യുഡിഎഫ് സമരത്തില് മുസ്ലീം ലീഗിന്റെ കൊടിക്ക് വിലക്ക്; നിർബന്ധമെങ്കിൽ പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ ഉപദേശിച്ച് കോൺഗ്രസ് നേതാവ്

തിരുവന്തപുരം: യുഡിഎഫ് സമരത്തിൽ മുസ്ലീം ലീഗിന്റെ കൊടി കെട്ടുന്നത് കോൺഗ്രസ് നേതാവ് വിലക്കിയതായി പരാതി. സമര വേദിയിൽ കെട്ടിയ ലീഗിന്റെ കൊടി കോൺഗ്രസ് നേതാവ് എടുത്തെറിഞ്ഞെന്നാണ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ ആരോപിക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനൽകുമാറിനെതിരായണ് പരാതി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തിൽ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിക്കിടെയാണ് സംഭവം. ലീഗിന്റെ കൊടി പാകിസ്താനിൽ കൊണ്ടുപോയി കെട്ടാൻ പറഞ്ഞതായും നസീർ ആരോപിച്ചു.
‘യുഡിഎഫിന്റെ പരിപാടിയായതിനാലാണ് മുസ്ലീം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആർഎസ്പിയുടെ കൊടിയും അവിടെയുണ്ടായിരുന്നു. കൊടി കെട്ടിയതിന് പിന്നാലെ സനൽകുമാർ ഓടിവന്ന് ലീഗിന്റെ കൊടി എടുത്ത് വലിച്ചെറിയുകയായിരുന്നു. ലീഗിന്റെ കൊടി ഇവിടെ കെട്ടരുതെന്നും മലപ്പുറത്ത് കൊണ്ടുപോയി കെട്ടാനും പറഞ്ഞു. യുഡിഎഫിന്റെ പരിപാടിയല്ലേ ഇതെന്ന് ചോദിച്ചപ്പോൾ ലീഗിന്റെ കൊടി ഇവിടെ കെട്ടാൻ പറ്റില്ലെന്നും സനൽകുമാർ പറഞ്ഞു’, – നസീർ ആരോപിച്ചു.
യുഡിഎഫിലെ രണ്ടാമത്തെ ശക്തി മുസ്ലീം ലീഗാണെന്നും മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടികെട്ടുമെന്നും പറഞ്ഞപ്പോൾ നിനക്ക് അത്ര നിർബന്ധമാണെങ്കിൽ കൊടി പാകിസ്താനിൽ കൊണ്ടുപോയി കെട്ടാനാണ് സനൽകുമാർ ആജ്ഞാപിച്ചത്. ഇതുകേട്ടപ്പോൾ വല്ലാതെ സങ്കടമായി. ബിജെപിക്കാർ പോലും ഇങ്ങനെ പറയില്ലെന്നും ഇതാണോ കോൺഗ്രസുകാരുടെ പാരമ്പര്യമെന്നും നസീർ ചോദിച്ചു.
അതേസമയം ആരോപണം സനൽകുമാർ നിഷേധിച്ചു. കൊടി നട്ടാൻ വന്നപ്പോൾ സമ്മതിച്ചില്ലെന്നത് സത്യമാണ്. എന്നാൽ കൊടി വലിച്ചെറിയുകയോ ഇത്തരത്തിൽ പരാമർശം നടത്തുകയോ ചെയ്തില്ലെന്ന് സനൽകുമാർ പറഞ്ഞു. കോൺഗ്രസ് ആസൂത്രണം ചെയ്ത പരിപാടിയായിരുന്നു അത്. ഘടകക്ഷികളെ ക്ഷണിച്ചിരുന്നില്ല. ഒരു ഘടകകക്ഷി വന്നാൽ മറ്റുള്ളവർ പരാതി പറയുമെന്നതിനാലാണ് ലീഗുകാരോട് പോകാൻ പറഞ്ഞതെന്നും സനൽകുമാർ പറഞ്ഞു.