KERALANEWS

‘പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് അവൾ അനുഭവിച്ചത്, പോലീസിലും നിയമത്തിലും അവൾക്ക് അത്ര വിശ്വാസമായിരുന്നു’; വിങ്ങിപ്പൊട്ടി മോഫിയയുടെ ഉമ്മ

ആലുവ: നീതി കിട്ടുമെന്ന് കരുതിയാണ് മോഫിയ പോലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് ഉമ്മ. നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്കു പോയി. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് പരാതികള്‍ പറഞ്ഞു. മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭർത്താവിന്റെ വീട്ടുകാർ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു. പോലീസിലും നിയമത്തിലും മകൾക്ക് അത്ര വിശ്വാസമായിരുന്നുവെന്നും ഉമ്മ ഫാരിസ പറഞ്ഞു.

നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന ആലുവ സിഐയെ സസ്പെന്‍ഡ് ചെയ്യണന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരസ്ഥലത്തേക്ക് മോഫിയയുടെ ഉമ്മ എത്തി. വിങ്ങിപ്പൊട്ടിയ മോഫിയയുടെ ഉമ്മയെ നേതാക്കള്‍ ആശ്വസിപ്പിച്ചു. സമര പന്തലിലെത്തിയ മോഫിയയുടെ മാതാവ് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു- “എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ലാ, ഞാന്‍ വന്നില്ല അന്ന് കൂടെ”- എന്നു മാതാവ് പറഞ്ഞു. ‘സമാധാനിക്ക് ദൈവത്തോട് പ്രാര്‍ഥിക്കാ’മെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ മോഫിയയുടെ മാതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അതേസമയം, സിഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി. സിഐയ്ക്ക് സ്റ്റേഷന്‍ ചുമതല നല്‍കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണത്തിനു മുന്‍പ് മോഫിയയ്ക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും എംഎല്‍എ വ്യക്തമാക്കി.

മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പോലീസ് ചെയ്തത്.

ഒടുവിൽ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ ആലുവ ഈസ്റ്റ് സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടെ സുധീര്‍ പെൺകുട്ടിയേയും അച്ഛനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനിൽ നിന്ന് മടങ്ങി. പിന്നീട് വൈകിട്ട് ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്. സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയെന്നും സിഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്ക് അറിയിച്ചിട്ടുണ്ട്.

രണ്ട് മാസം മുമ്പാണ് സുഹൈൽ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസയക്കുന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. വിവാഹമോചനശേഷം മതാചാരപ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇതും പരാതിയായി പൊലീസിന് നൽകിയിരുന്നതാണ്. എന്നാൽ പൊലീസ് ഗാർഹികപീഡനമടക്കം ഒരു പരാതിയും കാര്യമായി എടുത്തില്ലെന്ന് മോഫിയ പർവീണിൻറെ അച്ഛൻ പറയുന്നു.

ഇന്നലെ സ്റ്റേഷനിലെത്തിയപ്പോൾ സിഐ മകളെ ചീത്ത വിളിച്ചു. ഇക്കാര്യം മോഫിയ ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. എന്നാൽ ഭർത്താവിനോട് മോശമായി സംസാരിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. കടുത്ത ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സ്റ്റേഷൻ സിഐയെ ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ആലുവ ഡിവൈഎസ്പി അന്വേഷിക്കും. എന്നാൽ സിഐയെ സസ്പെൻഡ് ചെയ്യാതെ ഒരു അന്വേഷണത്തിനോടും സഹകരിക്കാനില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്.

‘ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!’– ഭർത്താവിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാണ് കത്ത് അവസാനിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close