
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെയും സംഘത്തെയും മര്‍ദിച്ച മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അടക്കം സംഭവത്തില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെ കേസെടുത്തു. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗ സ്ഥലത്ത് പ്രതിഷേധത്തിനെത്തിയതായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
മന്ത്രി എം.വി.ഗോവിന്ദന്റെ പഴ്സനല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട് ജോര്‍ജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷജീര്‍, സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, സിപിഎം നേതാവ് പി.ജയരാജന്റെ ഗണ്മാന് എന്നിവര്‍ മര്‍ദിച്ചതായാണ് റിജില്‍ പരാതി നല്‍കിയിരുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
അതേസമയം പൊലീസിനെ ആക്രമിച്ചുവെന്ന കേസില്‍ റിജില്‍ മാക്കുറ്റിയടക്കം 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കായികമായി നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി രംഗത്തെത്തിയിരുന്നു.
‘ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടിവന്നാലും പിറകോട്ടില്ലെന്നും റിജില്‍ വ്യക്തമാക്കി. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്, ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്’ അദ്ദേഹം പറഞ്ഞു.
പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് സിപിഎം നേതാവ് എം.വി.ജയരാജന് ആരോപിച്ചിരുന്നു. മന്ത്രി എംവി ഗോവിന്ദന് അടക്കമുള്ളവരായിരുന്നു വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചുപേര്‍മാത്രം ദിനേശ് ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല. അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചു.