KERALANEWS

മുസ്ലീം ലീ​ഗിലെ പ്രശ്നങ്ങൾ സിപിഎമ്മിന്റെ സൃഷ്ടിയെന്ന് ആരോപണം; ലീ​ഗ് കോട്ടകളിൽ ചെങ്കൊടി പാറാൻ കാലമായെന്ന് വിലയിരുത്തൽ

മലപ്പുറം: മുസ്ലീം ലീ​ഗിലെ തമ്മിലടി സസൂക്ഷ്മം നിരീക്ഷിച്ച് സിപിഎം. നിലവിലെ സാഹചര്യം മുതലെടുത്ത് ലീ​ഗ് കോട്ടകളിൽ വിള്ളലുണ്ടാക്കി ചെങ്കൊടി പാറിക്കാനാണ് സിപിഎം കരുക്കൾ നീക്കുന്നത്. അതുകൊണ്ട് തന്നെ ലീ​ഗ് നേതാക്കൾ തമ്മിലുള്ള തർക്കത്തിന് എരിവും പുളിയും പകരാൻ സിപിഎം നേതാക്കൾ അണിയറയിൽ സജ്ജമാണ്. പി കെ കുഞ്ഞാലിക്കുട്ടി എന്ന മുസ്ലീം രാഷ്ട്രീയത്തിലെ അതികായനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിമർശനമാണ് ഇപ്പോൾ ലീ​ഗിനുള്ളിൽ ഉയരുന്നത്.

കേരള രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും പയറ്റി തെളിഞ്ഞ, മലപ്പുറത്തെ മുൻസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും രാഷ്ട്രീയ ജീവിതം തുടങ്ങിയ പി കെ കുഞ്ഞാലിക്കുട്ടി, ഇന്ന് കേരള രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമാണ്. ലീഗ് രാഷ്ട്രീയത്തെ അങ്ങേയറ്റം കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്ന കണ്ണികൂടിയാണ് കുഞ്ഞാലിക്കുട്ടി. യുഡിഎഫ് രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ കേന്ദ്രീകരിച്ച് ലീഗിൽ ഉണ്ടാവുന്ന വിവാദ പരാമർശങ്ങൾ അവിടെ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന കണ്ടെത്തൽ കൂടി സിപിഎം നടത്തുന്നുണ്ട്.

ലീഗിനുള്ളിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പ്രതിഷേധ സ്വരങ്ങൾക്ക് പിന്നിലെ ചരടുവലി നടത്തുന്നത് സിപിഎമ്മാണ് എന്ന. വിമർശനവും ശക്തമാണ് ഏറെക്കാലമായി പുകഞ്ഞിരുന്ന അമർഷങ്ങളെ പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിക്കാൻ സിപിഎമ്മിനായി. ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ പരോക്ഷമായ ഇടപെടൽ നടത്തുകയാണ് സിപിഎം. കെ ടി ജലീലിനെയാണ് ഇതിനായി ചട്ടംകെട്ടിയിരിക്കുന്നത്.

സിപിഎം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി കെ ടി ജലീൽ നടത്തിയ ആദ്യഘട്ട നീക്കങ്ങൾ വിജയിച്ചതായുള്ള വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. ലീഗിലെ പുതിയ കലാപവും പൊട്ടിത്തെറിയും ഇതിന്റെ ഭാഗമായി ഉണ്ടായതാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. ലീഗിൽ തക്കം പാർത്തിരുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധർക്ക് പ്രതികരിക്കാൻ ശക്തി പകരുന്നതായിരുന്നു ജലീൽ നടത്തിയ പരാമർശങ്ങൾ.

പി കെ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ജലീൽ, നിയമസഭയിൽ തൊടുത്ത അസ്ത്രം ചന്ദ്രികയുടെ ഫണ്ട് വിവാദത്തിലും ലീഗ് സംസ്ഥാന അധ്യക്ഷനെതിരായ ഇ ഡി അന്വേഷണങ്ങളിലേക്കും തീ പടർത്തി. തനിക്കെതിരെ ഉയരുന്ന വിവാദം സിപിഎമ്മിന്റെ സൃഷ്ടിയാണെന്ന് കുഞ്ഞാലിക്കുട്ടിയും തിരിച്ചറിയുന്നുണ്ട്. സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നതിന്റെ കാരണവും ഇതാണ്.

പാർട്ടിക്കെതിരായ ഒരു വാക്കുപോലും അദ്ദേഹത്തിന്റെ വായിൽ നിന്നും വന്നിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഏതു തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടായാലും അതൊന്നും ലീഗ് പ്രസ്ഥാനത്തെ തളർത്താൻ തക്ക ശേഷിയുള്ളതല്ലെന്നും അതിനെയെല്ലാത്തിനെയും ഒറ്റകെട്ടായി നേരിടുമെന്നും വരുത്തി തീർക്കാനാണ് കുഞ്ഞാലികുട്ടി ശ്രമിക്കുന്നത്. കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. സമുദായത്തിന്റെ അവകാശങ്ങൾക്കും അവശ വിഭാഗങ്ങളുടെ ഉയർച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്ത് വരും.അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സിപിഎം സൃഷ്ടിച്ചതാണ്.

സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെഉയർന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാർട്ടിയാണ് ലീഗ്. ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കും. കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാർ മണ്ടൻ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ഓരോ കാര്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടി വരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്റലക്ച്വൽ മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ശനിയാഴ്ച മലപ്പുറത്ത് നടന്ന ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്ത സത്യവുമായി ഒരു പുലബന്ധവുമില്ലാത്തതെന്ന് കെ.പി.എ മജീദ് എംഎ‍ൽഎ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മുസ്്‌ലിംലീഗ് പാർട്ടിയെ സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കുക മാത്രമാണ് ലക്ഷ്യം. മുഈനലി തങ്ങളുടെ വിഷയം മാത്രമാണ് യോഗത്തിൽ ചർച്ച നടന്നത്. മറ്റൊരു വിഷയവും അജണ്ടയിലില്ലായിരുന്നു. വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഇടപെടൽ അനുചിതമായിരുന്നു എന്ന അഭിപ്രായത്തിൽ എല്ലാവരും ഒറ്റകെട്ടാണ്. ഈ വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തേണ്ടത് അനിവാര്യമാണ്.

അതിനു ശേഷം മാത്രമെ നടപടിയുണ്ടാവു. കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചു എന്ന രീതിയിൽ വരുന്ന ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. പാർട്ടിക്കെതിരെ പല വർത്തകളും വരാറുണ്ട്. പലതിലും ഒരുതരിയെങ്കിലും സത്യം കാണും. എന്നാൽ ഇതിൽ ഒരു വാചകം പോലും ശരിയല്ല. യോഗത്തിൽ പങ്കെടുത്ത 12 പേരും അവരുടേതായ അഭിപ്രായം പറഞ്ഞു. രണ്ടു പേർക്കെതിരെയും ഏതു തരം നടപടി വേണമെന്നായിരുന്നു ചർച്ചയുടനീളം നടന്നത്. അല്ലാതെ മറ്റൊന്നുമില്ല. വാർത്തകൾ വരുന്നത് നിർഭാഗ്യകരുമാണ്. പടച്ചുവിടുന്ന വാർത്തകളിൽ മാധ്യമങ്ങൾ അൽപമെങ്കിലും ഔചിത്യബോധം കാണിക്കണമെന്നും കെ.പി.എ മജീദ് കൂട്ടി ചേർത്തു. കെ.ടി ജലീലിനെതിരെ മാന നഷ്ടത്തിനു കേസു കൊടുക്കമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മാനവുള്ളവർക്കെതിരെയല്ലെ മാന നഷ്ടത്തിനു കേസു കൊടുക്കാനാവു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close