KERALANEWSTrending

സൈജുവിന്റെ ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ; ചാറ്റുകളിൽ ലഹരിയെ കുറിച്ച് പരാമർശവും; ലഹരിമാഫിയയുടെ മുഖ്യ കണ്ണിയായ സൈജു കുടുങ്ങിയത് ഇങ്ങനെ

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനുമായി പോലീസ് തെളിവെടുപ്പ് നടത്തി. മോഡലുകളും സൈജുവും ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, മോഡലുകളുടെ കാര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ച കുണ്ടന്നൂര്‍ ജങ്ഷന്‍, അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. വാഹനം പിന്തുടര്‍ന്ന കാര്യങ്ങള്‍ സൈജു അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.

സൈജുവിനെ 30 വരെ എറണാകുളം ജെ.എഫ്.സി.എം. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. സൈജുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. നേരത്തെ അറസ്റ്റിലായ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്നു കണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ച അബ്ദുള്‍ റഹ്മാന്‍ മദ്യപിച്ചിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് സൈജു പിന്തുടര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. സൈജു നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പോലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരേ ചുമത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം സൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും സൈജുവിനെതിരേ കേസുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പാലാരിവട്ടം സ്റ്റേഷനിലും സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിന്റെ ഔഡി കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ ആളത്ര നിസ്സാരക്കാരനല്ല. ഇയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.

2021 മേയിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്.

നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ സൈജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.

നമ്പർ 18 ഹോട്ടലിനു ഉന്നതരുമായുള്ള ബന്ധം അന്വേഷണത്തിലുടനീളം നിഴലിക്കുന്നുണ്ട്. ഇനി ഈ കേസും കൈമറിഞ്ഞ് അന്വേഷണം എൻസിബിയിലേക്ക് എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.

സൈജുവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാള്‍ നടത്തിയ മൊബൈല്‍ ചാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും.

ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കളുടെയും ഇവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും സൈജുവിന്റെ ഫോണിലുണ്ട്. നിരവധി യുവതികളുടെ ചിത്രങ്ങളും കണ്ടെടുത്തു. ഇതിലെല്ലാം സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close