KERALANEWSTrending

മോഡലുകളുടെ മരണം; സൈജുവിന്റെ ലഹരിപ്പാർട്ടിയ്ക്ക് എത്തിയവരും കുടുങ്ങുന്നു; ഏഴ് യുവതികൾ ഉൾപ്പെടെ പതിനേഴ് പേർക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ സൈജു തങ്കച്ചന്റെ ലഹരിപ്പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെ കേസ്. ഏഴ് യുവതികൾ ഉൾപ്പെടെ പതിനേഴ് പേർക്കെതിരെയാണ് കേസ്. ലഹരി പാർട്ടി നടന്ന പ്രദേശങ്ങളിലെ ഏഴ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈജുവിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ഫോണിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ള യുവതികളെയും യുവാക്കളെയും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞ ഭൂരിഭാഗം പേരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. പലരേയും ബന്ധപ്പെടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ലഹരി പാർട്ടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ഇവരിൽ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. രഹസ്യമായി നടത്തിയ ലഹരി പാർട്ടികളുടെ ദൃശ്യങ്ങളാണ് സൈജുവിന്റെ മൊബൈലിൽ കണ്ടെത്തിയത്. ഇതിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരേയാണ് ആദ്യഘട്ടത്തിൽ വിളിച്ച് വരുത്തിയത്. കേരളത്തിലേക്ക് ലഹരി കടത്തുന്നവരേക്കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചതായാണ് വിവരം. സൈജുവിന് എതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരമുള്ള ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊബൈലിലെ രഹസ്യ ഫോൾഡറി‍ൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ള യുവതികളെയും യുവാക്കളെയും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു തുടങ്ങി.

ഇവർ പങ്കെടുത്ത ലഹരി പാർട്ടികൾ സംബന്ധിച്ച വിവരങ്ങളാണു ചോദിച്ചറിയുന്നത്. രഹസ്യമായി നടത്തിയ ലഹരി പാർട്ടികളുടെ ദൃശ്യങ്ങളാണു സൈജുവിന്റെ മൊബൈലിൽ കണ്ടെത്തിയത്. ഇതിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരെയാണ് ആദ്യഘട്ടത്തിൽ വിളിച്ചുവരുത്തിയത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകൾ റജിസ്റ്റർ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരുടെ കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.

മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടത്തിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന് എതിരെ എക്സൈസും കേസ് റജിസ്റ്റർ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്.

മോഡലുകൾ പങ്കെടുത്ത ഒക്ടോബർ 31ലെ പാർട്ടിയിൽ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിനു ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകൾ പരിശോധിച്ചും തെളിവുകൾ കണ്ടെത്തിയതായി എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ. കെ. അനിൽകുമാർ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടർന്നു നമ്പർ 18 ഹോട്ടലിലെ ബാർ ലൈസൻസ് നേരത്തെ എക്‌സൈസ് റദ്ദാക്കിയിരുന്നു.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ ആളത്ര നിസ്സാരക്കാരനല്ല. ഇയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.

കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്നും ആരോപണമുണ്ട്. ഇതിനു തെളിവായി സൈജുവിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

2021 മേയിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്.

നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ സൈജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.

നമ്പർ 18 ഹോട്ടലിനു ഉന്നതരുമായുള്ള ബന്ധം അന്വേഷണത്തിലുടനീളം നിഴലിക്കുന്നുണ്ട്. ഇനി ഈ കേസും കൈമറിഞ്ഞ് അന്വേഷണം എൻസിബിയിലേക്ക് എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.

കേസിൽ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് ഉടൻ പരാതി നൽകും. ലഭ്യമായ വിവരങ്ങൾ മുഴുവൻ സംസ്ഥാന പൊലീസിനു കൈമാറിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാൻ ബന്ധുക്കൾ ശ്രമിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close