INDIANEWS

നിയമസഭാസമാജികരുടെ വേതന വര്‍ദ്ധന ശുപാര്‍ശയ്‌ക്ക്‌ അംഗീകാരം;കോവിഡ്‌ മഹാമാരിക്കിടയിലും വേതന വര്‍ദ്ധന നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍; രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന എംഎല്‍എമാര്‍ എവിടുത്തുകാര്‍ ആണെന്ന്‌ അറിയണോ?


ന്യൂഡല്‍ഹി: നിയമസഭാ സമാജികരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ വേതന വര്‍ദ്ധന നടപ്പാക്കുന്നത്‌. മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളാണ്‌ ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്‌.

12,000 രൂപയില്‍ നിന്ന്‌ 30,000 രൂപയായാണ്‌ അടിസ്ഥാന വേതനത്തില്‍ വര്‍ദ്ധന. നിലവില്‍ 12,000 രൂപ അടിസ്ഥാന ശമ്പളവും 42,000 രൂപ മറ്റ്‌ അലവന്‍സുകളുമായി മൊത്തം 54,000 രൂപയാണ്‌ ലഭിക്കുന്നത്‌. ഇനി ഇത്‌ വേതനം 30,000വും അലവന്‍സുകള്‍ 60,000 ആയി ഉയരും. ഇനി മുതല്‍ ഇവര്‍ക്ക്‌ 90,000 രൂപയാകും പ്രതിമാസം ലഭിക്കുക.

അതേസമയം രാജ്യത്ത്‌ ഏറ്റവും കുറവ്‌ വേതനം കിട്ടുന്നത്‌ ഡല്‍ഹിയിലെ നിയമസഭാ സമാജികര്‍ക്കാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ഡല്‍ഹിനിയമസഭാ സമാജികരുടെ വേതനത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ സമാജികരുടെ വേതനത്തിന്‌ തുല്യമായി തങ്ങളുടേതും ഉയര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ വേതന വര്‍ദ്ധന നടപ്പാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്‌.കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ യോഗം തീരുമാനത്തിന്‌ അംഗീകാരം നല്‍കി.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വേതനമുള്ളത്‌ തെലങ്കാനയിലെ എംഎല്‍എമാര്‍ക്കാണ്‌. രണ്ടരലക്ഷം രൂപയാണ്‌ ഇവരുടെ പ്രതിമാസവേതനം. ഇരുപതിനായിരം രൂപ വേതന ഇനത്തില്‍ ലഭിക്കുമ്പോള്‍ മണ്ഡല അലവന്‍സ്‌, സെക്രട്ടേറിയേല്‍ ഓഫീസ്‌ അലവന്‍സ്‌, ടെലിഫോണ്‍ അലവന്‍സ്‌, കണ്‍വയന്‍സ്‌ അലവന്‍സ്‌ തുടങ്ങി വിവിധ പേരുകളിലാണ്‌ ബാക്കി തുക ഇവരുടെ കൈകളില്‍ എത്തിച്ചേരുന്നത്‌.

തൊട്ടുപിന്നാലെ ഉത്തരാഖണ്ഡ്‌ ഉണ്ട്‌. 1.98 ലക്ഷമാണ്‌ ഉത്തരാഖണ്ഡ്‌ എംഎല്‍എമാരുടെ വേതനം. ഹിമാചല്‍ പ്രദേശില്‍ ഇത്‌ 1.90 ലക്ഷമാണ്‌. ഹരിയാനയിലാകട്ടെ എംഎല്‍എമാര്‍ക്ക്‌ 1.55 ലക്ഷം പ്രതിമാസം ലഭിക്കുന്നു.

രാജസ്ഥാന്‍ എംഎല്‍എമാര്‍ക്ക്‌ 1.42ലക്ഷം രൂപ ലഭിക്കുമ്പോള്‍ ബിഹാറില്‍ 1.30 ലക്ഷവും ആന്ധ്രയില്‍ 1.25 ലക്ഷവും ലഭിക്കുന്നു. ഗുജറാത്ത്‌ എംഎല്‍എമാര്‍ക്ക്‌ 1.050 ലക്ഷംരൂപയാണ്‌ പ്രതിമാസ ശമ്പളം. ഉത്തര്‍പ്രദേശിലെ എംഎല്‍എമാരുടേത്‌95.000 രൂപയാണ്‌.

കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം എഴുപതിനായിരം രൂപയാണ്‌. ഇതിന്‌ പുറമെ മറ്റ്‌ അലവന്‍സുകളുമുണ്ട്‌. ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ എംഎല്‍എമാരുടെ വേതനം കേവലം 20,000 മാത്രമാണെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close