അറഫ സംഗമം കഴിഞ്ഞു; ഇന്ന് ജംറത്തുൽ അഖ്ബയിൽ കല്ലേറ്

മക്ക: ഇന്നലെ അറഫ സംഗമത്തിന് പിന്നാലെ ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായി ഇന്ന് ജംറത്തുൽ അഖ്ബയിൽ കല്ലേറ് കർമം നടക്കും. ഒന്നാംദിനത്തിൽ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ ഏഴു കല്ലുകൾ വീതമാണ് ഹാജിമാർ എറിയുക. തുടർന്ന് ബലി, തലമുണ്ഡനം, മക്കയിൽചെന്ന് ത്വവാഫ് കർമം എന്നിവയും നിർവഹിക്കും. ഹാജിമാർ ചൊവ്വാഴ്ച മിനയിൽതന്നെ തങ്ങും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മറ്റു മൂന്നുജംറകളിൽ ഏഴു കല്ലുകൾ വീതവും എറിയും.
തിങ്കളാഴ്ചയായിരുന്നു വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മന്ത്രധ്വനികൾ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീർഥാടകരാണ് അറഫാ സംഗമത്തിൽ പങ്കെടുത്തത്. പകൽ മുഴുവൻ പ്രാർഥനയിൽ അറഫയിൽ കഴിഞ്ഞ തീർഥാടകർ സൂര്യാസ്തമയത്തോടെ അറഫയിൽനിന്ന് മുസ്ദലിഫയിൽ പോയി.
കർശന കോവിഡ് മാനദണ്ഡങ്ങളോടെ മിനയിൽ ഞായറാഴ്ച താമസിച്ചശേഷമാണ് തിങ്കളാഴ്ച പുലർച്ചെ ഹജ്ജ് തീർഥാടകർ അറഫയിൽ എത്തിയത്. ഉച്ചയോടെ അറഫയുടെ അതിർത്തി പ്രദേശമായ നമിറ പള്ളിയിൽ നടന്ന വാർഷിക ഖുത്തുബയിൽ ഹാജിമാർ പങ്കെടുത്തു. ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീലയാണ് ഖുത്തുബ പ്രഭാഷണത്തിനും നമസ്കാരത്തിനും നേതൃത്വം നൽകിയത്.
സൂര്യാസ്തമയത്തോടെ ഹാജിമാർ അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് നീങ്ങി. രാത്രി ഹാജിമാരെല്ലാം മുസ്ദലിഫയിൽ ചെലവഴിച്ചു. മുസ്ദലിഫയിൽ വെച്ചാണ് ഹാജിമാർ മഗ്രിബ്, ഇഷാ നമസ്കാരങ്ങൾ നിർവഹിച്ചത്.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പെരുന്നാൾ ആഘോഷത്തിന് ഗൾഫ് നാടുകൾ ദിവസങ്ങൾക്കു മുമ്പുതന്നെ ഒരുങ്ങിയിരുന്നു. യു.എ.ഇ.യിൽ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. നമസ്കാരത്തിനും ഖുത്തുബയ്ക്കുമായി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. പ്രാർഥനയ്ക്ക് 15 മിനിറ്റ് മുൻപ് പള്ളി തുറക്കും. പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കും. കൂട്ടംചേരുന്നതിനും വിലക്കുണ്ട്. ഈദ് ആശംസനേരാനും പാരിതോഷികങ്ങൾ നൽകാനും ഡിജിറ്റൽമാർഗം തിരഞ്ഞെടുക്കാനാണ് നിർദേശം.