KERALANEWS

ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി മന്ത്രി മുഹമ്മദ് റിയാസ്

ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥർ കൃത്യമായി ചുമതലകൾ നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയിൻ്റനൻസ് വിഭാഗം നിർജീവമായതിനെ കുറിച്ചുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയിൻ്റനൻസ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് വകുപ്പിൽ മെയിൻ്റനൻസ് വിഭാഗം ജോലിയില്ലാതെ ശമ്പളം വാങ്ങുന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി.സുധാകരൻ മന്ത്രിയായിരിക്കുമ്പോഴാണ് റോഡ് മെയിൻ്റനൻസ് വിഭാഗം രൂപീകരിച്ചത്. എന്നാൽ ഇതുവരെ ജോലിയൊന്നും ചെയ്യാതെ ശമ്പളം കൃത്യമായി വാങ്ങുന്നു എന്നായിരുന്നു വാർത്ത. റോഡ് അറ്റകുറ്റ പണിക്കായി രൂപീകരിച്ച വിഭാഗത്തിന് ഒരു റോഡിൻ്റെ പ്രവർത്തിക്ക് പോലും ഇതുവരെ സർക്കാർ അനുമതി നൽകിയിട്ടില്ല.

റോഡ് പണി നടത്താനായി രണ്ട് വ്യത്യസ്ത തരം പദ്ധതികളുടെ എസ്റ്റിമേറ്റ് മെയിൻ്റനൻസ് വിഭാഗം സമർപ്പിച്ചിട്ടും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒപിബിആർസി അഥവാ ഔട്ട് പുട്ട് ബേസ്ഡ് റോഡ് കോൺട്രാക്ട് എന്ന പദ്ധതി പ്രകാരം റോഡുകളുടെ അറ്റകുറ്റ പണിക്കായി ടെൻഡർ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും പൊതുമരാമത്ത് സെക്രട്ടറിയുടെ വിയോജിപ്പ് തടസ്സമായി. അവസാനം റണ്ണിം​ഗ് കോൺട്രാക്ട് എന്ന നിലയ്ക്ക് ഓരോ വർഷത്തേക്ക് അറ്റകുറ്റ പണി നടത്താൻ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും അതും സർക്കാർ തള്ളി. പുതിയ എസ്റ്റിമേറ്റിനായി ആലോചനയിലാണ് ഇപ്പോഴും മെയിൻ്റനൻസ് വിഭാഗം.

സ്വന്തമായി ഓഫീസോ വാഹനമോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ല, ചീഫ് എഞ്ചിനീയർ മുതൽ അസിസ്റ്റൻ്റ് എഞ്ചിനീയർ വരെ ഉദ്യോഗസ്ഥർ ഈ വിഭാഗത്തിൽ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുകയാണ്. പൊതുമരാമത്ത് പണികൾ സംബന്ധിച്ച് പരാതികൾ ബോധിപ്പിക്കാൻ PWD 4 U എന്ന പേരിൽ ആപ്പ് വകുപ്പ് പുറത്തിറക്കിയെങ്കിലും പരാതികൾ പരിഹരിക്കേണ്ട വിഭാഗത്തിൻ്റെ അറ്റകുറ്റപണി ഇതുവരെ തീർന്നിട്ടില്ല. ആയിരക്കണക്കിന് പരാതികൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. മഴക്കാല അറ്റകുറ്റ പണികളുടെ കണക്കിൽ റോഡ് വിങ് തന്നെയാണ് നിലവിൽ ചില്ലറ അറ്റകുറ്റ പണികൾ നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close