KERALANEWSTrending

മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷം;ജീവിതം തകർന്നെന്ന് സഹോദരന് മെസേജ് ;മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ ശ്രമം;രഖിൽ നടത്തിയത് നാടകീയ നീക്കങ്ങൾ

കോതമംഗലം കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരുകയാണ് . മാനസയുമായുള്ള ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് രഖിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു. കൂടാതെ വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഗൾഫിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും രഖിൽ കുടുംബത്തെ അറിയിച്ചിരുന്നു.ജോലിക്കെന്നും പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും പോയത്.എന്നാൽ, മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്നാണ് സഹോദരന്റെ വെളിപ്പെടുത്തൽ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ പറഞ്ഞു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.

രഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസിപറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല.

ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു. രഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. രഖിൽ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.നിലവിൽ രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാളുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയോടെ ഇവർ കണ്ണൂരിലെത്തിയെന്നാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നുള്ള വിവരം.

രഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. തോക്ക് മോഷ്ടിച്ചതാണോ അതോ ഏതെങ്കിലും കള്ളക്കടത്ത് സംഘങ്ങളിൽനിന്ന് വാങ്ങിയതാണോ എന്നതാണ് സംശയം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഖിലിന്റെ ഫോണും വീട്ടിലെ മുറിയും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

എം.ബി.എ. പഠനം പൂർത്തീകരിച്ച രഖിലിന് നാട്ടിൽ ആരുമായും വലിയ സൗഹൃദങ്ങളില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പഠനത്തിന് ശേഷം ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തുവരികയായിരുന്നു. മൂന്നു ദിവസം മുമ്പാണ് വീട്ടിൽ അവസാനം വന്നത്. ഇടയ്ക്കിടെ ജോലിയുടെ ഭാഗമായി എറണാകുളത്തും കോഴിക്കോടും താമസിച്ചിരുന്നതിനാൽ ആർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നതോടെയാണ് രഖിൽ കോതമംഗലത്തേക്കാണ് വന്നതെന്നും കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്നതും ബന്ധുക്കൾ അറിഞ്ഞത്. തോക്കുമായെത്തി പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത് രഖിലാണെന്ന വിവരമറിഞ്ഞ് തങ്ങൾ ഞെട്ടിയെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.

അതേസമയം മാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇരുവരുടെയും മൃതദേഹങ്ങൾ ഇപ്പോൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. ഉച്ചയോട് കൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.ഇവരുടെ ബന്ധുക്കൾ ഇന്നലെ രാത്രിതന്നെ കോതമംഗലത്തെത്തിയിരുന്നു.

ഇന്നലെ വൈകിട്ടാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജനായ കണ്ണൂർ നാറാത്ത് രണ്ടാം മൈലിൽ പാർവണത്തിൽ വിമുക്തഭടനായ പി.വി. മാധവന്റെയും അദ്ധ്യാപികയായ സബീനയുടെയും മകൾ പി.വി. മാനസ കൊല്ലപ്പെട്ടത്. കണ്ണൂർ പാറയാട് മേലൂർ രാഹുൽ നിവാസിൽ രഗിൽ വാടക വീട്ടിൽ അതിക്രമിച്ചുകയറിയാണ് കൃത്യം നടത്തിയത്. മാനസയെ വെടിവച്ചുകൊന്ന ശേഷം ഇയാൾ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close