Breaking NewsKERALANEWSTop News

വരുമാനം നിലച്ചിട്ട് ഒരുവർഷത്തിലേറെ; ശിക്കാര വള്ളമിറക്കാൻ അനുമതി കാത്ത് മൺറോതുരുത്തിലെ തുഴക്കാർ

കൊല്ലം: കോവിഡ് മഹാമാരിയെ തുടർന്ന് വിനോദ സഞ്ചാര മേഖല സ്തംഭിച്ചതോടെ കൊല്ലം ജില്ലയിലെ മൺറോതുരുത്ത് എന്ന ​ഗ്രാമവും പ്രതിസന്ധിയിലായി. അഷ്ടമുടിക്കായലിനോടും കല്ലടയാറിനോടും ചേർന്ന് കിടക്കുന്ന തുരുത്തിലെ ജനങ്ങളുടെ പ്രധാന വരുമാനമാർ​ഗങ്ങളിൽ ഒന്നായിരുന്നു ടൂറിസം. മൺറോതുരുത്തിന്റെ ഭം​ഗി നുകരാൻ എത്തുന്ന സ്വദേശികളും വിദേശികളും അടക്കമുള്ളവരെ കല്ലടയാറ്റിലും അഷ്ടമുടിക്കായലിലും ശിക്കാര വള്ളങ്ങളിൽ നാടിന്റെ ഭം​ഗി കാട്ടിക്കൊടുത്തും ചരിത്രം പറഞ്ഞും ജീവിതം നയിച്ചിരുന്നവർ ഒരു വർഷത്തിലേറെയായി പട്ടിണിയിലാണ്.

മുന്നൂറോളം തുഴക്കാരാണ് മൺറോത്തുരുത്തിൽ വിനോദസഞ്ചാരികളെ ആശ്രയിച്ചു ജീവിതം നയിക്കുന്നത്. മൺറോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് ഭീതി അകന്നതോടെ ശിക്കാരവള്ളങ്ങളിറക്കാൻ അനുമതി കാക്കുകയാണ് തുഴക്കാരും കുടുംബങ്ങളും. ഇതോടൊപ്പം ചെറിയ വ്യാപാരസ്ഥാപനങ്ങൾ നടത്തിയും മറ്റ്‌ അനുബന്ധ തൊഴിലുകൾ ചെയ്തും ഉപജീവനം നടത്തുന്നവരുമുണ്ട്. വള്ളങ്ങൾ ഏറെനാൾ കരയ്ക്കടുപ്പിച്ചിരുന്നാൽ അറ്റകുറ്റപ്പണികൾക്കുംമറ്റും വൻ തുക ചെലവാക്കേണ്ടിവരും.

കോവിഡ് പടർന്നുപിടിച്ചതോടെ വിദേശ വിനോദസഞ്ചാരികളകന്ന് തുരുത്തിലെ ജനങ്ങൾ ഒരുവർഷത്തോളമായി പട്ടിണിയിലായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ നാട്ടുകാരായ വിനോദസഞ്ചാരികൾ വന്നുതുടങ്ങി ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചുതുടങ്ങിയതായിരുന്നു. സന്തോഷം ആഴ്ചകൾമാത്രമേ നീണ്ടുള്ളൂ. അപ്പോഴേക്കും രണ്ടാം തരംഗമെത്തി. മൺറോത്തുരുത്തിൽ കോവിഡ് വ്യാപനനിരക്ക് ഉയർന്നുനിന്നതിനാൽ വിനോദസഞ്ചാരമേഖലയാകെ അടച്ചിടേണ്ടിവന്നു. ഇപ്പോൾ തുരുത്തിലെ കോവിഡ് വ്യാപനനിരക്ക് പൂജ്യമായിരിക്കുകയാണ്.

കോവിഡ് വ്യാപനനിരക്ക് കുറഞ്ഞത് വിനോദസഞ്ചാരമേഖലയിൽ തൊഴിൽ കണ്ടെത്തിയിരുന്നവർക്ക്‌ പ്രതീക്ഷയേകുന്നു. ആഗോളതാപനത്തിന്റെ ഇരകളായി തൊഴിലും കിടപ്പാടവും കൃഷിയും നാശത്തിലായ തുരുത്തിലെ ജനങ്ങളുടെ ഏക പ്രതീക്ഷയായിരുന്നു വികസിച്ചുവന്ന വിനോദസഞ്ചാരമേഖല. കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ അതും പ്രതിസന്ധിയിലായി. വിനോദസഞ്ചാരമേഖലയ്ക്കും സർക്കാർ ഇളവുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് മൺറോത്തുരുത്തുകാർ.

കോവിഡ് പിടിച്ചുനിർത്തി ശ്രദ്ധേയമായ പഞ്ചായത്താണ് മൺറോതുരുത്ത്. രോ​ഗവ്യാപനത്തിന്റോ തോത് കുറവാണെന്ന് മാത്രമല്ല, കോവിഡ് മരണങ്ങളുടെ എണ്ണത്തിലും മൺട്രോതുരുത്ത് കേരളത്തിനാകെ മാതൃകയാകുകയാണ്. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു വർഷത്തിനിടെ 719 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. കോവിഡ് മരണങ്ങളാകട്ടെ വെറും നാലിൽ ഒതുങ്ങി. ജില്ലയിൽ കോവിഡിന് ഏറ്റവും അവസാനം പിടികൊടുത്ത പഞ്ചായത്തിലൊന്നാണ് മൺട്രോത്തുരുത്ത്. 2020 ജൂൺ 18 നാണ് പഞ്ചായത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്കാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിട്ട് അപ്പോൾ മൂന്ന് മാസങ്ങൾ കഴിഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close