
ലക്നൗ: നൂറ് വയസ്സുള്ള തന്റെ അമ്മ വാക്സിനേഷനുള്ള അവസരത്തെ കാത്തിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിനെടുക്കാൻ അവസരം കാത്തിരുന്നുവെന്നും തന്റെ ഊഴം എത്തിയപ്പോഴാണ് അമ്മ വാക്സിനെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ സംഘടിപ്പിച്ച പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അമ്മ വാക്സിനേഷനായുള്ള ഊഴം കാത്തിരിക്കുകയാണ്. അതിനാൽ ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടില്ല. എന്നാൽ ചിലർ അങ്ങനെയല്ലെന്നും ആദ്യം അവർക്കെല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സമാജ്വാദി പാർട്ടിയേയും കോൺഗ്രസിനേയും ലക്ഷ്യം വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘എനിക്കും അമ്മയ്ക്കും വാക്സിൻ ലഭിച്ചു. അവർക്ക് 100 വയസ്സ് പ്രായമുണ്ട്. പക്ഷെ വാക്സിനായി അവസരം കാത്തിരിക്കുകയായിരുന്നു. 100 വയസ്സാണെങ്കിലും മറ്റ് രോഗങ്ങളൊന്നും തന്നെ അമ്മയ്ക്കില്ല. അതിനാൽ ബൂസ്റ്റർ ഡോസ് പോലും ലഭിച്ചിട്ടില്ല. മറ്റു ചിലരായിരുന്നെങ്കിൽ ആദ്യം അവർക്കെല്ലാം വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കുമായിരുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായാണ് നൽകിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരിവാർവാദികൾ ആയിരുന്നുവെങ്കിൽ അവർ ഇതിലും കച്ചവടം കണ്ടേനെ, വാക്സിനുകൾ വിറ്റേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയും സ്മൃതി ഇറാനി ഇവിടെ നിന്നും ജയിക്കുകയുമായിരുന്നു.