KERALANEWS

മുല്ലപെരിയാർ വിഷയം: ജലവിഭവവകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയ പശ്ചാത്തലത്തിൽ ജലവിഭവവകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. സ്പിൽ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ വരാൻ ഇടയുണ്ട്. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നു വിടേണ്ട സാഹചര്യം ആദ്യം ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

അതേ സമയം മുല്ലപ്പെരിയാറിൽ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജിൻറെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close