മലയാളി യുവതിയുടെ ബന്ധുക്കളെ തെരയുന്നു


ദുബായ്‌: ഉറ്റവരെ നഷ്ടമായ മലയാളി യുവതിയുടെ ബന്ധുക്കളെ തിരയുന്നു. ഓര്‍മ്മ നഷ്ടപ്പെട്ട ഇവര്‍ ബര്‍ദുബായില്‍ അലഞ്ഞ്‌ നടക്കുകയാണ്‌.


പേരോ നാടോ അറിയില്ല. നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്‌. എന്നാല്‍ പരസ്‌പര വിരുദ്ധമായാണ്‌ സംസാരം. ബര്‍ദുബൈ ക്ഷേത്രത്തിനടുത്തുള്ള ആല്‍ത്തറയിലാണ്‌ ഇപ്പോള്‍ കഴിച്ച്‌ കൂട്ടുന്നത്‌. എമിറേറ്റ്‌സ്‌ ഐഡിയോ പാസ്‌പോര്‍ട്ടോ വിസയോ എവിടെ ആണെന്ന്‌ ഇവര്‍ക്ക്‌ അറിയില്ല. ചിലപ്പോള്‍ ആലപ്പുഴയിലാണ്‌ വീടെന്ന്‌ പറയും. ചിലപ്പോള്‍ തിരുവനന്തപുരമെന്നും.
എന്നാല്‍ യുഎഇയിലെ നിയമങ്ങളെക്കുറിച്ച്‌ ഇവര്‍ക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌.


1996 മുതല്‍ 2001 വരെ യുഎഇയില്‍ ഒരു സ്ഥാപനം നടത്തിയിരുന്നതായി പറയുന്നുണ്ട്‌. ഇങ്ങനെ ഒരു സ്ഥാപനം ഉള്ളതായി അന്വേഷണത്തില്‍ അറിയാനും സാധിച്ചു. എന്നാല്‍ ഈ സ്ഥാപനം 2001ല്‍ പൂട്ടിപ്പോയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഭര്‍ത്താവിന്റെ പേര്‌ ബാലു എന്നാണ്‌ പറയുന്നത്‌. ഏകദേശം 40-45 വയസ്‌ പ്രായം തോന്നിക്കും. ഇവരുടെ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കില്‍ നാട്ടിലേക്ക്‌ അയക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്ന്‌ യുഎഇ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചിട്ടുണ്ട്‌. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971555712550(ഷിജുബഷീര്‍) എന്ന നമ്പറില്‍ ബന്ധപ്പെടുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close