INDIANEWS

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു; അപകടം പുല്ലുപറിക്കാന്‍ പോയപ്പോള്‍


ഹമിര്‍പൂര്‍ പ്രദേശ്: കടന്നല്‍കുത്തേറ്റ് അമ്മയും മകളും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഹമീര്‍പുര്‍ ജില്ലയിലാണ് സംഭവം.

ചണ്ഡിഗണ്ഡിലെ പിജിഐ ആശുപത്രിയിലാണ് അമ്മയ്ക്കും മകള്‍ക്കും അന്ത്യം സംഭവിച്ചത്. വിദ്യാദേവി(47) അഞ്ജനകുമാരി(20) എന്നിവരാണ് മരിച്ചത്. പുല്ല് പറിക്കാന്‍ വയലില്‍ പോയപ്പോഴാണ് ഇവര്‍ക്ക് കടന്നലിന്റെ കുത്തേറ്റത്. ഒരു പറ്റം കറുത്ത കടന്നലുകളാണ് അമ്മയെയും മകളെയും ആക്രമിച്ചത്.

ഇവരുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം ഹമിര്‍പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇവരെ ടന്‍ഡ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് ചണ്ഡിഗഢിലെ പിജിഐയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ഇരുവര്‍ക്കും അന്ത്യം സംഭവിച്ചത്.

മദന്‍ലാലാണ് മരിച്ച വിദ്യാദേവിയുടെ ഭര്‍ത്താവ്. ഇദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. വളരെ പാവപ്പെട്ട കുടുംബമാണ് ഇവരുടേത്. സര്‍ക്കാര്‍ ഈ കുടുംബത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close