KERALANEWS

ആദ്യം ഫോൺകോളുകൾ,പിന്നാലെ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ,ഏറ്റവും ഒടുവിലായി റിയാലിറ്റി ഷോയും; മുകേഷിന് ഇത് കണ്ടകശനിയുടെ നാളുകളോ? പ്രശ്നങ്ങൾ വിട്ടൊഴിയാതെ പ്രിയ താരം

23 വർഷത്തെ ആദ്യ വിവാഹവും, 8 വർഷം മാത്രം നീണ്ടു നിന്ന രണ്ടാമത്തെ വിവാഹവും സിനിമാ രംഗത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചാണ് അവസാനിക്കുന്നത്. എന്നാൽ ഇപ്പോഴിതാ മുകേഷ് -മേതിൽ ദേവിക വിവാഹ മോചന വാർത്തകൾക്കും വിവാദങ്ങൾക്കും പിന്നാലെ മുകേഷിൻറെ ടീവി പരിപാടികളിലും പ്രശ്നങ്ങൾ താരത്തെ വേട്ടയാടുകയാണ്.

നേരത്തെ ഷൂട്ടിങ്ങ് ആരംഭിച്ച് നാല് എപ്പിസോഡ് വരെ പൂർത്തിയാക്കിയ മലയാളത്തിലെ ഒരു പ്രമുഖ ചാനൽ റിയിലിറ്റി ഷോയിൽ നിന്നും മുകേഷിനെ ഒഴിവാക്കിയതായി സൂചനകൾ പുറത്ത് വരുകയാണ്.വിവാഹ മോചനവും തുടർന്നുള്ള വിവാദങ്ങളുമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സൂചനകൾ. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മുകേഷിന് റേറ്റിങ്ങ് കുറഞ്ഞുവെന്നും ചാനലുകളുടെ ഇടയിൽ റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ വിവാദങ്ങൾക്ക് ചെവി കൊടുക്കാതെ മുകേഷ് തന്നെ നേരിട്ട് ചാനലുമായുള്ള കരാറിൽ നിന്നും ഒഴിവായതായും റിപ്പോർട്ടുകളുണ്ട്.

എന്തായാലും മേതിൽ-ദേവിക മുകേഷ് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ മുകേഷിൻറെ കരിയറിലും ഒഴിയാബാധയാകുന്നുവെന്നാണ് സൂചന. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് മുകേഷിൻറെ ഏറ്റവും മികച്ച പരിപാടികളിൽ ഒന്നായിരുന്നു.ഇതും പിന്നീട് അവസാനിപ്പിച്ചു. അന്നത് എം.എൽ.എ ആയതിന് ശേഷമുള്ള തിരക്കിനെ തുടർന്നെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ റിയാലിറ്റി ഷോയുടെ വിവരങ്ങൾ നിലവിൽ ചാനൽ വ്യക്തമാക്കിയിട്ടില്ല. ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോഴും പറയുന്നത് സരിതയുമായുള്ള ബന്ധം ഉപേക്ഷിച്ചതുമുതൽ മുകേഷിന് വിവാദങ്ങൾക്ക് പഞ്ഞമുണ്ടായിട്ടില്ലെന്നാണ്.

ഫോൺ വിളികൾ തന്നെ പലപ്പോഴും താരത്തിനെ കുടുക്കി. ജനപ്രതിനിധി ആയിട്ട് പോലും പക്വതയില്ലാതെ പെരുമാറ്റം പലയിടത്തും മുകേഷിനെയും,സി.പി.എംനെയും വെട്ടിലാക്കി. കൊല്ലത്ത് മുകേഷിൻറെ തോൽവിയായിരുന്നു ആദ്യം പ്രവചിച്ചിരുന്നത്.മണ്ഡലത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത എം.എൽ.എ എന്ന് പോലും അദ്ദേഹത്തിനെതിരെ ആക്ഷേപമുണ്ടായി. എന്നാൽ നാളിതുവരെയും തൻറെ വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ ഒന്നിലും മുകേഷ് പ്രതികരിച്ചിട്ടില്ല. വിളിച്ച പലരോടും അങ്ങിനെ ഒന്നും ഇല്ലെന്നായിരുന്നു മുകേഷിൻറെ മറുപടി.

1988 സെപ്റ്റംബർ 2 നായിരുന്നു മുകേഷും നടി സരിതയുമായുള്ള ആദ്യ വിവാഹം.സരിതയുടേത് അത് രണ്ടാമത്തെ വിവാഹമായിരുന്നു. തെലുങ്ക് നടൻ വെങ്കട സുബ്ബായിയുമായുള്ള അവരുടെ വിവാഹത്തിന് കേവലം ഒരു വർഷം മാത്രമായിരുന്നു ആയുസ്. അക്കാലത്ത് സരിത മലയാളത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളു.

1984-ൽ പുറത്തിറങ്ങിയ ഒരു കൊച്ച് കഥയിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം സന്ദർഭത്തിൽ മമ്മൂട്ടിക്കൊപ്പമായിരുന്നു. പിന്നീട് സരിതക്ക് നിരവധി വേഷങ്ങൾ മലയാളത്തിൽ കിട്ടി. സരിത മലയാള സിനിമയിലേക്ക് എത്തുന്നതിന് രണ്ട് വർഷം മുൻപ് 1982-ൽ ബലൂണിലൂടെയായിരുന്നു മുകേഷിൻറെ മലയാളത്തിലേക്കുള്ള വരവ്. സഹതാരമായും,കോമഡി താരമായും,നായകനായും പിന്നീടങ്ങോട്ട് മുകേഷിന് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മുകേഷിനും മുൻപ് തെലുങ്കിലും കന്നടയിലും തകർത്ത് അഭിനയിച്ചിരുന്നതിനാലാവണം സരിതക്കൊപ്പം തൻറെ ജീവിതം തുടങ്ങാമെന്ന് മുകേഷും തീരുമാനിച്ചത്.ഇരുവരുടെയും പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തി. 23 വർഷത്തെ ദാമ്പത്യത്തിൽ സരതി-മുകേഷ് ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ്. ശ്രാവണും,തേജസും ഇരുവരും ഇപ്പോൾ വിദേശ സർവ്വകലാശാലകളിൽ പഠനവും ജോലിയുമായി കഴിയുകയാണ്.

2011ലായിരുന്നു മുകേഷ് സരിതാ ദമ്പതികൾ വിവാഹമോചിതരാവുന്നത്. നിരവധി ആരോപണങ്ങൾ അന്ന് സരിത മുകേഷിനെതിരെ ഉന്നയിച്ചിരുന്നു. മുകേഷിനെ കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും താൻ കാണേണ്ടി വന്നതായും,തന്നെ ഉപദ്രേവിച്ചുവെന്നും,മുകേഷിൻറെ മദ്യാസക്തിയും തുടങ്ങി ആരോപണങ്ങൾ നിരവധിയായിരുന്നു. ഒടുവിൽ താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത് എന്ന് വരെയും സരിത പറഞ്ഞിരുന്നു.

മേതിൽ ദേവികയുടേതും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യയായ സരിതയിൽ നിന്നും വിവാഹ മോചനം നേടിയ ശേഷം ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു മേതിൽ ദേവികയുമായുള്ള മുകേഷിൻറെ രണ്ടാം വിവാഹം.എന്നാൽ, കഴിഞ്ഞ ദിവസമാണ് ആരാധകരെ അമ്പരപ്പിച്ചകൊണ്ടാണ് ഇരുവരും പിരിയുവാൻ തീരുമാനിച്ച വാർത്ത പുറത്തു വന്നത്. മുകേഷും താനും പിരിയാൻ തീരുമാനിച്ചതായി മേതിൽ ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോഴും മുകേഷ് നിശബ്ദത പാലിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close