INDIANEWSTop News

സമീർ വാങ്കഡെയുടെ പരാതി വ്യാജമെന്ന് മുംബൈ പോലീസ്; രഹസ്യ നിരീക്ഷണമില്ല; ഉദ്യോഗസ്ഥർ സെമിത്തേരിയിൽ പോയത് മറ്റൊരു കേസിന്റെ ആവശ്യത്തിനെന്ന് റിപ്പോർട്ട്

മുംബൈ: മുംബൈ പോലീസ് തന്നെ പിന്തുടരുകയാണെന്ന എൻസിബി ഡയറക്ടർ സമീർ വാങ്കഡെയുടെ പരാതി വ്യാജമെന്ന് മുംബൈ പോലീസ്. ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്ന് മുംബൈ പോലീസ് തന്നെ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റിന് പിന്നാലെ തന്റെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് സമീർ വാങ്കഡെ പരാതി നൽകിയത്.

സമീര്‍ വാങ്കഡെയുടെ മാതാവിനെ അടക്കം ചെയ്തിരിക്കുന്നതും അദ്ദേഹം പതിവായി സന്ദര്‍ശിക്കുന്നതുമായ സെമിത്തേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ ശേഖരിച്ചതായി ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച വാങ്കഡെ വിഷയം ഗൗരവകരമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ സെമിത്തേരിയിൽ പോയത് മറ്റൊരു കേസിന്റെ ആവശ്യത്തിനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് മോഷണക്കേസിലെ ആവശ്യത്തിന് വേണ്ടിയാണ്. ആരോപണവിധേയനായ പോലീസ് കോൺസ്റ്റബിൾമാർ സമീർ വാങ്കഡെയെ നേരിട്ട് കണ്ടിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ ഡിജിപിയ്‌ക്ക് കൈമാറും. ഒഷിവാര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം നൽകിയാണ് സമീർ വാങ്കഡെ മഹാരാഷ്‌ട്ര ഡിജിപിയ്‌ക്ക് പരാതി നൽകിയത്.

ആര്യൻ ഖാനടക്കം പ്രതിയായ ലഹരി മരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു. മുംബൈ പൊലീസോ സർക്കാർ നിയോഗിക്കുന്ന പ്രത്യേക കമ്മീഷനോ കേസിൽ സമാന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതാണ്. നാർകോടിക്സ് ബ്യൂറോയ്ക്കെതിരായ എൻസിപി നിലപാടിനൊപ്പമാണ് കോൺഗ്രസും ശിവസേനയും. ഈ വിവാദത്തിനിടൊണ് സമീർ വാങ്കഡേയുടെ ഈ പരാതി. എൻസിബി ഉദ്യോഗസ്ഥനെ പിന്തുടരാൻ ഉത്തരവുകളൊന്നുമില്ല എന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close