KERALANEWSTop News

കെ റെയിലിൽ അഞ്ച് മീറ്റർ സേഫ്റ്റി സോൺ ആണെന്ന് പുതിയ വാദം; തനിക്ക് തെറ്റ് പറ്റിയതാകാം, മനുഷ്യന് തെറ്റ് പറ്റാമല്ലോ; ബഫർ സോണിൽ പാർട്ടി സെക്രട്ടറി പറഞ്ഞത് ശരിവെച്ച് സജി ചെറിയാൻ; ആശങ്ക മാറാതെ ജനങ്ങൾ

തിരുവനന്തപുരം: സിൽവർ ലൈൻ പാതക്ക് ഇരുവശവും ബഫർ സോണുണ്ടാകില്ലെന്ന സ്വന്തം പ്രസ്താവന മാറ്റി പറഞ്ഞ് മന്ത്രി സജി ചെറിയാൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബഫർ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി തന്റെ പ്രസ്താവന തിരുത്തിയത്. ബഫർ സോണിൽ പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നുമാണ് സജി ചെറിയാൻ ന്യായീകരിച്ചത്.

അതേ സമയം പ്രതിഷേധങ്ങൾ തുടരുമ്പോഴും സിൽവർ ലൈൻ ബഫർ സോൺ ആശയക്കുഴപ്പങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫർസോൺ എന്നായിരുന്നു കെ റെയിൽ എംഡി വിശദീകരണം. ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ല.

സിൽവർ ലൈൻ പാതക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്നാണ് കോടിയേരി പറഞ്ഞത്. ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ കോടിയേരി, കെ റെയിൽ എംഡി വി അജിത് കുമാർ പറയുന്നതാണ് ശരിയെന്ന് സ്ഥിരീകരിച്ചു. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദത്തെ തള്ളി കോടിയേരിയുടെ വിശദീകരണം. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സർവേക്കെതിരെ കോഴിക്കോട് കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു.

ആശയക്കുഴപ്പം മന്ത്രിക്ക് മാത്രമോ?

കെ റെയിലിന് ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പറഞ്ഞത്. താൻ പദ്ധതി വ്യക്തമായി പഠിച്ചിട്ടാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ, കെ റെയിൽ എം.ഡി വി അജിത് കുമാർ തന്റെ വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ വാദം തള്ളുകയും ചെയ്തു. ഇരു ഭാഗത്തും അഞ്ചു മീറ്റർ വീതം ബഫർ സോണുണ്ടെന്നായിരുന്നു എം.ഡിയുടെ വിശദീകരണം. പദ്ധതിയുടെ വിശദമായ റിപ്പോർട്ടിലും ഇരുഭാഗങ്ങളിലും ബഫർ സോണുണ്ടാകുമെന്നും അവിടെ നിർമ്മാണ നിയന്ത്രണങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്.

മന്ത്രിയുടെയും കെ റെയിൽ എം.ഡിയുടെയും പ്രസ്താവനകൾ പരസ്പര വിരുദ്ധമായത് വലിയ വിവാദത്തിന് കാരണമായിരുന്നു. അതേതുടർന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഇന്ന് തിരുത്തുമായി രംഗത്തെത്തി. മന്ത്രി പറഞ്ഞത് തെറ്റാണെന്നും കെ റെയിൽ എം.ഡി പറഞ്ഞതാണ് ശരിയെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.

കെ റെയിലിൽ അഞ്ച് മീറ്റർ സേഫ്റ്റി സോണാണ് ഉള്ളതെന്ന പുതിയ വാദവുമാണ് മന്ത്രി രംഗത്തെത്തിയത്. സേഫ്റ്റി സോണിൽ ഭൂമിയുടെ പൂർണ അവകാശം ഉടമയ്ക്കാണ്. അവർക്ക് ലോൺ എടുക്കുകയും വിൽക്കുകയും ചെയ്യാമെന്നും സജി ചെറിയാൻ പറയുന്നു.

‘ബഫർ സോണും സേഫ്റ്റി സോണുമാണും ഉണ്ട്. രണ്ടും രണ്ടാണ്. കെ റെയിലിൽ അഞ്ച് മീറ്റർ സേഫ്റ്റി സോണാണ്. അത് അപകടങ്ങൾ ഉണ്ടാവാതിരിക്കാനാണ്. അഞ്ച് മീറ്ററിനുള്ളിൽ കൺസ്ട്രക്ഷൻ പാടില്ല. അഞ്ച് മീറ്റർ കഴിഞ്ഞാൽ കൺസ്ട്രക്ഷൻ പറ്റും. സേഫ്റ്റി സോൺ ആണെങ്കിൽ അവർക്ക് ലോൺ എടുക്കാം, വിലക്കാം. ഭൂമിയുടെ പൂർണ അവകാശം ഉടമക്കാണ്. ബഫർ സോൺ ആണെന്ന വാദം തെറ്റിദ്ധാരണയുണ്ടാക്കാൻ.’ സജി ചെറിയാൻ പറയുന്നു.

ബഫർ സോൺ എത്ര മീറ്റർ കംപ്ലീറ്റ് ആശയക്കുഴപ്പം

കേന്ദ്ര പാതയിൽ നിന്നും 30 മീറ്റർ ചുറ്റളവിൽ നിർമ്മാണം വിലക്കണമെന്നാണ് സിൽവർ ലൈൻ ഡിപിആറിന്റെ ഭാഗമായുള്ള എക്‌സിക്യുട്ടീവ് സമ്മറിയിൽ സർക്കാറിനുള്ള നിർദ്ദേശം. സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്നാണ് കെറെയിൽ എംഡി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം.

എന്നാൽ അതേ സമയം, വിവരാവകാശ നിയമപ്രകാരം കെ റെയിൽ നേരത്തെ കെ റെയിൽ വിരുദ്ധ സമരസമിതിക്ക് നൽകിയ മറുപടിയിൽ ബഫർ സോൺ 15 മീറ്ററാണ്. എക്‌സിക്യുട്ടീവ് സമ്മറി നിർദ്ദേശിച്ച 30 മീറ്റർ എന്നത് ഇരുവശങ്ങളിലായി 15 മീറ്റർ വീതം എന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് കെ റെയിൽ വിശദീകരണം. അങ്ങനെയെങ്കിൽ അത് എന്തുകൊണ്ട് കൃത്യമായി ഡിപിആറിൽ ഇക്കാര്യം വ്യക്തമാക്കിയില്ല എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.

എംഡി പറഞ്ഞ 10 മീറ്ററിൽ ആദ്യ അഞ്ച് മീറ്ററിൽ നിർമ്മാണത്തിനു വിലക്കും ബാക്കി അഞ്ചിൽ എൻഒസി നിർബന്ധവും എന്നാണ്. എൻഒസി വേണ്ട പ്രദേശം സർക്കാർ ഏറ്റെടുക്കുന്നില്ല. ഈ സ്ഥലത്തെ നിർമ്മാണത്തിന് ഭാവിയിൽ അനുമതി കിട്ടാൻ സാധ്യത വളരെ കുറവാണ്. സ്ഥലമുടമ വിൽക്കാനും ബുദ്ധിമുട്ടും, നഷ്ടപരിഹാരവുമുണ്ടാകുമോ എന്നും ഉറപ്പില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close