
കൊച്ചി: ഭർതൃ പീഡനത്തെ തുടർന്ന് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭര്‍ത്താവ് സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
പ്രതികളുടെ ജാമ്യേപാക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. മോഫിയയുടെ ആത്മഹത്യ കേസ് കഴിഞ്ഞ ദിവസമാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു.
ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു.
അതേസമയം നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പോലീസിനെ രൂക്ഷമായി വിമർശിച്ച് ഗവർണറും. രാജ്യത്തെ ഏറ്റവും മികച്ച സംവിധാനമാണ് കേരള പോലീസെന്നും എന്നാൽ ചിലയിടത്ത് ആലുവയിലേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. ആലുവയിൽ മോഫിയയുടെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഗവർണ്ണറുടെ വിമർശനം.
മോഫിയയുടെ മരണം ദുഃഖകരമായ സംഭവമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്ത്രീധനത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തണം. സ്ത്രീധനത്തിനെതിരെ 18 നിയമങ്ങൾ നിലവിലുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന രീതി ഇല്ലാതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഉച്ചക്കാണ് ആലുവയിലെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളെ ഗവർണ്ണർ സന്ദർശിച്ചത്.
അതേസമയം മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെതിരെ എഫ്ഐആറില്‍ പരാമര്‍ശം. സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മോഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. മോഫിയയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെവെച്ച് മോഫിയ ഭര്‍ത്താവിന്റെ കരണത്തടിച്ചു. ഇതില്‍ മോഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിച്ചു. ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മോഫിയ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
മോഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി ഐ സുധീർ കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മോഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നെന്ന് റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊമോഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കി. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മോഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ട്.
നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നായിരുന്നായിരുന്നു ഇതിനോടുള്ള പോലീസിന്റെ ആദ്യ പ്രതികരണം.
മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.
നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.
അതേസമയം ആലുവ സിഐ സി. എൽ സുധീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗാർഹിക പീഡന പരാതി നൽകിയ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കിൽ നാളെ തന്റെ പേരും കേൾക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താൻ പോലും അയാൾ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
“ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാൻ ആശുപത്രിയിൽ കഴിഞ്ഞത്. ഭർത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഭർത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു”, യുവതി പറഞ്ഞു.
സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാൻ 50,000 രൂപയാണ് ഭർത്താവിൽ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. “എന്നെ വേശ്യയെന്ന് പരസ്യമായാണ് വിളിച്ചത്. പണത്തിന് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത്”, അവർ കൂട്ടിച്ചേർത്തു.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.
കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തി. ആരോപണം ഉയർന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പോലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്.
ഇതിന് മുമ്പ് അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചൽ സി ഐ യായിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്