Breaking NewsKERALANEWSTop News

പെൺകുട്ടികൾക്ക് പരാതി പിൻവലിക്കാൻ പാർട്ടി നൽകിയിരിക്കുന്നത് ഇന്ന് പത്തുമണി വരെ സമയം; നിലപാടിൽ പ്രതിഷേധിച്ച് മുസ്ലീം ലീ​ഗിൽ രാജി

മലപ്പുറം: എംഎസ്എഫിലെ ലൈം​ഗികാരോപണ വിവാദം മുസ്ലീം ലീ​ഗിന് തലവേദനായകുന്നു. സംഭവത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മലപ്പുറം എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ബഷീർ കലമ്പൻ പാർട്ടിവിട്ടു. ഇദ്ദേഹത്തിന്റെ മകളും എംഎസ്എഫ് നേതാവിനെതിരെ പരാതി നൽകിയവരിൽ ഉൾപ്പെടുന്നു.

ഹരിത പ്രവർത്തകയായ മകളെക്കുറിച്ച് എം.എസ്.എഫ് നേതാവ് മോശം പരാമർശം നടത്തിയതിൽ പാർട്ടി നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പിലിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ മകൾ പരാതി നൽകിയിരുന്നത്.

അതേസമയം, എംഎസ്എഫ് നേതാക്കൾ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് വനിതാ കമ്മീഷന് പരാതി നൽകിയ എംഎസ്എഫ് വനിതാ നേതാക്കൾക്കെതിരെ ഭീഷണിയുമായി മുസ്ലീം ലീ​ഗ് രം​ഗത്തെത്തി. പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾക്ക് മുസ്ലീം ലീഗ് നേതൃത്വം അന്ത്യ ശാസനം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് രാവിലെ പത്തുമണിക്ക് മുമ്പ് പരാതി പിൻവലിക്കണം എന്നാണ് ഭീഷണി. ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നിക്കും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടിയെടുപ്പിക്കാനാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പടെയുള്ളവരുടെ ശ്രമം.

ജൂൺ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.കെ നവാസ് നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പൊതുമധ്യത്തിൽ സംസാരിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ അശ്ലീലച്ചുവയോടെയാണ് ചിത്രീകരിക്കുന്നതെന്നും വനിത കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് സംഘടനയിൽ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന്, എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയിരുന്നു. പൊലീസിന് നൽകിയ മൊഴിയിലും തൻ്റെ പരാതിയിൽ നജ്മ ഉറച്ച് നിന്നു.

പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇന്നലെ ചർച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങൾ പരാതി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡൻറ് പി.കെ നവാസ് അടക്കമുളളവർക്കെതിരെ നടപടി എടുക്കാതെ ഒത്തുതീർപ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. അതേസമയം, അച്ചടക്ക ലംഘനം കാട്ടി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ഹരിത നേതാക്കൾക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ വനിതാ പ്രാതിനിധ്യമടക്കമുളള പ്രശ്നങ്ങൾ ചർച്ചയാക്കിയ ഹരിത നേതാക്കളെ നിയന്ത്രിക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് നിർദ്ദേശവും നൽകിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാണ് എംഎസ് എഫ് നേതാക്കൾക്ക് എതിരെ വനിതാ വിദ്യാർത്ഥി വിഭാഗത്തിന്റെ ആക്ഷേപം. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് എതിരെ താക്കീതിൽ കവിഞ്ഞ നടപടിയ്ക്ക് സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. വനിതാ കമ്മീഷന് നൽകിയിരിക്കുന്ന പരാതി പിൻവലിച്ചാൽ പികെ നവാസിനെ പരസ്യമായി ശാസിക്കാം എന്നായിരുന്നു എന്നായിരുന്നു ലീഗ് നേതാക്കളുടെ വാഗ്ദാനം. എന്നാൽ പരാതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് വനിതാ നേതാക്കളുടെ തീരുമാനം. ഹരിത നേതാക്കളുമായി പാണക്കാട് വെച്ച് ചേർന്ന ചർച്ചയിൽ ഇരു വിഭാഗവും നിലപാട് വ്യക്തമാക്കിയതായാണ് വിവരം. അതേസമയം പരാതി പിൻവലിച്ചില്ലെങ്കിൽ ഹരിത നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

എംഎസ്എഫ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിനെതിരെ ലീഗിന് പുറത്ത് സമുദായ നേതാക്കളും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. സമസ്ത നേതാവ് സമദ് പൂക്കോട്ടൂരാണ് രംഗത്തുവന്നത്. ആഭ്യന്തര പ്രശ്‌നം തെരുവിൽ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്‌നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘വിചാരം’ വേദിയിലാണ് വിവാദ പരാമർശം.

മറുവശത്ത് വനിതാ കമ്മീഷന് ഹരിത നേതാക്കളുടെ പരാതി പൊലീസിന് കൈമാറി കഴിഞ്ഞു. പഴുതടച്ച അന്വേഷണത്തിനുള്ള ശ്രമത്തിലാണ് പൊലീസ്. എം.എസ്.എഫിന്റെ നേതൃത്വത്തിലെ പ്രമുഖർക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ വിഷയത്തിൽ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികൾക്കെതിരായ നടപടിയുണ്ടാകുക.

ഹരിത ഭാരവാഹികൾ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്നും നടപടിയുണ്ടാകുമെന്നും പിഎംഎ സലാം മുന്നറിയിപ്പ് നൽകിയിരുന്നു. എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചതായി വാർത്തകളിൽ നിന്ന് അറിയാൻ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസിൽ ഒറ്റക്കും കൂട്ടായും ചർച്ചകൾ നടത്തിയതാണ്. പിഎംഎ സലാം പറഞ്ഞു.

‘എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വിളിച്ച് ചേർത്ത് ഒരു പകൽ മുഴുവനും ഈ വിഷയം ചർച്ച ചെയ്തതുമാണ്. മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ കുട്ടി അഹമ്മദ്കുട്ടി,എം.എസ്.എഫിന്റെ ചുമതലയുളള പാർട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നത്. ഹരിത ഭാരവാഹികളുമായി എം.എസ്.എഫ് ദേശീയ ഭാരവാഹികൾ ചർച്ച ചെയ്ത് റിപ്പോർട്ട് നൽകിയതാണ്. അതുമായി ബന്ധപ്പെട്ട തുടർനടപടികൾ പാർട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങൾ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ല.’ പിഎംഎ സലാം വിശദീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close