Breaking NewsINSIGHTNEWSTop News

ക്യാപ്റ്റനും റോഷിയും ശശീന്ദ്രനും കേരളത്തിൽ നടക്കുന്നതൊന്നും അറിയുന്നില്ല; ഉദ്യോ​ഗസ്ഥർ കേരള ജനതക്ക് വിലയിടുമ്പോഴും മന്ത്രിമാർ പ്രതിച്ഛായ വർധിപ്പിക്കാനുള്ള തിരക്കിൽ; കേരളത്തിന്റെ നയപരമായ തീരുമാനങ്ങൾ പോലും ആദ്യം അറിയുന്നത് തമിഴ്നാട് മുഖ്യൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തീരുമാനങ്ങൾ പോലും ഉദ്യോ​ഗസ്ഥർ എടുക്കുന്നത് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ അറിയുന്നില്ലെന്ന സാഹചര്യം. രണ്ടു ദിവസം മുൻപാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ മരം മുറിക്കുന്നതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുത്തത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ഉന്നത ഉദ്യോ​ഗസ്ഥരോ മുഖ്യമന്ത്രിയോ ആരും തന്നെ ഈ തീരുമാനവും ഉത്തരവും അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ എന്താണ് നടക്കുന്നതെന്നും ഉദ്യോ​ഗസ്ഥർ എന്താണെന്ന് ചെയ്യുന്നതെന്നും കേരള മുഖ്യമന്ത്രി അറിയുന്നില്ലെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയുന്നുണ്ട്.

സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ പി ആർ വർക്കിൽ മാത്രം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ള നാട്ടിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തീരുമാനങ്ങൾ പോലും ഉദ്യോ​ഗസ്ഥർ എടുക്കുകയും നടപ്പാക്കുകയുമാണ് ചെയ്യുന്നത്. കേരളം ഭരിക്കുന്ന ക്യാപ്ടൻ പിണറായി വിജയനോ, വനം വകുപ്പിനെ നോക്കുന്ന എകെ ശശീന്ദ്രൻ എന്ന എൻസിപിക്കാരനോ, ജലവിഭവ വകുപ്പ് ഭരിക്കുന്ന കേരളാ കോൺഗ്രസിലെ റോഷി അഗസ്റ്റിനോ കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല.

ഈ സാഹചര്യമാണ് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുന്നത്. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. താൻ അറിയാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കില്ലത്രേ. സംഭവം അറിഞ്ഞില്ലെന്ന് ജവവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകുകയായിരുന്നു. ഉന്നത നിർദ്ദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു തീരുമാനമെടുത്തത്. മരങ്ങൾ മുറിക്കാനുള്ള തീരുമാനം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു പറഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയിച്ചു. വനം മേധാവി പി.കെ.കേശവനോടും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സങ്കീർണമായ വിഷയത്തിൽ എടുക്കുന്ന തീരുമാനം മന്ത്രി അറിയേണ്ടതല്ലേയെന്ന ചോദ്യത്തിന് ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നില്ലെന്ന വെളിപ്പെടുത്തൽ എത്തുന്നത്.

ആയുധം കിട്ടിയത് തമിഴ്നാടിന്

ബേബി ഡാം ബലപ്പെട്ടാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്‌നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ ജലനിരപ്പ് 152 അടിയാക്കാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങൾ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്‌നാടിന് നൽകുന്നത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള റോഡിലെ മരങ്ങൾ മുറിക്കാനാണ് അനുമതിയെന്നാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും ഇങ്ങനെയല്ല അനുമതിക്കുറിപ്പിലുള്ളത്. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിച്ച് നീക്കണമെന്നും അതിന് കേരളം സഹകരിക്കുന്നില്ലെന്നുമാണ് മന്ത്രി എസ് ദുരൈമുരുഗൻ നേരത്തേ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ അനുമതി എത്തി.

എന്നാൽ അനുമതി വന്നതോടെ, വർഷങ്ങളായുള്ള തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം അംഗീകരിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിക്ക് കത്തെഴുതി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനിത് സഹായിക്കുമെന്നും കത്തിൽ സ്റ്റാലിൻ പറയുന്നു. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സ്റ്റാലിൻ പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്ത് കിട്ടിയപ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രിയും വനം മന്ത്രിയും തീരുമാനം അറിയുന്നത്.

ഏതായാലും അനുമതി കിട്ടിയതിനാൽ മരം മുറി ഉടൻ തുടങ്ങാനാണ് തീരുമാനം. മരങ്ങൾ വെട്ടുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഇതൊന്നും കേരളത്തിലെ വനം വകുപ്പിലെ ഉന്നതർ അറിയുന്നില്ലെന്നതാണ് വസ്തുത.

ശക്തമായി ഇടപെടാനൊരുങ്ങി പ്രതിപക്ഷം

ഉത്തരവിലാകെ അവ്യക്തത നിലനിൽക്കെ സർക്കാരിനെതിരെ ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. മുല്ലപ്പെരിയാർ മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിക്കുന്നത്. ഇതുകൊടുംചതിയെന്നും പ്രേമചന്ദ്രൻ പറയുന്നു. ഹിഡൺ അജണ്ട ഇതിന് പിന്നിലുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറയുന്നു. തുടർ ഭരണം കിട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കരുത്തനാണ്. അതുകൊണ്ട് തന്നെ എല്ലാ വകുപ്പിലും നിർണ്ണായക സ്വാധീനവുമുണ്ട്. അതുകൊണ്ട് തന്നെ ഈ ഉത്തരവിന് പിന്നിൽ കള്ളക്കളിയുണ്ടാകുമെന്ന സംശയമാണ് പ്രതിപക്ഷം ചർച്ചയാക്കുക.

മലയാളി ഭയക്കുന്ന മുല്ലപ്പെരിയാർ

ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ. സത്യവും കെട്ടുകഥകളും ഭീതിയും നിറഞ്ഞ മുല്ലപ്പെരിയാറിന്റെ ചരിത്രം സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്.

വരണ്ടുണങ്ങിയ മധുരക്ക് ദാഹനീരു തേടിയുള്ള ബ്രീട്ടീഷുകാരുടെ അന്വേഷണമാണ് ഇന്ന് കേരളം നേരിടുന്ന മഹാവിപത്തിലേക്ക് കൊണ്ടെത്തിച്ചത്. ബ്രിട്ടീഷ് ഗവൺമെന്റ് പ്രതിനിധിയായ റസിഡന്റ് ഫിഷർ 1862 സെപ്റ്റംബർ 22ന് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മാധവറാവുവിന്, പെരിയാറിലെ ജലം മദ്രാസ് പ്രവിശ്യയിലേക്ക് ജലസേചനത്തിനായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു.തുടർന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ പദ്ധതിയെ സംബന്ധിച്ച് കരാറുണ്ടാക്കി. 1886 ഒക്ടോബർ 29ന് (1062 തുലാം 14) തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളിന് വേണ്ടി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ് ടണുമാണ് പാട്ടക്കരാറിൽ ഒപ്പുവച്ചത്.

1862ൽ മേജർ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി ( ആയിരം ദശലക്ഷം ഘനയടി ) വെള്ളം സംഭരിക്കാവുന്നതുമായ അണക്കെട്ട് നിർമ്മിച്ചതോടെയാണ് അയൽ രാജ്യത്തിന്റെ വെള്ളം ചോർത്തൽ തിരുവിതാംകൂർ ഭരണം അറിഞ്ഞത്. തുടർന്നാണ് ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത് .വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പെരിയാർ പാട്ടകരാർ ഒപ്പിടുന്നതിന് അനുമതി നൽകുമ്പോൾ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ പറഞ്ഞത് എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പുവെക്കുന്നുവെന്നാണ്.

മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിടുന്നതിന് സൗകര്യമൊരുക്കുന്നതിനും തിരുവിതാംകൂറിൽ അയൽ രാജ്യത്തിന്റെ അണക്കെട്ട് നിർമ്മിക്കുന്നതിനും ആവശ്യമായ ഭൂമിയും വിട്ടുകൊടുക്കേണ്ടിവന്നു. നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പിൽ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കർ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കർ ഭൂമി മറ്റ് നിർമ്മാണ ആവശ്യങ്ങൾക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതൽ 999വർഷത്തേക്ക് പാട്ടത്തിന് നൽകി. ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നു വാർഷിക പാട്ടം. അന്നത്തെ മധുര, രാമനാഥപുരം പ്രദേശങ്ങളിൽ ജലസേചനാവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു.

ചുണ്ണാമ്പും ശർക്കരയുംചേർന്ന സുർക്കി എന്ന മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിർമ്മിച്ചത്. തർക്കത്തിന്റെ തുടക്കം കരാർ ഒപ്പിട്ട ആദ്യ 40 വർഷം മുല്ലപ്പെരിയാർ ശാന്തമായിരുന്നു. ജലസേചനത്തിനായി നൽകിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനത്തിന് മദിരാശി സർക്കാർ പദ്ധതി തയ്യാറാക്കിയതോടെയാണ് തർക്കത്തിന് തുടക്കമായത്. ആദ്യ കരാർ ലംഘനവും ഇതാണ്. തുടർന്നിങ്ങോട്ട് കരാർ ലംഘനങ്ങളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ബ്രിട്ടനിലെ പ്രശസ്തനായ എൻജിനീയറായിരുന്നു ജോൺ പെന്നി ക്വിക്ക്. 1860 നവംബർ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് നേതൃത്വം നൽകി.1895-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. 1911 മാർച്ച് ഒൻപതിന് എഴുപതാമത്തെ വയസ്സിൽ കേംബർലിയിൽ അദ്ദേഹം അന്തരിച്ചു.

ജോൺ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണരംഗത്തെ വിസ്മയമാണ്. കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് നിർമ്മാണം. നിർമ്മാണഘട്ടത്തിൽ രണ്ടു തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന ഖ്യാതിയും മുല്ലപ്പെരിയാറിനാണ്.

1895 ഒക്ടോബർ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തമിഴകത്തിലെ അഞ്ച് ജില്ലകളിൽ ദാഹജലം നൽകുമ്പോൾ, കേരളത്തിലെ അഞ്ച് ജില്ലകൾക്ക് ഇത് ഉയർത്തുന്നത് ഭീഷണിയാണ്. കേരളത്തിന്റെ അഞ്ചു ജില്ലകളെ ഭീതിയിലാഴ്‌ത്തിയാണ് ഈ ജലബോംബ് നിലകൊള്ളുന്നത്.

മുല്ലയാറും പെരിയാറും

കേരളാ തമിഴ്‌നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉൽഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

ഇടുക്കി ജില്ലയിലെ ദേവികുളത്തിനു തെക്കുഭാഗത്തുള്ള ശിവഗിരിക്കൊടുമുടിയിൽ നിന്നാണ് പെരിയാറിന്റെ തുടക്കം. 226 കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ഭവസ്ഥാനത്തുനിന്നും പതിനഞ്ചുകിലോമീറ്റർ പിന്നിടുമ്പോൾ മുല്ലയാർ എന്ന ഒരു ചെറുനദികൂടി ഒപ്പം ചേരുന്നതുകൊണ്ടാണ് മുല്ലപ്പെരിയാർ എന്ന പേര് ഈ നദിക്ക് ലഭിച്ചത്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാർക്ക് മുല്ലപെരിയാർ നിർമ്മാണ കാലത്തെ കഥകളും കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്മാരിൽ നിന്ന് പകർന്ന് കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് നിർമ്മാണത്തിലിരിക്കെ രണ്ട് തവണ തകർന്ന ഡാമിന്റെ ഉറപ്പിന് വേണ്ടി രണ്ട് ഗർഭിണികളെ ബലി കൊടുത്തുവെന്ന കഥ. മുല്ലപെരിയാർ തമിഴ്‌നാടിന് പൊന്മുട്ടയിടുന്ന താറാവാണ്, ചില ഗോത്രവിഭാഗങ്ങൾക്കിത് ദൈവമാണ്, എന്നാൽ കാലഹരണപ്പെട്ട ഈ പുരാതന നിർമ്മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നവുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close