INSIGHT

പ്രശസ്തരിൽ പ്രശസ്തൻ, സംഗീതവും ചുവടുകളും കൊണ്ട് ഇന്നും ലോകത്തെ ഭ്രമിപ്പിക്കുന്ന പ്രതിഭ ; മൈക്കൽ ജാക്സൺ

സെലിബ്രിറ്റി എന്നു പറഞ്ഞാൽ തന്നെ പ്രശസ്‌ത വ്യക്തി എന്നാണ്. അപ്പോൾ സെലിബ്രിറ്റികളിൽ ഏറ്റവും പ്രമുഖൻ ആരായിരിക്കും? അത് മൈക്കൽ ജാക്സൺ ആണെന്ന് പറയേണ്ടി വരും. മരിച്ചു പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അയാൾ ജീവിക്കുന്നു. അയാളുടെ അത്ഭുത സംഗീതവും മാന്ത്രിക ചലനങ്ങളും ഇന്നും ലോകത്തെ ഭ്രമിപ്പിക്കുന്നു. മനുഷ്യൻ ഉള്ളിടത്തോളം ആ ഭ്രമം നശിക്കുമോ എന്ന് സംശയമാണ്. കാരണം, അത്രത്തോളം അയാൾ സംഗീതത്തെ തന്നിലേക്ക് ആവാഹിച്ചിട്ടുണ്ട്. അന്നും ഇന്നും എന്നും മൈക്കൽ ജാക്സൺ നിലനിൽക്കും.

ലോകത്തിന്റെ താരം, പോപ്പ് സംഗീതത്തിന്റെ രാജാവ് ഓഗസ്റ്റ് 29ന് ആണ് ജനിക്കുന്നത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അയാൾക്ക് 63 വയസുണ്ടായേനെ. അമേരിക്കയിലെ ഗാരിയിൽ ആഫ്രിക്കൻ അമേരിക്കൻ കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായാണ് മൈക്കൽ ജോസഫ് ജാക്സൺ ജനിക്കുന്നത്. സംഗീത തൽപരനായിരുന്ന അച്ഛൻ മക്കളുടെ സംഗീതവാസന കണ്ട് അവരെ കൂട്ടി ജാക്സൺ ഫൈവ് എന്നൊരു ബാൻഡ് ഉണ്ടാക്കുന്നു. ചെറുപ്പത്തിൽ തന്നെ ബാൻഡിൽ വന്ന മൈക്കൽ പിതാവിന്റെ കർശന ശിക്ഷണത്തിലാണ് വളർന്നത്. കൂട്ടത്തിൽ മിടുക്കൻ അവനായത് കൊണ്ട് ചെറിയൊരു തെറ്റിന് വരെ ഭീകരമായ മർദനമാണ് അവന് ഏൽക്കേണ്ടി വന്നത്. അങ്ങനെ തന്റെ സഹോദരന്മാരുടെ കൂടെ പാട്ടിന്റെ ലോകത്തേക്ക് അവൻ കടക്കുകയാണ്. ബാല്യകാലം ദുഷ്കരമാണെങ്കിലും പാട്ടിൽ അവർ അത്ഭുതങ്ങൾ സൃഷ്ടിച്ചു. പയ്യെ പയ്യെ ലോകം അവരെ അറിഞ്ഞു തുടങ്ങി.

1971 ൽ ആണ് മൈക്കൽ ജാക്സന്റെ ആദ്യ സോളോ ആൽബം Go to be there പുറത്തിറങ്ങുന്നത്. പിന്നീട് ദി ജാക്സൺസ് എന്നു പേര് മാറ്റിയ ‘ജാക്സൺ 5’ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ചു. 1979ൽ മൈക്കൽ ജാക്സൺ മുതിർന്ന ശേഷമുള്ള ആദ്യ സോളോ ആൽബം Off the wall പുറത്തിറങ്ങും. ഇതിന്റെ പ്രൊഡക്ഷന് വേണ്ടി സുപ്രസിദ്ധ സംഗീതജ്ഞൻ ക്വിൻസി ജോൻസുമായി ജാക്സൺ സഹകരിക്കുന്നു. പിന്നീട് ആ സമയത്ത് പുറത്തിറങ്ങിയ മൈക്കലിന്റെ എല്ലാ ആല്ബത്തിന്റെയും പ്രൊഡക്ഷൻ സംഗീതത്തിലെ അതുല്യ പ്രതിഭ ക്വിൻസി ജോണ്സായിരുന്നു. Off the wall ആണ് സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ ജാക്‌സനെ ആദ്യമായി ഹിറ്റ് ചാർട്ടിൽ അടയാളപ്പെടുത്തുന്നുത്. ഈ ജനപ്രീതി പിന്നീട് ജാക്‌സണും സഹോദരങ്ങൾക്കും ഇടയിൽ അകൽച്ചയുണ്ടാകുന്നതിന് വരെ കാരണമാകുന്നു. അതിനോടാനുബന്ധിച്ചുള്ള ഗ്രാമി അവാർഡിൽ ജാക്സൺ ഒരുപാട് അവാർഡുകൾ പ്രതീക്ഷിക്കുമെങ്കിലും ഒരെണ്ണം മാത്രമാണ് ലഭിക്കുന്നത്. അതിൽ ജാക്സൺ നിരാശനാകുന്നു.

1982ൽ ജാക്‌സന്റെ എക്കാലത്തെയും ഹിറ്റായ ത്രില്ലർ പുറത്തിറങ്ങുന്നു. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആൽബം ആണിത്. പോപ്പ് സംഗീതത്തിന്റെ ഉന്നതത്തിൽ ഇത് ജാക്‌സന്റെ ഇരിപ്പിടം ഉറപ്പിച്ചു. അങ്ങനെ 1984ൽ ഈ ആൽബം 8 ഗ്രാമി അവാർഡുകൾ സ്വന്തമാക്കുന്നു. അത്രേം അവാർഡുകൾ ഒരുമിച്ചു നേടുക എന്നത് സ്വപ്നം കാണാൻ പറ്റാത്ത കാര്യമാണ്.

1983ൽ ആണ് തന്റെ ചുവടുകളിൽ ഏറ്റവും പ്രശസ്തമായ moon walk ജാക്സൺ നടത്തുന്നത്. ജാക്‌സൻസിന്റെ ഷോയിൽ നാല് സെക്കന്റ് മാത്രം നീണ്ട് നിന്ന ആ ചുവട് പിന്നെ ലോകം മുഴുവൻ അയാളെ അടയാളപ്പെടുത്തി. തന്റെ ആത്മകഥക്ക് പോലും ജാക്സൺ ഇട്ട പേര് moon walk എന്നാണ്. പിന്നീട് അങ്ങോട്ട് ജാക്‌സന്റെ കാലമായിരുന്നു. ലോകമെമ്പാടും അയാൾ സംഗീതത്തിലൂടെ പരന്നു. അയാൾക്ക് അനേകം അനുകരണങ്ങൾ ഉണ്ടായി. Bad, dangerous, history, invincible എന്നിങ്ങനെ ജാക്‌സനെ ലോകം അറിഞ്ഞ ഹിറ്റുകൾ അനവധിയാണ്.

എങ്കിലും വ്യക്തിജീവിതത്തിൽ അയാൾക്കെതിരെ ഒരുപാട് പേര് രംഗത്ത് വന്നു. പ്രത്യേകിച്ചു ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതായിരുന്നു പ്രധാന വിഷയം. അതുപോലെ ഒരുപാട് പ്ളാസ്റ്റിക് സർജറികൾ. അങ്ങനെ അങ്ങനെ സ്വകാര്യ ജീവിതത്തിൽ ഒരുപാട് പഴികളും കുറ്റങ്ങളും അയാൾ കേട്ടു. മരുന്നുകളുടെ കടുത്ത ഉപയോഗം അയാളുടെ നില തെറ്റിച്ചു. ഒടുവിൽ 2009 ജൂണ് 5ന് ഹൃദയാഘാതം മൂലം അയാൾ ലോകത്തോട് വിട പറഞ്ഞു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് ഗുളികകളുടെ ഒരു cocktail അല്ലാതെ മറ്റൊന്നും അയാളുടെ വയറ്റിൽ ഇല്ലായിരുന്നു എന്നാണ്. മരിക്കരുത് എന്നാഗ്രഹിച്ച ആ മനുഷ്യൻ തന്റെ സംഗീതത്തിലൂടെ അതിന്റെ മാസ്മരികതയിലൂടെ ലോകം എങ്ങും ഇന്നും പരന്നു കിടക്കുന്നു. എല്ലാ തലമുറകളെയും അയാൾ ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close