KERALANEWSTop News

മുല്ലപെരിയാർ അണക്കെട്ട്; രണ്ട് നിർണായക യോഗങ്ങൾ ഇന്ന്; ഓൺലൈൻ യോഗത്തിൽ തമിഴ്‌നാടിന്റെ പ്രതിനിധികൾ പങ്കെടുക്കും

തിരുവനന്തപുരം; മുല്ലപെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള രണ്ട് യോഗങ്ങൾ ഇന്ന് നടക്കും. ഇടുക്കി വണ്ടിപ്പെരിയാറിൽ കളക്ടറുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. രാവിലെ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മൂന്നിന് ഉന്നതതല യോഗം ചേരുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും.

അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നതാണ് പ്രശ്‌നപരിഹാരം. സർക്കാരിന്റെ നയവും തീരുമാനവും അതാണ്. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്‌നാടിന് വെള്ളം നൽകാൻ തയ്യാറാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണം. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമാണ് ചർച്ച നടത്തണ്ടേത്. ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. അങ്ങനെയാണെങ്കിൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് എല്ലാവർക്കും ബോധ്യമുണ്ടാകണം. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്നും കോടതി ചോദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീംകോടതി നാളെയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ അദ്ദേഹം ആശങ്ക അറിയിച്ചു. ജല തർക്കങ്ങളിൽ ശ്വാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതി ആണ്. തമിഴ്‌നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close