KERALANEWS

മുല്ലപ്പെരിയാര്‍ വിഷയം: നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം

കേരളത്തിന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ ആണ് പ്രതിഷേധിച്ചത്.

സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്​, അഡ്വ. റസ്സൽ ജോയ്​ എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്​.ആർ ചക്രവർത്തി ആവശ്യപ്പെട്ടു. കലക്​ടർക്കും എസ്​.പിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താൽപര്യത്തിനെതിരാണെന്ന് എം.എൽ.എ വേൽമുരുകനും പറഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. 125 വർഷം പഴക്കം ചെന്ന അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തെ വിമർശിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

‘വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന് ഒഴിവുകഴിവുകൾ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്. നമുക്ക് ഇവിടെ സംവിധാനത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാർഥിക്കാം.’ ക്യാംപെയിന് പിന്തുണ നൽകി പൃഥ്വി കുറിച്ചു. പൃഥിരാജിന്റെ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മുല്ലപ്പെരിയാർ വിഷയത്തിൽ ക്യാമ്പയിനുമായി മലയാള ചലചിത്ര താരങ്ങൾ. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ വളരെ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ചലച്ചിത്ര താരങ്ങൾ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ആന്റണി വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ഇതിനകം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നതിനിടെയാണ് പൃഥിയുടെ കുറിപ്പ്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസ്സം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിർദേശം.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലവിൽ ഉയർന്ന കൊണ്ടിരിക്കുകയാണ്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് ഡാമിൽ ജലനിരപ്പ് 137.45 അടി പിന്നിട്ടിട്ടുണ്ട്. കനത്ത മഴയും ശക്തമായ നീരൊഴുക്കുമാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close