INSIGHTNEWS

അമേരിക്ക ഇറാഖ് അധ്യായവും അടയ്ക്കുമ്പോൾ…

പി പി മാത്യു

അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സേന പിൻവലിഞ്ഞതിനു പിന്നാലെ, ഇറാഖിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നു പ്രസിഡന്റ് ജോ ബൈഡൻ. പതിനെട്ടു വർഷം മുൻപ്, സദ്ദാം ഹുസൈൻ സർവംസംഹാരിയായ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നു ലോകത്തോടു പറഞ്ഞാണ് അന്നത്തെ യു എസ് പ്രസിഡന്റ് ജോർജ് ഡബ്ലിയു. ബുഷ് ഇറാഖിലേക്ക് പട്ടാളത്തെ അയച്ചത്. അതൊരു പച്ചക്കള്ളമായിരുന്നു എന്ന് പിൽക്കാലത്തു തെളിഞ്ഞെങ്കിലും ഊരിപ്പോരാൻ പറ്റാത്ത അവസ്ഥയും നിക്ഷിപ്‌ത താല്പര്യങ്ങളും കൊണ്ട് അമേരിക്ക അവിടെ പിടിച്ചു നിന്നു. ഇപ്പോഴത്തെ അവസ്ഥ അതല്ല: സ്ഥലം വിടൂ എന്ന് ഇറാഖി ജനത ആവശ്യപ്പെട്ടത് ഒരു വര്ഷം മുൻപ് അധികാരമേറ്റ പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ ഭരണകൂടത്തിന് അവഗണിക്കാൻ കഴിയാത്ത കാലമായി.
വൈറ്റ് ഹൗസിൽ വച്ച് തിങ്കളാഴ്ച്ച പോരാട്ടങ്ങളിൽ നിന്നുള്ള യു എസ് പിന്മാറ്റം ബൈഡൻ പ്രഖ്യാപിച്ചത് ഖാദിമിയുമായുള്ള ചർച്ചകൾക്കു ശേഷമാണ്. ഇതോടെ സുഹൃത്തു കൂടിയായ ബുഷ് തുടങ്ങി വച്ച രണ്ടു യുദ്ധങ്ങൾക്കും ബൈഡൻ വിരാമം കുറിക്കുന്നു, ഔദ്യോഗികമായി.
അഫ്ഘാൻ പിന്മാറ്റം വലിയ ഭവിഷ്യത്തുകൾക്കു ഇടയാക്കുമെന്ന് ബുഷ് കഴിഞ്ഞ ദിവസം പറഞ്ഞത് അവിടെ താലിബാന്റെ മുന്നേറ്റം ഉണ്ടായി എന്നതു പരിഗണിച്ചാണ്. ഇറാഖ് വിഷയത്തിൽ ബുഷ് ഏറെക്കുറെ ഇതേ രീതിയിൽ പ്രതികരിക്കും എന്ന് കരുതണം. ബൈഡൻ തെരഞ്ഞെടുപ്പിൽ തട്ടിപ്പു നടത്തി എന്ന് ആവർത്തിച്ച് പറയുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവട്ടെ, മൗനത്തിലാണ്. കാരണം, ഈ രണ്ടു പിന്മാറ്റങ്ങളും ആവശ്യമാണെന്ന് തന്റെ ഭരണകാലത്തു അദ്ദേഹം വാദിച്ചിരുന്നു.
ഇറാഖിൽ 2,500 യു എസ് സൈനികരാണ് ഇപ്പോൾ ഉള്ളത്. ഇവരുടെ പ്രധാന ദൗത്യം തലവെട്ടു സംഘം എന്ന് അറിയപ്പെടുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ നേരിടാൻ ഇറാഖി സേനയ്ക്കു പരിശീലനം നൽകുക എന്നതാണ്. ഈ പരിശീലനം തുടരുമെന്ന് ബൈഡൻ പറയുന്നു. പോരാട്ടങ്ങൾക്ക് അമേരിക്കൻ പട്ടാളം ഇറങ്ങില്ല എന്നതാണ് പ്രധാനം.

അവർ ഇറങ്ങുമ്പോൾ സാധാരണക്കാർ കൊല്ലപ്പെടുന്നത് പതിവാണ്. പലപ്പോഴും അതിനെ ന്യായീകരിക്കാൻ കഴിയാതെ ഇറാഖി നേതൃത്വം പരുങ്ങേണ്ടി വരുന്നു. അമേരിക്കൻ സേന തെരുവിൽ ഇറങ്ങാതെ മാറി നിന്നാൽ ആ ബുദ്ധിമുട്ട് ഖാദിമിക്കും കൂട്ടർക്കും ഒഴിവായി കിട്ടും.
തെരഞ്ഞെടുപ്പിനെ നേരിടുന്ന ഖാദിമിക്ക് അതൊരു വലിയ സഹായമാകും എന്ന തിരിച്ചറിവിലാണ് ബൈഡൻ ഭരണകൂടം ഈ നീക്കം നടത്തുന്നത് എന്ന് യു എസ് മാധ്യമങ്ങൾ പറയുന്നു. കാരണം, ഇറാഖ് ഏറെ കാലത്തിനു ശേഷം കണ്ട ഭേദപ്പെട്ട നേതൃത്വമാണ് ഖാദിമിയുടേത്.

ഇറാനിൽ നിന്നുള്ള ഷിയാ പോരാളികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തി എന്നതാണ് അമേരിക്കയുടെ സന്തോഷം. അതേ സമയം ഇറാന്റെ ജനറൽ സുലൈമാനിയെ ട്രംപ് ഭരണകാലത്തു തെരഞ്ഞു പിടിച്ചു കൊലപ്പെടുത്തിയത് ജനരോഷത്തിനു കാരണമായി എന്ന നിലപാടും അദ്ദേഹം എടുത്തിട്ടുണ്ട്. ഇറാനെ അനുകൂലിക്കുന്ന ജനവിഭാഗങ്ങളുടെ പിന്തുണ ആർജിച്ചാൽ മാത്രമേ ഖാദിമിക്കു അധികാരത്തിലേറാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.
സുന്നി തീവ്രവാദികൾ നയിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടുന്ന ആഗോള സഖ്യത്തിൽ അമേരിക്ക വേണ്ട എന്നതാണ് ഷിയാ രാജ്യമായ ഇറാന്റെ നിലപാട്. അമേരിക്കൻ സൈനികരേ ഓടിച്ചു വിടാൻ അവരുടെ താവളങ്ങൾക്കു നേരെ ഷിയാ പോരാളികൾ ആക്രമണം നടത്തുന്നുമുണ്ട്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാഖിൽ അമേരിക്കയ്ക്ക് പിടിച്ചു നില്ക്കാൻ കഴിയാതെ വരണം എന്ന നിർബന്ധം ഇറാൻ മറച്ചു വച്ചിട്ടുമില്ല.
വർഷാന്ത്യത്തോടെ യു എസ് സൈനികർ മടങ്ങും എന്ന് പ്രഖ്യാപിച്ച ബൈഡൻ, ഭീകരതയ്ക്ക് എതിരായ സഹകരണം തുടരും എന്ന് ഖാദിമിയോട് പറഞ്ഞു. ഖാദിമി പറഞ്ഞ മറുപടി ഇങ്ങിനെ ആയിരുന്നു: “നമ്മുടെ ബന്ധം എന്നത്തെക്കാളൂം ഉപരി ശക്തി നേടുകയാണ്. നമ്മുടെ സഹകരണം സമ്പത് വ്യവസ്ഥ, പരിസ്ഥിതി, ആരോഗ്യം, സംസ്കാരം എന്നിങ്ങനെയുള്ള മേഖലകളിൽ ആണ് പ്രധാനമാവുക.”

വിദേശ സൈനികർ ഇറാഖിന്റെ മണ്ണിൽ ആവശ്യമില്ല എന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു. കണ്ണ് ഒക്ടോബർ 10നു നടക്കുന്ന തെരഞ്ഞെടുപ്പിലേക്കാണ് എന്നത് തന്നെ കാര്യം.
ബുഷ് വാഗ്‌ദാനം ചെയ്ത സ്വതന്ത്രവും സമാധാനപൂര്ണവുമായ ഇറാഖ് ഇന്നും വെറും സ്വപ്നം മാത്രമാണ്. ആഭ്യന്തര കലഹങ്ങളിലും ഭിന്നതകളിലും നിരന്തരം ചോര വീഴുന്ന മണ്ണ് തന്നെ ഇപ്പോഴും ഇറാഖ്. പത്തു വര്ഷം മുൻപ് ഇസ്ലാമിക സ്റ്റേറ്റ് പിടിമുറുക്കിയ ശേഷം രൂക്ഷമായി ഈ രക്ത ചൊരിച്ചിൽ. ഇറാഖി ജനതയ്ക്കു അമേരിക്കൻ സൈന്യത്തോട് സ്നേഹമൊന്നും ഉണ്ടാവേണ്ട കാര്യമില്ല. കാരണം അധിനിവേശ സേനയുടെ സ്വഭാവങ്ങൾ അവർക്കുണ്ട്. കൂടാതെ, അധിനിവേശം തുടങ്ങിയ ശേഷം ഇറാഖിലെ സൈനിക ജയിലുകളിൽ ആയിരക്കണക്കിന് ഇറാഖികളെ ഭീകരമായി പീഢിപ്പിച്ചിട്ടുണ്ട്. അതിൽ വലിയൊരു ശതമാനം നിരപരാധികൾ ആയിരുന്നു. ആർക്കും നിഷേധിക്കാൻ കഴിയാത്ത തെളിവുകളും ഇറാഖിലെ ജനങ്ങളുടെ കൈയിലുണ്ട്.
ഇറാൻ പോരാളികളെ ഓടിച്ചു വിടാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്ക് ഇറാഖികളുടെ പിന്തുണ ഉണ്ടെന്നു കരുതാനാവില്ല. അമേരിക്കയോട് അവർക്കു ആത്മബന്ധമൊന്നും ഇല്ല. ഇറാനോട് ഉണ്ട് താനും. കാരണം രണ്ടു രാജ്യങ്ങളും ഷിയാ ഭൂരിപക്ഷം ഉള്ളവയാണ്. സമീപത്തുള്ള സുന്നി രാജ്യങ്ങളുമായി പോലും ഇറാഖികൾക്കു സ്നേഹമൊന്നും ഇല്ല. തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാവുന്ന വിഷയമാകും അമേരിക്കൻ സാന്നിധ്യം. അതു കൊണ്ട് തെരുവിൽ നിന്നെങ്കിലും യു എസ് സൈനികരെ പിൻവലിക്കേണ്ടത് ഖാദിമിയുടെ ആവശ്യമാകുന്നു.

യു എസ് പിന്മാറ്റം അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾക്കു ആവേശമായി എന്ന സത്യം അവഗണിക്കാൻ ആവില്ല. എന്നാൽ ഇവിടെ രണ്ടു മൂന്ന് വിഷയങ്ങളുണ്ട്.
ഒന്ന്, അമേരിക്ക എത്ര കാലമാണ് സ്വന്തം സൈനികരെ കാവൽ നിർത്തി ആ രാജ്യത്തെ കാത്തു സൂക്ഷിക്കുക. താലിബാനെ നേരിടാനുള്ള കരുത്ത് അഫ്ഘാൻ സേനയ്ക്കുണ്ടെന്നു പ്രസിഡന്റ് ഗനി പറയുന്നു. അപ്പോൾ പിന്നെ അമേരിക്ക കാവൽ നില്കുന്നത് എന്തിനാണ്.
സൈനികരെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചു കൊണ്ട് പോവുക എന്ന ദൗത്യമാണ് ബൈഡൻ പ്രധാനമായി കാണുന്നത്.
രണ്ടാമതായി, വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ കാണുന്നത് താലിബാന്റെ മുന്നേറ്റം അത്ര ഗൗരവമായി മാറിയിട്ടില്ല എന്നതാണ്. നൂറോളം ജില്ലകൾക്കു വേണ്ടി കടുത്ത പോരാട്ടം നടക്കുന്നുണ്ട്. എന്നാൽ നഗര പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ഹെറാത്‌, കാണ്ഡഹാർ എന്നീ നഗരങ്ങളാണ് അവരുടെ ലക്‌ഷ്യം. പക്ഷെ രണ്ടിടത്തും അഫ്ഘാൻ സൈന്യം ശക്തമായി ചെറുത്തു നിൽക്കുന്നുണ്ട്. താലിബാൻ മുന്നേറിയ 25 വടക്കൻ ജില്ലകളിൽ നിന്ന് അവരെ തുരത്തി എന്ന് തിങ്കളാഴ്ച സൈന്യം പറഞ്ഞു. ഒരാഴ്ച കൊണ്ട് 1,500 താലിബാൻ പോരാളികളെ കൊന്നുവെന്നും അവർ പറയുന്നു.

എന്നാൽ വടക്കും വടക്കു കിഴക്കും താലിബാൻ നേട്ടമുണ്ടാക്കി എന്ന സത്യം മറച്ചു വയ്കാനാവില്ല. പിടിച്ചെടുത്ത ഇടങ്ങളിൽ അവർ കരം പിരിക്കുന്നുണ്ട്. പാക്കിസ്ഥാന്റെയും ചൈനയുടെയും പിന്തുണ അവർക്കുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ സൂക്ഷമായി നിരീക്ഷിക്കുന്നു എന്നാണ് വിദേശകാര്യ വകുപ്പിന്റെ വിശദീകരണം. അഫ്‌ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കാൻ ഖത്തർ മുൻകൈയെടുത്തു നടത്തിയ ചർച്ചകളിൽ ഇന്ത്യ പങ്കെടുത്തിരുന്നു. താലിബാൻ പങ്കാളിത്തമുള്ള ഒരു ഭരണകൂടം കാബൂളിൽ ഉണ്ടാവും എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
കാണ്ഡഹാർ, ഗാസ്‌നി, ഹെൽമണ്ട് എന്നിങ്ങനെ ദക്ഷിണ പ്രവിശ്യകളിൽ പിടി മുറുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് ഡൽഹി കരുതുന്നു. രാജ്യത്തിൻറെ 85% താലിബാന്റെ പിടിയിലാണെന്ന റിപോർട്ടുകൾ ഇന്ത്യ തള്ളിക്കളയുന്നു. എന്നാൽ 45% വരെ അവർ കൈയടക്കാം എന്ന ആശങ്ക തള്ളിക്കളയുന്നില്ല.
കാബൂളിലേക്കു താലിബാൻ എത്തുമെന്നും ഇന്ത്യ കരുതുന്നില്ല. അങ്ങിനെ സംഭവിച്ചാൽ ഇന്ത്യയുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാവാം എന്ന സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല.
പാക്കിസ്ഥാനിൽ നിന്ന് പോരാളികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു അഫ്ഘാൻ പ്രസിഡന്റ് പറയുന്നു. ജിഹാദി താൽപര്യങ്ങൾക്കു പുറമെ, ഇന്ത്യയെ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യവും പാകിസ്ഥാനുണ്ട് എന്ന് ഇന്ത്യ കരുതുന്നത് സ്വാഭാവികം മാത്രം.
മധ്യേഷ്യൻ രാജ്യങ്ങൾക്കു അഫ്‌ഗാനിസ്ഥാനിൽ നിന്ന് പടരുന്ന ഭീകരതയെ കുറിച്ച് ഭയമുണ്ട്. റഷ്യ ഭയപ്പെടുന്നത് ലഹരിമരുന്നിന്റെ ഒഴുക്കാണ്.

(ഗൾഫ് ടുഡേ മുൻ വേൾഡ് എഡിറ്റർ ആണ് ലേഖകൻ)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close