KERALANEWSTop News

മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോലും അയൽവാസികൾ ഇല്ലാതെ നിശബ്ദമായി രഖിലിന്റെ വീട്; മാനസയുടെ പാർവണം വീട്ടിൽ നിന്ന് നിലയ്ക്കാതെ ഉയരുന്നത് നിലവിളികൾ മാത്രം; തോക്കിനൊപ്പം രഖിലിനു ലഭിച്ചത് കൃത്യമായ പരിശീലനം

പ്രതിസ്ഥാനത്താണെങ്കിലും രഖിലിനെ നഷ്ടപ്പെട്ട വേദനയിലാണ് അച്ഛൻ രഘൂത്തമനും അമ്മ രജിതയും. കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാൻ ആകുന്നതിലും അധികം ആഘാധമാണ്‌ ഏറ്റിരിക്കുന്നത്. മകൻ മരിച്ചു എന്നതിലുപരി പ്രതിസ്ഥാനത്ത് നിൽക്കുന്ന മകൻ വലിയൊരു ക്രൂരകൃത്യം ചെയ്തതിന് ശേഷം ജീവനൊടുക്കി എന്ന വേദനയാണ് മാതാപിതാക്കൾക്ക്. ആശ്വസിപ്പിക്കാൻ പോലും അയൽവാസികൾ ഇല്ലാതെ നിശബ്ദമായിരുന്നു ഈ വീട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രഖിലിന്റെ മൃതദേഹം വീട്ടിലെത്തിച്ച് കുറച്ചുപേർക്ക് കാണാൻ അവസരമുണ്ടാക്കിയ ശേഷം തൊട്ടടുത്തുള്ള വലിയ ശ്മശാനത്തിൽ സംസ്‌കരിക്കും.

നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ സംഭവ ദിവസം രാത്രി വരെ ആരും ഒന്നും അറിഞ്ഞിരുന്നില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ‌ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞില്ല. സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു.

പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്. ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി. പിന്നെ നിലവിളിയായി. രണ്ട് ദിവസം മുമ്പ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ പറഞ്ഞിരുന്നു.

അതേ സമയം കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം നാറാത്ത് രണ്ടാം മൈലിലുള്ള വീട്ടിൽ എത്തിച്ചു. വികാര നിർഭരമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മാനസയുടെ ചേതനയറ്റ ശരീരം കണ്ട് വാവിട്ട് നിലവിളിച്ച അച്ഛൻ മാധവനെയും അമ്മയെയും ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും അയൽവാസികളും നിലവിട്ട് കരയുന്ന രംഗങ്ങളായിരുന്നു. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന അമ്മാവന്മാർക്കും പിടിച്ചുനിൽക്കിനായില്ല. വെള്ളിയാഴ്ച ടിവിയിൽ മകളുടെ മരണവാർത്ത കേട്ടപ്പോൾത്തന്നെ തളർന്നുവീണുപോയ അവസ്ഥയിലായിരുന്നു അമ്മ സബിതയുടേത്.അനുജൻ അശ്വന്തും ചേതനയറ്റ പെങ്ങളുടെ ശരീരം കണ്ട് വിറങ്ങലിച്ചു. പാർവണം വീട്ടിൽ നിന്ന് നിലയ്ക്കാതെ ഉയരുകയാണ് നിലവിളികൾ. രാവിലെ ഒമ്പത് മണിയോടെ കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ മാനസയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും.

അതേ സമയം രഖിൽ സുഹൃത്തിനൊപ്പം ബിഹാറിൽ പോയിരുന്നുവെന്നും കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇത് തോക്കു സംഘടിപ്പിക്കാനാകാം എന്നു കരുതുന്നു. ശരീരത്തോടു തോക്കു ചേർത്തുവച്ചാണു മാനസയ്ക്കു നേരെയും സ്വയവും രഖിൽ 3 തവണ വെടിയുതിർത്തത്.

തോക്കു ലഭ്യമായതിനൊപ്പം വെടിയുതിർക്കാനുള്ള പരിശീലനവും രഖിലിനു ലഭിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ സംശയം. പരിശീലനം ലഭിക്കാതെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്താൽ രഖിൽ ഉപയോഗിച്ച തരം പിസ്റ്റൾ കൈയിൽനിന്നു തെറിക്കും. എന്നാൽ 3 തവണ വെടിയുതിർത്തിട്ടും തോക്കു തെറിച്ചിട്ടില്ല. ഇത് പരിശീലനം ലഭിച്ചതിന് തെളിവാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close