ലോകമെമ്പാടും യാത്ര ചെയ്ത കെ.ആർ. വിജയൻ – മോഹനാ ദമ്പതികളെ സന്ദർശിച്ചു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ചായക്കട നടത്തി വരുമാനം കണ്ടെത്തിയാണ് ഇവർ യാത്രകൾ സാധ്യമാക്കുന്നത്. ഇവരുടെ എറണാകുളത്തെ ഗാന്ധി നഗറിലുള്ള ബാലാജി കോഫി ഹൗസിലാണ് മന്ത്രി സന്ദർശനം നടത്തിയത്. വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഇവരുടെ യാത്രകൾ പലപ്പോഴായി വായിച്ചിട്ടുണ്ടെന്ന് മന്ത്രി തന്റെ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഒക്ടോബറിൽ റഷ്യക്ക് പോകുന്നതിന് മുമ്പായാണ് മന്ത്രിയുടെ സന്ദർശനം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ച ശേഷം 2007 ലാണ് ഇവർ അന്താരാഷ്ട്ര യാത്രകൾ ആരംഭിക്കുന്നത്.
“വിവിധ രാജ്യങ്ങളില്‍ പോയ അനുഭവങ്ങള്‍ ഇവര്‍ക്കുണ്ട്. പതിനാല് വര്‍ഷത്തിനിടയില്‍ ഇത്രയധികം രാജ്യങ്ങള്‍ കണ്ടുവെന്നത് നിസാരമല്ല. കേരളത്തില്‍ ടൂറിസം വളര്‍ച്ചയ്ക്ക് ശുചിത്വം പ്രധാനമാണെന്നാണ് വിജയേട്ടന്‍ പറയുന്നത്. അത് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്ന രീതിയില്‍ വിനയത്തോട് കൂടി അവരെ സ്വീകരിക്കണമെന്നാണ് വിജയേട്ടന്‍ പറഞ്ഞത്. അത് സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങും. ടൂറിസം പൊലീസിങ്ങ് എന്ന നിലയില്‍ വളരെ വിനയത്തോടെ സഞ്ചാരികളെ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കും.” കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെ ഇവരെ സന്ദർശിക്കുന്നതിന്റെ വീഡിയോ മന്ത്രി പങ്കു വെച്ചിട്ടുണ്ട്.