KERALANEWS

“ഏഴു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുള്ള ആളാണ് ഞാന്‍”; എന്ത് വന്നാലും കടകൾ തുറക്കുമെന്ന് ടി നസറുദ്ദീന്‍; ചർച്ച ഉച്ചക്ക് ശേഷം

തിരുവനന്തപുരം∙ ഏഴു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുള്ള ആളാണ് താനെന്നും പല മുഖ്യമന്ത്രിമാരും മുമ്പു വിരട്ടാന്‍ നോക്കിയിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സിമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍. എന്തു പ്രശ്‌നമുണ്ടായാലും ശനിയും ഞായറും ഏകോപന സമിതി കട തുറക്കും. തീരുമാനം ഇന്ന് ചര്‍ച്ചയില്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താന്‍. എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കും. പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്‌സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്.

ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്. കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇളവുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ചയില്‍ വിഷയമായേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വ്യാപാരി സംഘടന നേതാക്കള്‍ സൂചിപ്പിച്ചു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു മുമ്പായിരുന്നു നസറുദ്ദീന്റെ പ്രതികരണം. ഇന്നു രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ വൈകിട്ട് 3.30-നാണ് സമയം അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കു നീങ്ങാനാണു വ്യാപാരികളുടെ തീരുമാനം.

വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗം ഇന്ന് തന്നെ തിരുവനന്തപുരത്ത് ചേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close