KERALANEWS

രവി പിള്ളയുടെ മകന്റെ കല്യാണത്തിന് കോവിഡ് മാർഗരേഖ ലംഘിച്ച് കൂടുതൽ ആളുകൾ എത്തി ; വിമർശനവുമായി ഹൈക്കോടതി

കൊച്ചി : വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ കോവിഡ് മാർഗരേഖകൾ ലംഘിച്ച് കൂടുതൽ ആളുകൾ എത്തിയെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിന് രൂപമാറ്റം വരുത്തുന്ന രീതിയിൽ അലങ്കാരങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമർശം. നടപ്പന്തലിലെ അലങ്കാരങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.

വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്ന് അന്വേഷിച്ച കോടതി ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങളാണ് നടപ്പന്തലിൽ വരുത്തിയതെന്നും പറഞ്ഞു.

വലിയ ആൾക്കൂട്ടം ചടങ്ങിൽ പങ്കെടുത്തത് ദൃശ്യമാണെന്ന് വിലയിരുത്തിയ കോടതി നടപ്പന്തലിലെ സി സി ടി വി ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ നടന്ന വിവാഹചടങ്ങുകളുടെ വിവരങ്ങൾ നൽകാൻ പറഞ്ഞ കോടതി എല്ലാ വിവാഹങ്ങളും ഒരുപോലെ നടത്താൻ സഹചര്യമുണ്ടാവണമെന്നും അഭിപ്രായപ്പെട്ടു. തൃശൂർ എസ്.പി., ഗുരുവായൂർ സി.ഐ., സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരെ കേസിൽ കക്ഷി ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് രവിപിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. മോഹൻലാൽ ഉൾപ്പടെയുള്ള പ്രമുഖർ ഇതിൽ പങ്കെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close