Breaking NewsKERALANEWSTop News

പത്താം ക്ലാസുകാരിയായ പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തത് 75 പവൻ; യുവാവും അമ്മയും അറസ്റ്റിൽ

ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത യുവാവും അമ്മയും അറസ്റ്റിലായി. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ആറ്റിങ്ങൽ സ്വദേശിയായ പതിനഞ്ചുകാരിയാണു തട്ടിപ്പിനിരയായത്.

രണ്ട് വർഷം മുൻപാണ് ഷിബിൻ പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി. വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നു പെൺകുട്ടിയിൽ നിന്നു മനസ്സിലാക്കിയ ഷിബിൻ അത് ആവശ്യപ്പെട്ടു. അലമാരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. പരിശോധനയിൽ 9,80,000 രൂപ യുവാവിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു.

കുട്ടിയുടെ അമ്മ കട്ടിലിന്‍റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്‍റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുന്നു. പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്വര്‍ണം നോക്കിയപ്പോള്‍ കാണാനില്ല. അപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഷിബിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡും ചെയ്തു. 75 പവന്‍ സ്വര്‍ണം തനിക്ക് നല്‍കിയില്ലെന്നും 27 പവന്‍ സ്വര്‍ണമാണ് പെണ്‍കുട്ടി തനിക്ക് നല്‍കിയതെന്നുമാണ് ഷിബിന്‍റെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസിനെ കുഴക്കുന്നുണ്ട്.

ആകെയുണ്ടായ 75 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന് നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. സ്വര്‍ണം കിട്ടിയ ഉടന്‍ പാലക്കാട്ടെ യുവാവ് ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. പക്ഷേ 75 പവന്‍ കിട്ടിയെന്ന് ഷിബിനും സമ്മതിക്കുന്നുമില്ല. ആകെ 75 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഇനിയിപ്പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യം പുറത്ത് വരൂ എന്നാണ് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. ഒരു കൊല്ലമായിട്ടും 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത് അമ്മ അറിഞ്ഞില്ല എന്ന് പറയുന്നതിലും പോലീസിന് വ്യക്തത വന്നിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close