KERALANEWS

ടൂറിസത്തിന് ഊർജ്ജമേകാൻ കർഷകർക്ക് കഴിയണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി; ഓരോ ഡയറി ഫാമുകളും ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറും; ലോകം നമ്മുടെ ഫാമുകളിലേക്ക് എത്തുന്ന നാളെകളിലാണ് പ്രതീക്ഷയെന്നും മന്ത്രി

സംസ്ഥാനത്തെ ഫാമുകൾ ടൂറിസം കേന്ദ്രങ്ങളായി മാറണമെന്ന് ക്ഷീരവികസന – മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ലോക ടൂറിസം ദിനത്തിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജൈവ ഫാമിം​​ഗ് എന്ന സങ്കൽപ്പത്തിനും അപ്പുറം നൂതനങ്ങളായ സങ്കേതങ്ങളെ കാലി വളർത്തലിലും പക്ഷി വളർത്തലിലും കൊണ്ടുവരാൻ നമുക്ക് കഴിയണമെന്ന് മന്ത്രി കുറിച്ചു. പരമ്പരാ​ഗത കാലി വളർത്തൽ സങ്കൽപ്പങ്ങൾക്കൊപ്പം സാങ്കേതിക വിദ്യയുടെ സഹായം കൂടി തേടിയാൽ ഓരോ ഡയറി ഫാമുകളും ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറും. കേരളത്തിലെ ക്ഷീര കർഷകരും പക്ഷി കർഷകരും ലോകത്തിന് മുന്നിൽ ഓരോ പാഠപുസ്തകങ്ങളായി മാറാൻ കഴിയണം. ഇതിനെല്ലാം കർഷകരെ സഹായിക്കാനാണ് സംസ്ഥാന സർക്കാരും ക്ഷീര വികസന – മൃ​ഗസംരക്ഷണ വകുപ്പും ശ്രമിക്കുന്നതെന്നും മന്ത്രി കുറിപ്പിൽ പറയുന്നുയ

മന്ത്രി ജെ ചിഞ്ചുറാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ഇന്ന് ലോക ടൂറിസം ദിനം. സമഗ്രവികസനത്തിന് ടൂറിസം (Tourism for Inclusive Growth) എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. കേരളത്തെ സംബന്ധിച്ച് കോവിഡാനന്തരം ഒരു വൻ കുതിപ്പിനാണ് സർക്കാരും ടൂറിസം വകുപ്പും പദ്ധതിയിടുന്നത്. നമ്മുടെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഇത് വഴി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സംസ്ഥാനത്തെ കാർഷിക മേഖലയെ ടൂറിസവുമായി ബന്ധിപ്പിക്കാനായാൽ ഇരു മേഖലയിലും വലിയ കുതിച്ചുചാട്ടമാകും ഉണ്ടാകുക. ജൈവ ഫാമിം​​ഗ് എന്ന സങ്കൽപ്പത്തിനും അപ്പുറം നൂതനങ്ങളായ സങ്കേതങ്ങളെ കാലി വളർത്തലിലും പക്ഷി വളർത്തലിലും കൊണ്ടുവരാൻ നമുക്ക് കഴിയണം. പരമ്പരാ​ഗത കാലി വളർത്തൽ സങ്കൽപ്പങ്ങൾക്കൊപ്പം സാങ്കേതിക വിദ്യയുടെ സഹായം കൂടി തേടിയാൽ ഓരോ ഡയറി ഫാമുകളും ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറും. കേരളത്തിലെ ക്ഷീര കർഷകരും പക്ഷി കർഷകരും ലോകത്തിന് മുന്നിൽ ഓരോ പാഠപുസ്തകങ്ങളായി മാറാൻ കഴിയണം. ഇതിനെല്ലാം കർഷകരെ സഹായിക്കാനാണ് സംസ്ഥാന സർക്കാരും ക്ഷീര വികസന – മൃ​ഗസംരക്ഷണ വകുപ്പും ശ്രമിക്കുന്നത്.

ഈ മേഖലയിലേക്ക് യുവാക്കൾ കടന്നുവരുന്നത് ക്ഷീര- മൃ​ഗസംരക്ഷണ മേഖലക്ക് കൂടുതൽ ശക്തി പകരുന്നതാണ്. ഓരോ വിജയങ്ങളും ആഘോഷിക്കാനും ലോകത്തോട് വിളിച്ചു പറയാനും നമുക്ക് കഴിയണം. ഈ വിജയ കഥകൾ നേരിൽ കാണാൻ ലോകം നമ്മുടെ ഫാമുകളിലേക്ക് എത്തണം. അത്തരം നാളെകളിലാണ് നമ്മുടെ പ്രതീക്ഷ.

ചടയമംഗലം മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളളെപറ്റി പറയുകയാണെങ്കിൽ ഏറ്റവും പ്രധാപ്പെട്ടതാണ് ജടായുപ്പാറ അഥവാ ജടായു എർത്ത് സെന്റർ. രാമകഥയുമായി ഈ പാറയ്ക്ക് ഐതിഹ്യ ബന്ധമുണ്ട്. സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ തടയാൻ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠൻ രാവണൻറെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് ഐതീഹ്യം. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം ഇവിടെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 1200 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പെയിന്റ്‌ബോൾ, വാലീ ക്രോസിങ്ങ്, ബോൾഡറിങ്ങ്, സിപ് ലൻ, ട്രക്കിങ്ങ്, ആർച്ചറി, റാപ്പല്ലിങ്ങ്, ജുമാറിങ്ങ്, വാൾ ക്ലൈമ്പിങ്ങ് തുടങ്ങിയ വിനോദ-സാഹസിക പരിപാടികൾ ജഡായു സാഹസിക കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

അലയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലെ കുടുക്കത്തുപാറ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ്. സമുദ്രനിരപ്പിൽനിന്ന് 840-മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ.
കടയ്ക്കലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം മണ്ഡലത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്.

അത് പോലെ തന്നെ കുമ്മിൾ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം, വെളിനല്ലൂരിലെ ഇരപ്പിൽ വെള്ളച്ചാട്ടം, വട്ടത്തിൽ വെള്ളച്ചാട്ടം തുടങ്ങിയ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളും പൗരാണികമായ വെളിനല്ലൂർ ശ്രീരാമക്ഷേത്രവും നിർദ്ദിഷ്ട മാറ്റിടാംപാറ ടൂറിസം പദ്ധതിയും ഒക്കെ മണ്ഡലത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ ആണ്. ചരിത്രവും ഐതീഹ്യവും സാഹസികതയും ഒക്കെ കോർത്തിണക്കിക്കൊണ്ട് ഒരു ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താൻ സാധിച്ചാൽ അതൊരു വൻ കുതിച്ചുചാട്ടം ആയിരിക്കും നമ്മുടെ മണ്ഡലത്തിനും നമ്മുടെ കേരളാ ടൂറിസത്തിനും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close