KERALANEWS

ലോക ചരിത്രത്തിൽ പോലും ഒരു സംഘടനക്ക് ഇത്രയും മികച്ചൊരു നേതൃത്വമില്ല; ഹരിതയെ പിരിച്ചുവിട്ട നടപടി മുസ്ലീം ലീഗ് നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണെന്നും നൂർബിന റഷീദ്

ലോക ചരിത്രത്തിൽ പോലും ഒരു സംഘടനക്ക് ഇത്രയും മികച്ചൊരു നേതൃത്വമില്ലെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഹരിതയെ പിരിച്ചുവിട്ട നടപടി മുസ്ലീം ലീഗ് നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണെന്നും നൂർബിന റഷീദ് വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കവെയാണ് നൂർബിന മുസ്ലീം ലീ​ഗ് നേതൃത്വത്തെ കുറിച്ച് വാചാലയായത്.

‘മുസ്ലീം ലീഗ് എന്ന പാർട്ടിക്കുള്ളത് സമുന്നതരായ പാണക്കാട് കുടുംബം നയിക്കുന്ന നേതൃത്വമാണ്. ഇതര രാഷ്ട്രീയ പാർട്ടിയിൽ നിന്നും വിഭിന്നമായ നേതൃത്വമാണ് ലീഗിന്റേത്. ലോക ചരിത്രത്തിൽ പോലും ഇത്രയും നല്ലൊരു നേതൃത്വം മറ്റൊരു പാർട്ടിക്കും ഉണ്ടാവില്ല. പാർലമെന്ററി വ്യാമോഹം ഇല്ലാത്ത പ്രസ്ഥാനമാണ്. നേതൃത്വം വളരെ ആലോചിച്ചെടുത്ത തീരുമാനമായിരിക്കും. എല്ലാവശങ്ങളും ചർച്ചചെയ്‌തെടുത്ത തീരുമാനമായിരിക്കും.’ നൂർബിന റഷീദ് പറഞ്ഞു. ഇന്ന് പൊട്ടിമുളച്ചതല്ല ലീഗിന്റെ വനിതാ പ്രാതിനിധ്യമെന്നും നൂർബിന റഷീദ് പറഞ്ഞു.

ഹരിതയെ പിരിച്ചു വിട്ട നടപടി മുസ്ലീം ലീഗ് ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. ഹരിതയെ പിരിച്ചുവിട്ട നടപടി അന്തിമ തീരുമാനമാണെന്നും പാർട്ടിക്ക് എല്ലാവരും പ്രവർത്തകർ മാത്രമാണെന്നും അവിടെ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നും എംകെ മുനീർ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി പുരുഷ കേന്ദ്രീകൃതമാണെങ്കിൽ ഹരിത എന്ന സംഘടന പോലും ഉണ്ടാകില്ലായിരുന്നുവെന്നും എംകെ മുനീർ കൂട്ടിചേർത്തു.

മുസ്ലീം ലീ​ഗ് ഉന്നതാധികാര സമിതിയാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്. ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആണ് ഹരിത പിരിച്ചുവിട്ട കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ പരാതി ഉയർത്തിയ വിദ്യാർത്ഥിനികളുടെ ഇനിയുള്ള നീക്കം നിർണായകമാകും. നേരത്തേ ഹരിത നേതാക്കളെ ഡിവൈഎഫ്ഐയിലേക്ക് സ്വാ​ഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എ എ റഹീം രം​ഗത്ത് വന്നിരുന്നു.

ഹരിത നടത്തിയത് കടുത്ത ചട്ട ലംഘനമാണെന്നും പുതിയ കമ്മറ്റി നിലവിൽ വരുമെന്നും സലാം പറഞ്ഞു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം പറഞ്ഞു. നേരത്തേ ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന് പിന്നാലെയായിരുന്നു ലീഗിന്റെ നടപടി.

മുസ്ളീം ലീഗിനുള്ളിൽ നടക്കുന്നത് താലിബാനിസമാണെന്നായിരുന്നു നേരത്തേ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചു എന്ന ഹരിത സംഘടനയുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കോഴിക്കോട് വെള്ളയിൽ പോലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ വെള്ളയിൽ പോലീസ് കേസ് ചെമ്മങ്ങാട് വനിതാ സ്റ്റേഷന് കൈമാറീട്ടുണ്ട്. പാർട്ടിയിൽ നിന്ന് നീതി കിട്ടില്ലെന്ന്‌ ഉറപ്പായതോടെയാണ് വനിതാ കമ്മീഷനും ഹരിത നേതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഒപ്പിടാതെ ഹരിത ട്രഷറർ പി. എച്ച്‌ ആയിഷ മാറി നിന്നു. പാർട്ടിയെ പിച്ചിച്ചീന്താൻ എതിരാളികൾക്ക് ഇട്ടുകൊടുക്കാൻ താല്പര്യമില്ലാത്തതിനാലാണ് ഒപ്പിടാത്തതെന്ന് ആയിഷ പ്രതികരിച്ചു. വനിതാ കമ്മീഷനിൽ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഹരിത സംഘടന പ്രവർത്തകർ. മുസ്ലിം ലീഗിന്റെ വനിതകൾക്ക് മുഖ്യധാരയിലേക്ക് വരാനാകുന്നില്ലെന്ന് ആരോപിച്ച എ.എ. റഹീം ഹരിത നേതാക്കളെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിന്റെയും പ്രതികരണം. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതകമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാൽ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനെ തുടർന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കൾ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

എം.എസ്.എഫ്. നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ കൊടുത്ത പരാതി പിൻവലിക്കില്ലെന്ന് ഹരിത നേതാക്കൾ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തിൽ ഒതുക്കിയാൽ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്. എം.എസ്.എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഹരിത, വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. എന്നാൽ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്നത്

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കൾ പറഞ്ഞത്. താൻ വ്യക്തിപരമായോ ലിംഗപരമായോ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് പി.കെ. നവാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close