KERALANEWS

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ എതിര്‍ത്ത് ഇ.ഡി

ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേൺ സമർപ്പിക്കാതെ കോടികൾ ഒഴുക്കിയെന്നുമുള്ള ശക്തമായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചത്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ സുഹൃത്ത് അരുൺ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങൾ നടത്തിയിരുന്നത് ഡ്രൈവർ അനിക്കുട്ടൻ ആയിരുന്നതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നു ഇ.ഡി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗൾഫിൽ പോയി വിവിധ ബിസിനസുകൾ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരി വാദിക്കുന്നതെങ്കിലും ഇതിനൊന്നും ഒരു തെളിവോ രേഖകളോ സമർപ്പിക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി ജാമ്യാപേക്ഷയെ എതിർത്ത് വാദിച്ചു. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ കേസിൽ ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ ബിനീഷിൻറെ അഭിഭാഷകൻറെ വാദം ജൂലൈ മാസം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാൽ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിൻറെ അഭിഭാഷകൻ വാദിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close