Breaking NewsKERALANEWSTop News

മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കി; ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിന് സസ്പെൻഷൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവു പുറപ്പെടുവിച്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോർട്ട്‌ പ്രകാരം ആണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് ഉത്തരവു മരവിപ്പിച്ചത്. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാരുമായി ആലോചിച്ചില്ലെന്നും സംസ്ഥാന താൽപര്യം പരിഗണിക്കാത്ത ഉത്തരവെന്നും മന്ത്രിസഭ വിലയിരുത്തിയിരുന്നു. ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു.

ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദ‍ിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ശനിയാഴ്ച കത്തയ‍ച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഈ മാസം ഒന്നിനു ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ചേംബറിൽ വിളിച്ച യോഗത്തിലാണു മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത്. യോഗത്തിലെ നടപടിക്രമങ്ങൾ ഉത്തരവായി ഈ മാസം 5നു ബെന്നിച്ചൻ തോമസ് പുറത്തിറക്കി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായ ടി.കെ.ജോസിനും വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻ‍ഹയ്ക്കും അന്നുതന്നെ ഇതേക്കു‍റിച്ചു ബെന്നിച്ചൻ കത്തും നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close