Breaking NewsKERALANEWSTop News

ബിജെപിയിൽ വൻ പ്രതിസന്ധി; മുതിർന്ന നേതാക്കൾ പോലും പാർട്ടി വിടാനൊരുങ്ങുന്നത് അവസരങ്ങൾ പാണന്മാർക്ക് എന്ന് ആരോപിച്ച്; പലരും പാർട്ടി വാട്സാപ് ​ഗ്രൂപ്പുകളിൽ നിന്നും പുറത്തുപോയി; നീക്കം കെ സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച്

കൊല്ലം: പാർട്ടി പുനസംഘടനക്ക് പിന്നാലെ ബിജെപിയിൽ വിഭാ​ഗീയത രൂക്ഷമാകുന്നു. കൊല്ലം ജില്ലയിൽ നിരവധി നേതാക്കളാണ് പാർട്ടി വിടാനൊരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പ്രമുഖ നേതാവും രണ്ട് ന്യൂനപക്ഷ നേതാക്കളും ഉൾപ്പെടെ ബിജെപി വിടും എന്നാണ് ലഭിക്കുന്ന വിവരം. പുനസംഘടനയെ തുടർന്ന് ജില്ലാ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുൻകാല നേതാക്കളെയും ഇവർ ബന്ധപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. മുൻ സംസ്ഥാന സെക്രട്ടറി എ.കെ.നസീർ ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് ’ലെഫ്റ്റ്’ ആയതോേടെയാണ് പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നെന്ന സൂചനകൾ പ്രവർത്തകർ നൽകുന്നത്.

പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വാഴ്ത്തുപാട്ടുകാരായ പാണന്മാർക്ക് മാത്രമാണ് അം​ഗീകാരവും അവസരങ്ങളും ലഭിക്കുന്നതെന്നും മുതിർന്ന നേതാക്കൾ പോലും പരസ്യമായി പറയാൻ തയ്യാറാകുന്നതോടെയാണ് പാർട്ടിക്കുള്ളിൽ സ്ഥിതി വഷളാകുന്നത്. കീഴ്‌ഘടകങ്ങളിൽനിന്ന് ലഭിച്ച പരാതികൾ ചർച്ചചെയ്യാനായി കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം.ഗണേശൻ, കെ.സുഭാഷ് എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റി ഒരുതവണപോലും യോഗംചേർന്നിട്ടില്ല. അതിനിടെ രഹസ്യമായി സംഘടനാതല അഴിച്ചുപണി നടത്തിയെന്ന് സുരേന്ദ്രൻ വിരുദ്ധപക്ഷ നേതാക്കൾ പറഞ്ഞു. ‘ബി.ജെ.പി. കേരളം’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുതിർന്ന സംസ്ഥാന ഭാരവാഹികൾപോലും മാറ്റങ്ങൾ സംബന്ധിച്ച വാർത്തയറിഞ്ഞത്.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണത ഇനിയും സഹിക്കാനാകില്ലെന്നാണ് നേതാക്കളും സൂചിപ്പിക്കുന്നത്. കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയതെന്ന് മുതിർന്ന നേതാക്കളും കൃഷ്ണദാസ് പക്ഷവും പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നിയോജകമണ്ഡലങ്ങളിൽനിന്നു ലഭിച്ച പരാതി പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം. കേരളമാകെ തിരഞ്ഞെടുപ്പിൽ മോശംപ്രകടനമുണ്ടായപ്പോൾ അഞ്ചുജില്ലകളിൽ മാത്രം പ്രസിഡന്റുമാരെ മാറ്റിയതാണ് പ്രാദേശികതലങ്ങളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിർപ്പുണ്ടാകാൻ കാരണം. നാലു മണ്ഡലങ്ങളിൽ പാർട്ടി നാലാമതായിപ്പോയ എറണാകുളത്തും വൻതോതിൽ വോട്ടുചോർച്ചയുണ്ടായ ചില ജില്ലകളിലും പ്രസിഡന്റുമാരെ നിലനിർത്തിയതും ചർച്ചയായിട്ടുണ്ട്.

ഒഴിവുള്ള ഭാരവാഹികളെ നിയമിക്കുന്നകാര്യം മാത്രമേ കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നുള്ളൂ. കൊടകര പണമിടപാട്, തിരഞ്ഞെടുപ്പ് തോൽവി എന്നിവയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന് മുതിർന്ന നേതാക്കളും സുരേന്ദ്രൻ വിരുദ്ധപക്ഷക്കാരും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സുരേന്ദ്രനോട് അടുപ്പമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ പുനഃസംഘടന, പാർട്ടിയിൽ തിരഞ്ഞെടുപ്പു തോൽവിക്കുശേഷമുണ്ടായ പ്രതിസന്ധിയെക്കാൾ രൂക്ഷമാകുമെന്നാണ് സംഘപരിവാറിലെ ഒരുവിഭാഗം വിലയിരുത്തുന്നത്.

അതേസമയം, ചാനൽ ചർച്ചകളിലെ ബിജെപി മുഖമായിരുന്ന പി ആർ ശിവശങ്കറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ച് ചാനൽ ചർച്ചയിൽ പങ്കെടുത്തോടെയാണ് കെ സുരേന്ദ്രൻ വിരുദ്ധ ചേരിയുടെ ശക്തനായ വക്താവായിരുന്ന ശിവശങ്കറിനെ പുറത്താക്കിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ അനുഭാവികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്.

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദം ഒഴിയണമെന്നും പകരം സുരേഷ് ​ഗോപി സംസ്ഥാന അധ്യക്ഷനാകണമെന്നും വാദിക്കുന്ന രാജീവ് ചന്ദ്രശേഖരൻ പക്ഷത്തിന്റെ വക്തവാണ് ശിവശങ്കർ. ചാനൽ ചർച്ചകളിൽ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ ബിജെപി ചേരിയിലുള്ളവരിൽ സമർത്ഥനുമാണ് ഇദ്ദേഹം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉയർത്തി എതിർപക്ഷം സജീവമായതോടെയാണ് ശിവശങ്കറിനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്. എന്നാൽ, വിലക്ക് ലംഘിച്ചും കഴിഞ്ഞ ദിവസം ശിവശങ്കർ ഒരു ചാനലിൽ ബിജെപിക്ക് വേണ്ടി ഹാജരായിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ ബിജെപി നേതൃത്വം തയ്യാറായത്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ ശിവശങ്കർ ദ്വയാർത്ഥ പ്രയോ​ഗമുള്ള കമന്റിട്ടതാണ് കെ സുരേന്ദ്രനെ ചൊടിപ്പിച്ചത്. അയ്യോ സന്ദീപേ.. നിങ്ങൾ നിക്കർ കീറിപ്പോയവരുടെ ഒപ്പമാന്നോ? ഞങ്ങൾ കീറുന്നവരുടെ കൂടെയാണ്… അറിഞ്ഞില്ലേ.. അഭിനയ ചക്രവർത്തിമാരുടെ കളസം കീറുന്ന കാലമാണ് വരുന്നത്. കുറച്ചുനാളായില്ലേ തറ അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട് , ട്രൗസർ കീറി, ഷർട്ട് കീറിനാട്ടുകാരെ പറ്റിക്കുന്നു. പറഞ്ഞുവിടും മുമ്പ് പണി നിർത്തി പോകുന്നതല്ലേ നല്ലത്? അർജന്റീനയോടൊപ്പം മോദിക്കൊപ്പം എന്ന ഹാഷ്ടാ​ഗോടെ ശിവശങ്കർ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു.

ഈ കമന്റ് ഇട്ടതിന് തൊട്ടുപിന്നാലെ ബിജെപി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശിവശങ്കറിനെ വിളിച്ച് ഇനിയൊരു അറിയിപ്പ് നൽകുന്നത് വരെ ചാനൽ ചർച്ചകളിൽ ബിജെപിക്കുവേണ്ടി പോകേണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ച് ശിവശങ്കർ ഇന്നലെ ചർച്ചയിൽ പങ്കെടുത്തതോടെ നടപടി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനവും പുറത്തുവിട്ടത് കെ സുരേന്ദ്രൻ വിരുദ്ധ ചേരി തന്നെയാണ്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. നന്നായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന സൗമ്യനായ മികച്ച വ്യക്തിയാണ് ശിവശങ്കർ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പൊതു അഭിപ്രായം.

കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് പദം ഒഴിയണമെന്ന ആവശ്യം ബിജെപിയിൽ ശക്തമാകുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ മാറണമെന്ന് ആവർത്തിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. സംഘടനയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന്‌ കെ സുരേന്ദ്രൻ മാറിനിൽക്കണമെന്ന്‌ മുതിർന്ന നേതാവ്‌ പി പി മുകുന്ദൻ ആവശ്യപ്പെടുന്നത്. സുരേന്ദ്രന്‌ കീഴിൽ അണികൾ കടുത്ത നിരാശയിലാണെന്നാണ് മുകുന്ദന്റെ പക്ഷം.

നിഷ്‌ക്രിയരും നിസ്സംഗരുമായി പ്രവ‍ർത്തകർ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നേരത്തെയും മുകുന്ദൻ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രൻ കേസിൽ പെട്ടിരിക്കുകയാണ്‌. അതിൽ ഒരു തീരുമാനം ആകുന്നതുവരെ അധ്യക്ഷസ്ഥാനത്തുനിന്ന്‌ മാറിനിൽക്കണം. മോചിതനായാൽ തിരിച്ചുവരണം. അങ്ങനെയാണ്‌ അദ്വാനി ചെയ്‌തത്‌. എന്തിനാണ്‌ കേന്ദ്രത്തിന്‌ മടി. കേന്ദ്രം തീരുമാനം എടുക്കട്ടെ. എന്തിനാണ്‌ നീട്ടിക്കൊണ്ട്‌ പോകുന്നതെന്നും മുകുന്ദൻ ചോദിച്ചു.

ആർഎസ്എസിൽ നിന്ന് പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. ഒരു പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക്‌ ഉയർന്ന്‌ വന്നിരുന്ന പാർട്ടിയാണ്‌ ബിജെപി. ഇപ്പോൾ ഒരു പ്രസ്‌താവന ഇറക്കാൻപോലും ആളില്ലാത്ത അവസ്ഥയിലായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഉയർത്തിക്കാണിച്ചത്‌ ബുദ്ധിശൂന്യതയാണെന്നും പി പി മുകുുന്ദൻ പ്രതികരിച്ചു.

ബി.ജെ.പി പുനഃസംഘടന വൈകരുതെന്നാണ് പി പി മുകുന്ദൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. പഴുക്കുന്നത് വരെ കാത്തിരിക്കാതെ തീരുമാനം കൃത്യസമയത്ത് നടപ്പാക്കണമെന്ന് നേരത്തേ പി.പി. മുകുന്ദൻ പറഞ്ഞിരുന്നു. സംഘടനാ സംവിധാനം നിർജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. മുകുന്ദൻ അറിയിച്ചു. കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാർട്ടിക്ക് നാണക്കേടാണെന്നും പി.പി. മുകുന്ദൻ വ്യക്തമാക്കി.

അതിനിടെ, സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരി​ഗണിക്കപ്പെടും എന്ന് കരുതുന്ന സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം പി പി മുകുന്ദനെ സന്ദർശിച്ചിരുന്നു. താൻ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്നായിരുന്നു സന്ദർശനത്തിന് ശേഷം സുരേഷ് ​ഗോപി പ്രതികരിച്ചത്. സംഘടനാ വിഷയങ്ങളല്ല തങ്ങൾ ചർച്ച ചെയ്തത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close