INDIANEWSTop News

വെല്ലുവിളി ഉയർത്തി ‘ഒമിക്രോണ്‍’; നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡിന്റെ പുതിയ വകഭേദം ആയ ഒമിക്രോണ്‍ വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കോവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറന്‍റീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.

കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇന്നലെ നി‍ർദേശം നൽകിയിരുന്നു. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോഗത്തിലായിരുന്നു രാജ്യത്ത് ജാഗ്രത കടുപ്പിക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടത്. കോവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കോവിഡ് വാക്സീൻ രണ്ടാം ഡോസിന്‍റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി ഇന്നലെ സാഹചര്യം വിലയിരുത്തിയത്.

അതേസമയം ലോകത്ത് ഒമിക്രോൺ വൈറസ് ഭീതി വ‍ർധിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചു. മിക്ക വിമാന കമ്പനികളുംആഫ്രിക്കൻ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കി. ബെൽജിയവും ജർമനിയുമാണ് ഇതുവരെ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ബാധിച്ചത് ഒമൈക്രോൺ ആണോയെന്നറിയാൻ പരിശോധന തുടങ്ങി. വിമാനത്തിൽ വന്ന മുഴുവൻ പേരെയും ക്വാറന്‍റീനിൽ ആക്കിയിട്ടുണ്ട്. ബെൽജിയത്തിലെ രോഗി എത്തിയ വിമാത്തിലെത്തിയ അറുന്നൂറോളം യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

മിക്ക രാജ്യങ്ങളും ആഫ്രിക്കയിലേക്കുള്ള വിമാനസർവീസുകൾ നിർത്തി. ഇപ്പോൾ നൂറോളം പേരിൽ മാത്രമാണ് പുതിയ വൈറസ്
സ്ഥിരീകരിച്ചതെങ്കിലും ഇതിനകം ആയിരക്കണക്കിനാളുകളിലേക്ക് പടർന്നിരിക്കാമെന്ന് വിദഗ്ധർ കരുതുന്നു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള വൈറസിനെ ഇതുവരെയുള്ളതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം ആയി ലോകാര്യോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പല രാജ്യങ്ങളിലും ഒമൈക്രോൺ വൈറസ് എത്തിയിരിക്കാമെന്നാണ് നിഗമനം. വാക്സീനുകളെ മറികടക്കൻസ് ശേഷിയുണ്ടെന്നും സംശയമുണ്ട്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ചതിനാൽ ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനും സാധ്യതയുണ്ട്.

അതേസമയം രോഗബാധയുടെ പേരിൽ ഒറ്റപ്പെടുത്തരുതെന്നും വ്യോമഗതാഗതം തടയരുതെന്നും ലോകരാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു. അനാവശ്യ ഭീതിയിൽ വിവേചനമില്ലാത്ത വിലക്ക് പാടില്ലെന്ന് ലോകാരോഗ്യ സംഘടനയും അഭ്യർത്ഥിച്ചു. അതിനിടെ ലോക വ്യാപാര സംഘടന ജനീവയിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close