സ്നേഹം നിറഞ്ഞ കുഞ്ഞു വീട്ടിൽ ദുഖം അലയടിക്കുന്നു; നടുക്കം മാറാതെ നാടും

പാലക്കാട്: ആർക്കും മാതൃകയാക്കാവുന്ന കുടുംബത്തിലേക്ക് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം കടന്നു വന്നതിന്റെ ഞെട്ടലിലാണ് എലവഞ്ചേരിയിലെ കുമ്പളക്കോട്ട് ഗ്രാമം. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയനിലെ ഹവിൽദാർ എലവഞ്ചേരി എം.അശോക്കുമാറിന്റെ മരണവാർത്ത നാട്ടുകാർക്ക് ഉൾക്കൊള്ളാനാകുന്നില്ല. ആഗ്രഹപ്രകാരം പണിതീർത്ത വീട്ടിൽ നാലുമാസം മുമ്പായിരുന്നു അശോക് കുമാറിന്റെ മകൾ സാൻവികയുടെ പിറന്നാൾ ആഘോഷം.
മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയനിലെ ഹവിൽദാർ എലവഞ്ചേരി എം.അശോക്കുമാറും രാജ്യാന്തര കായിക താരവും ഇതേ ക്യാംപിലെ അസിസ്റ്റന്റ് കമൻഡാന്റുമായ എസ്.സിനിയും വലിയ സ്വപ്നങ്ങളുമായാണ് എലവഞ്ചേരി കുമ്പളക്കോട്ടിൽ പുതിയ വീട് ഒരുക്കിയത്. ആ വീടിനൊരു പേരിട്ടു– കുഞ്ഞു വീട്. ഈ വീട്ടിലായിരുന്നു മകളുടെ പിറന്നാളാഘോഷം.
കുമ്പളക്കോട്ട് ഒന്നര വർഷം മുൻപു പുതിയ വീട്ടിൽ പാലുകാച്ചൽ ചടങ്ങു നടത്തിയെങ്കിലും കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു സ്നേഹ വിരുന്നു നടത്താൻ അശോക്കുമാർ- സിനി ദമ്പതികൾക്കു കഴിഞ്ഞിരുന്നില്ല. ആ കുറവ് നികത്തിയാണു മകൾ സാൻവികയുടെ ഒന്നാം പിറന്നാളിന് നാലു മാസം മുൻപ് എല്ലാവരെയും ക്ഷണിച്ചു ചടങ്ങു നടത്തിയത്.
2015ൽ സർവീസിൽ കയറിയ അശോക്കുമാറിന്റെ ജീവിതത്തിലേക്ക് 2020ലാണു കായികതാരമായ സിനി ജീവിതസഖിയായി എത്തിയത്. നേരിട്ട് ഓഫിസർ തസ്തികയിൽ നിയമനം ലഭിച്ച സിനി ഇപ്പോൾ അസിസ്റ്റന്റ് കമൻഡാന്റ് ആണ്. ജീവിതം സന്തോഷപൂർവം മുന്നോട്ടു പോകുന്നതിനിടെ എത്തിയ ദുരന്തത്തിന്റെ ആഘാതത്തിലാണു നാടും വീടും. അശോക്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മുട്ടിക്കുളങ്ങര ക്യാംപിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് എലവഞ്ചേരി കുമ്പളക്കോട്ടെ വീട്ടിലെത്തിച്ചു. സിനിയെ ആശ്വസിപ്പിക്കാനാകാതെ സഹപ്രവർത്തകരടക്കം കണ്ണീരണിഞ്ഞു. അശോക് കുമാറിന്റെ മൃതദേഹം ഇന്നലെ രാത്രി വീടിനടുത്തുള്ള പൊതുശ്മശാനത്തിൽ പൊലീസ് ബഹുമതിയോടെ സംസ്കരിച്ചു.
മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാർമാരായ എം.അശോക്കുമാർ (35), മോഹൻദാസ് (36) എന്നിവരാണു മരിച്ചത്. പൊലീസ് ക്യാംപിൽ നിന്ന് 200 മീറ്റർ അകലെയുള്ള പാടശേഖരത്തിലാണു സംഭവം. ബുധനാഴ്ച രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റതാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം സൂചനകളെന്നു പൊലീസ് പറഞ്ഞു. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.
കാട്ടുപന്നി വൈദ്യുതിക്കമ്പിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഇന്നലെ പുലർച്ചെ ഒന്നരയോടെ സ്ഥലത്തെത്തിയ സ്ഥലം ഉടമ ഇരുവരും മരിച്ചുകിടക്കുന്നതു കണ്ടെന്നാണു പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. തുടർന്നു തെളിവു നശിപ്പിക്കാനാണ് ഇരുവരെയും പാടത്തു കൊണ്ടുവന്നിട്ടത്. രണ്ടു മൃതദേഹങ്ങളും തമ്മിൽ 60 മീറ്റർ അകലമുണ്ടായിരുന്നു. പാടവരമ്പിനോടു ചേർന്ന് ഒറ്റനോട്ടത്തിൽ കാണാത്ത വിധത്തിലാണു മൃതദേഹങ്ങൾ കിടന്നിരുന്നത്. സമീപത്തു നിന്ന് ഒരു കുടയും കിട്ടിയിട്ടുണ്ട്.
മൃതദേഹം കിടന്നിരുന്നിടത്തു വൈദ്യുതാഘാതമേറ്റതിന്റെ അടയാളങ്ങളൊന്നും ഇല്ല. പാടത്തിനു മുകളിലൂടെ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പോകുന്നുണ്ടെങ്കിലും ഇതിൽ നിന്നു ഷോക്കേൽക്കാൻ സാധ്യതയില്ല. ബുധനാഴ്ച ഡ്യൂട്ടിക്കു ശേഷം കൂട്ടുകാരോടൊത്തു ഷട്ടിൽ കളിച്ചിരുന്ന ഇരുവരെയും രാത്രി 11നു ശേഷമാണു കാണാതായത്. ക്യാംപിലെ ക്വാർട്ടേഴ്സിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിക്കുന്നത്. രാത്രി തിരിച്ചെത്താത്തതിനെത്തുടർന്നു പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പൊലീസിലും വിവരം അറിയിച്ചു.
ഇന്നലെ രാവിലെ സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണു വിജനമായ പാടത്തു മൃതദേഹങ്ങൾ കണ്ടെത്തിയത്. ക്യാംപിന്റെ വലിയ മതിൽ കടന്ന് ഇവർ എങ്ങനെ പാടത്തെത്തി എന്നും അന്വേഷിക്കുന്നുണ്ട്. പാടത്തു നിന്ന് ഒരാളുടെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. രാത്രി മീൻ പിടിക്കാനോ മറ്റോ പോയതായാണു സംശയിക്കുന്നതെന്നു പൊലീസ് പറഞ്ഞു.