NEWS

വീട്ടമ്മയിൽ നിന്നും യുവതി തട്ടിയെടുത്തത് എട്ടുലക്ഷം രൂപയും പന്ത്രണ്ടര പവൻ സ്വർണവും; തട്ടിപ്പ് നടത്തിയത് അമ്പത് ലക്ഷത്തിന്റെ ചികിത്സാ സഹായം കാനഡയിൽ നിന്നും ലഭിക്കുമെന്ന് പറഞ്ഞ്; പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

കൊല്ലം: അമ്പത് ലക്ഷം രൂപ ചികിത്സാ ധനസഹായം നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ കയ്യിൽ നിന്നും എട്ടുലക്ഷം രൂപയും പന്ത്രണ്ടര പവൻ സ്വർണവും തട്ടിയെടുത്ത യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി. കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിൽ കുന്നേൽ വടക്കതിൽ രാജന്റെ ഭാര്യ രാധയുടെ കയ്യിൽ നിന്നാണ് ചിഞ്ചു ജോയി എന്ന യുവതി പണവും സ്വർണവും തട്ടിയെടുത്തത് എന്നാണ് ആരോപണം. മൈനാഗപ്പള്ളിയിൽ കല്ലുകടവിൽ നിന്നാണ് യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

രാധയുടെ ഭർത്താവിന്റെ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിൽ ആയിരുന്നപ്പോൾ ആണ് രാധയുടെ അനിയത്തിയുടെ മകൾ രേഷ്മ വഴി ചിഞ്ചുജോയിയെ പരിചയപ്പെടുന്നത്. ചികിത്സാ സഹായമായി കാനഡയിൽ നിന്നും 50,00000 ലക്ഷം രൂപ വാങ്ങിത്തരാമെന്നും പറഞ്ഞാണ് യുവതി രാധയുമായും ഭർത്താവുമായും ബന്ധം സ്ഥാപിക്കുന്നത്. ഇതിനായി പത്തനംതിട്ട ജില്ലയിൽ പറക്കോട് ഫെഡറൽ ബാങ്കിൽ നിന്ന് വീട്ടമ്മയെ അക്കൗണ്ട് എടുപ്പിച്ച് മൂന്ന് ചെക്ക് ലീഫും കൊടുത്തു. പല ദിവസങ്ങളിലായി വീട്ടമ്മയെ അടൂരിലേക്ക് ചിഞ്ചു വിളിക്കുകയും അവിടെ നിന്നു ടൂ വീലറിൽ ബാങ്കിലേക്ക് കൂട്ടി കൊണ്ട് പോകുകയും ആയിരുന്നു.

അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കിലും 15 ലക്ഷത്തിന്റെ ഒരു ചെക്കിലും , 25 ലക്ഷത്തിന്റെ ഒരു ചെക്കിലും വീട്ടമ്മയെ കൊണ്ട് ചിഞ്ചു ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. ബാങ്കിൽ നിന്നും പല ഉദ്ദ്യോഗസ്ഥരും ഈ തട്ടിപ്പ് സംഘത്തിന് കൂട്ടായുണ്ട് എന്നാണ് ഇവർ ആരോപിക്കുന്നത്. അക്കൗണ്ടിൽ കാശ് വരുമ്പോൾ ടാക്സായി എട്ടു ലക്ഷം രൂപ അടക്കണം എന്ന് പറഞ്ഞാണ് യുവതി രാധയുടെ കയ്യിൽ നിന്നും പണം വാങ്ങിയിരുന്നത്.

തുടർന്ന് പ്രസീത എന്ന സ്ത്രീയെ ബാങ്ക് ഉദ്ദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഇവരെ ഫോണിൽ വിളിപ്പിക്കുകയും കുറച്ച് തുക അടക്കണം എന്നാവശ്യപ്പെട്ടു. ഇതിനായി രാധയിൽ നിന്നും സ്വർണ്ണം വാങ്ങിപ്പിക്കുകയും ചെയ്തിരുന്നു. സ്വർണ്ണവും പണവും എല്ലാം പലരുടെയും കയ്യിൽ നിന്ന് കടം വാങ്ങിക്കുകയും പന്മന സർവ്വീസ് സഹകരണാ ബാങ്കിൽ നിന്നും ലോണും എടുത്താണ് രാധ ഇവർ ആവശ്യപ്പെട്ട തുക നൽകിയത്. ഇപ്പോൾ ബാങ്കിലെ പലിശയും, പണം കടം തന്ന് സഹായിച്ചവരും സ്വർണ്ണം തന്ന് സഹായിച്ചവരും തിരികെ ചോദിക്കാനും തുടങ്ങിയതോടെ രാധക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയായി.

ഇപ്പോൾ ഇവർ മറ്റൊരു ബന്ധുവീട്ടിൽ ആണ് താമസിക്കുന്നത്. ചിഞ്ചു പറഞ്ഞ ധനസഹായം തങ്ങൾക്ക് കിട്ടാതെ വന്നപ്പോൾ രാധ അതിനെപറ്റി ചോദിച്ചു. അക്കൗണ്ടിലേക്കുള്ള ട്രാൻസാക്ഷൻ നടക്കാത്തതിലാണ് ചെക്ക് മാറാൻ പറ്റാത്തത് എന്നായിരുന്നു ചിഞ്ചുവിന്റെ മറുപടി. അതിന് ഒരു അപേക്ഷയിൽ ഒപ്പിടാൻ ഉണ്ട് എന്ന് പറഞ്ഞാണ് ഇന്ന് രാവിലെ 10.30 മണിക്ക് പ്രതി കല്ലുകടവിൽ എത്തിയതും നാട്ടുകാർ തടഞ്ഞുവച്ചതും .

സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി അബ്ദുൾ റഷീദ് വിവരം അറിയിച്ചതനുസരിച്ച് ശാസ്താംകോട്ട പോലീസ് എത്തുകയും പ്രതിയെ സ്റ്റേഷനിലേക്ക് കുട്ടിക്കൊണ്ട് പോകുകയും ചെയ്തു. എന്നാൽ സ്റ്റേഷനിൽ പരാതി സ്വീകരിച്ച ശേഷം പോലീസ് പ്രതിയുടെ പക്ഷം ചേർന്ന് നിന്ന് സംസാരിക്കുകയായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. ചിഞ്ചു വീട്ടമ്മയെ കൊണ്ട് എഴുതി ഒപ്പിട്ട് വാങ്ങിച്ച പേപ്പർ ഒന്ന് വായിച്ചുനോക്കണം എന്ന് പറഞ്ഞിട്ട് നോക്കാൻ പോലും കൂട്ടാക്കിയില്ല എന്നും ഇവർ പറയുന്നു. വീട്ടമ്മയുടെ മകൻ രാജ്കുമാറും ചവറ കെ .എം.എം.എൽ ജീവനക്കാരൻ ആണ് ഇയാളും ഈ സ്ത്രീയുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്ന ആരോപണവുമുണ്ട്. ഇയാളുടെയും അറിവോടു കൂടിയാണ് ഈ സംഭവങ്ങൾ നടക്കുന്നത് എന്ന് സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. പ്രതി സ്റ്റേഷനിൽ നിന്നും പോയത് ഇയാൾക്കൊപ്പമാണ്. സൗമ്യ എന്ന മറ്റൊരു യുവതിക്കും ഇതിൽ പങ്കുണ്ട് എന്നാണ് ഇവർ പറയുന്നത്. ചിഞ്ചു പറഞ്ഞതിൻ പ്രകാരം ഒരു ലക്ഷം രൂപ സൗമ്യയും രാധയുടെ കയ്യിൽ നിന്നും കൈപ്പറ്റിയിരുന്നു.

വൻ തട്ടിപ്പ് സംഘം ആണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ഈ മാഫിയാ സംഘത്തെ കണ്ട് പിടിക്കുവാനും ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാനുള്ള അന്വേഷണം ഉണ്ടാകണം എന്നും അവശ്യപ്പെടുന്നു. എന്നാൽ, നാട്ടുകാർ അറിയിച്ചതനുസരിച്ച് തങ്ങൾ ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിൽ‌ എത്തിച്ചു എന്ന് ശാസ്താംകോട്ട പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, പരാതിക്കാരിയുടെ സ്ഥലം ചവറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് അങ്ങോട്ടേക്ക് അയച്ചതെന്നാണ് പൊലീസ് മീഡിയ മം​ഗളത്തോട് പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close