celebrityINDIANEWS

ലഹരിമരുന്ന് കേസ്; അനന്യ പാണ്ഡെയെ എൻസിബി ഇന്ന് മൂന്നാമതും ചോദ്യം ചെയ്യും

മുംബൈ: മുംബൈ ആഡംബരക്കപ്പലിൽ നിന്നും ലഹരിമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. ആര്യൻ ഖാനും അനന്യ പാണ്ഡെയും തമ്മിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസിൽ അനന്യയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടുമണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്.

ബുധനാഴ്ച, മുംബൈയിലെ ബാന്ദ്രയിലുള്ള അനന്യയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് അനന്യയുടെ ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പരിശോധനയ്‌ക്കായി പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് വൈകുന്നേരം നാല് മണിയോടെ നടൻ അച്ഛൻ ചങ്കി പാണ്ഡെയ്‌ക്കൊപ്പം എൻസിബി ഓഫീസിലെത്തി.

വെള്ളിയാഴ്ച നാലു മണിക്കൂറും അനന്യയെ ചോദ്യം ചെയ്തു. ആര്യൻ ഖാന്‌ കഞ്ചാവ് എത്തിച്ചു നൽകാമെന്നു വാട്‌സാപ് ചാറ്റിൽ പറഞ്ഞത് സൗഹൃദ സംഭാഷണത്തിനിടയിലെ വെറും തമാശ മാത്രമാണെന്നാണ് അനന്യ എൻസിബി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ലഹരി ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആര്യനുമായി ലഹരിക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും അനന്യ പറയുന്നു.

എന്നാൽ, 2018-19ൽ അനന്യ ആര്യനു ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും 3 തവണ സഹായിച്ചെന്നും വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്നും എൻസിബി അവകാശപ്പെടുന്നു. ആര്യന്റെ ചാറ്റിൽ നിന്നുള്ള വിവരമനുസരിച്ച് 24 വയസ്സുള്ള ലഹരി ഇടപാടുകാരനെ കസ്റ്റഡിയിൽ എടുത്തതായും അധികൃതർ പറഞ്ഞു.

അതിനിടയിൽ കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തിയിരുന്നു. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഒടുവിൽ കിംഗ് ഖാൻ എത്തിയിരുന്നു. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്.

അതിനിടയിൽ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തിരമായി പരിഗണിക്കണം എന്നായിരുന്നു ആര്യൻ ഖാന്റെ അഭിഭാഷകന്റെ ആവശ്യം. വാദം വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കണം എന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ഇന്നലെ സെഷൻസ് കോടതി ആര്യന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീൽ ഇന്നലെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എൻ.സി.ബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണമായും അംഗീകരിച്ചു. എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാൻ ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കഴിയുന്നത്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനും സുഹൃത്ത് അര്‍ബാസ് മെർച്ചന്റും ഉള്‍പ്പെടെ എട്ടു പേർ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആര്യന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ജാമ്യം നൽകിയില്ല. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എന്‍സിബി ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇന്നലെ കോടതിയിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close